ഉത്തര്‍പ്രദേശില്‍ വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ 40 ശതമാനം സീറ്റുകളില്‍ വനിതാ സ്ഥാനാര്‍ത്ഥികള്‍ മത്സരിക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. വെറുപ്പിന്റെ രാഷ്ട്രീയത്തിന് സ്ത്രീകള്‍ അന്ത്യം കാണുമെന്നും സംസ്ഥാനത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി കൂടിയായ പ്രിയങ്ക ഗാന്ധി പറഞ്ഞു.
ജാതിയോ മതമോ നോക്കാതെ, യോഗ്യതയുടെ അടിസ്ഥാനത്തിലാകും വനിതാസ്ഥാനാര്‍ത്ഥികളെ തീരുമാനിക്കുക. തീരുമാനത്തിന് പിന്നില്‍ രാഷ്ട്രീയ ലക്ഷ്യങ്ങളോ മറ്റ് അജണ്ടകളോ ഇല്ല, സ്ത്രീ ശാക്തീകരണമാണ് ലക്ഷ്യമെന്നും പ്രിയങ്ക ഗാന്ധി വ്യക്തമാക്കി.
രാജ്യത്തിന്റെയും സമൂഹത്തിന്റെയും പുരോഗതിയില്‍ സ്ത്രീകള്‍ക്ക് പ്രധാന പങ്കുണ്ടെന്ന് പ്രിയങ്ക ഗാന്ധിയുടെ പ്രഖ്യാപനത്തിന് പിന്നാലെ കോണ്‍ഗ്രസിന്റെ ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡിലില്‍ പങ്കുവെച്ച ട്വീറ്റില്‍ പറയുന്നു. സ്ത്രീശാക്തീകരണം എന്ന വാഗ്ദാനം കോണ്‍ഗ്രസ് നിറവേറ്റാന്‍ പോവുകയാണെന്നും ട്വീറ്റില്‍ പറയുന്നുണ്ട്.