എസ്.എഫ്.ഐ പ്രവര്‍ത്തകന്‍ ധീരജിന്റെ രക്തസാക്ഷിത്വം സി.പി.ഐ.എം ആഘോഷിക്കുകയാണെന്ന് കോണ്‍ഗ്രസ് പ്രസിഡന്റ് കെ.സുധാകരന്‍.
ധീരജിന്റെ കൊലപാതകത്തിന് പിന്നാലെ കെ.സുധാകരന്‍ നടത്തിയ പരാമര്‍ശങ്ങള്‍ വിവാദമായിരിക്കെയാണ് സി.പി.ഐ.എം പിടിച്ചുവാങ്ങിയ രക്തസാക്ഷിത്വമാണ് ധീരജിന്റേതെന്ന കെ.പി.സി.സി പ്രസിഡന്റിന്റെ പരാമര്‍ശം.
''ധീരജിന്റെ കൊലപാതകത്തില്‍ കമ്മ്യൂണിസ്റ്റുകാര്‍ക്ക് ദുഃഖമല്ല, ആഹ്‌ളാദമാണ് എന്ന് നിങ്ങള്‍ മനസിലാക്കണം. ധീരജ് മരിച്ചു എന്നറിഞ്ഞപ്പോള്‍ എന്റെ നാട്ടിലെ കമ്മ്യൂണിസ്റ്റുകാര്‍ ആദ്യം ചെയ്തത് അദ്ദേഹത്തിന് സ്മാരകം കെട്ടേണ്ട ഭൂമി വിലകൊടുത്ത് വാങ്ങി രേഖയുണ്ടാക്കി എന്നതാണ്.
ദുഃഖിക്കേണ്ട സന്ദര്‍ഭത്തില്‍ അവിടെ രക്തസാക്ഷി മണ്ഡപമുണ്ടാക്കാന്‍ ഭൂമി വാങ്ങാന്‍ പോയി സി.പി.എമ്മുകാരന്‍. അവരുടെ സമ്മേളനത്തോടനുബന്ധിച്ച് തിരുവാതിരകളി നടത്തി ആഹ്‌ളാദിക്കുകയായിരുന്നു അവര്‍. ഒരു രക്തസാക്ഷിയെ കിട്ടിയത് ആഹ്‌ളാദപൂര്‍വ്വം കൊണ്ടാടുകയാണ് സി.പി.ഐ.എം,'' കെ സുധാകരന്‍ പറഞ്ഞു.
കെ.സുധാകരന്‍ പറഞ്ഞത്
കോണ്‍ഗ്രസിന്റെ രക്തസാക്ഷികളുണ്ടായതെല്ലാം പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും അറിഞ്ഞിട്ടാണെന്ന് നമുക്ക് വിശ്വസിക്കാം അല്ലെ. കഴിഞ്ഞ കുറേ ദിവസങ്ങളായി ഇടുക്കി എഞ്ചിനീയറിംഗ് കോളേജില്‍ അക്രമ സംഭവങ്ങള്‍ അരങ്ങേറുകയാണ്.
എഞ്ചിനീയറിംഗ് കോളേജില്‍ പൊതുവെ കെ.എസ്.യു ദുര്‍ബലമാണ്. ഇത്തവണ അതല്ല. ഇത്തവണ രണ്ടും കല്‍പ്പിച്ച് എന്റെ കുട്ടികള്‍ രംഗത്തിറങ്ങിയിരിക്കുകയാണ്. ഇത്തവണ അഭൂതപൂര്‍വ്വമായ വിജയമാണ് കെ.എസ്.യു നേടിയത്. ഏതാണ്ട് ഒമ്പത് കോളേജില്‍ തെരഞ്ഞെടുപ്പ് നടന്നു അതില്‍ ആറ് കോളേജുകളിലും ഞങ്ങള്‍ ജയിച്ചു നില്‍ക്കുകയാണ്.
വിജയം ഇല്ലാതാക്കാന്‍ ഹോസ്റ്റല്‍ കേന്ദ്രീകരിച്ച് ആഴ്ചകളായി പുറത്തുള്ള 'ഡിവൈഎഫ്‌ഐ ക്രിമിനലുകള്‍' 'ഗുണ്ടകള്‍' അവിടെ തമ്പടിച്ച് നില്‍ക്കുകയാണ്. ഇതിന് മുന്‍പ് അവിടെ രണ്ട് തല്ല് നടന്നു. യൂത്ത് കോണ്‍ഗ്രസിന്റെ മണ്ഡലം പ്രസിഡന്റിനെ തല്ലി ആശുപത്രിയിലാക്കി. ആശുപത്രിയില്‍ മുപ്പതാള്‍ കയറി അടിച്ച് അദ്ദേഹത്തെ മെഡിക്കല്‍ കോളേജിലാക്കി. മെഡിക്കല്‍ കോളേജില്‍ നിന്ന് അടിക്കാന്‍ പോയിടത്ത് നിന്ന് രക്ഷപ്പെട്ട് ഇപ്പോള്‍ മിഷന്‍ ഹോസ്പിറ്റലില്‍ കിടക്കുകയാണ് അദ്ദേഹം.
തെരഞ്ഞെടുപ്പിന് പൊലീസിന്റെ സംരക്ഷണം വേണമെന്ന് ആവശ്യപ്പെട്ട് കെ.എസ്.യുവിന്റെ ജില്ലാ പ്രസിഡന്റ് കത്ത് കൊടുത്തിട്ടുണ്ട്. കേരളത്തിലെ കലാശാലകളില്‍ സി.പി.ഐ.എം, ഡി.വൈ.എഫ്.ഐ, എസ്.എഫ്.ഐ സംയുക്തമായുണ്ടാക്കിയ കലാപത്തിന്റെ രക്തസാക്ഷിയാണ് ധീരജ്. പിടിച്ചുവാങ്ങിയ രക്തസാക്ഷിത്വമാണ് ധീരജിന്റേത്. അതില്‍ അവര്‍ക്ക് ദുഃഖമല്ല, ആഹ്‌ളാദമാണ് എന്ന് നിങ്ങള്‍ മനസിലാക്കണം. ധീരജ് മരിച്ചു എന്നറിഞ്ഞപ്പോള്‍ എന്റെ നാട്ടിലെ കമ്മ്യൂണിസ്റ്റുകാര്‍ ആദ്യം ചെയ്തത് അദ്ദേഹത്തിന് സ്മാരകം കെട്ടേണ്ട ഭൂമി വിലകൊടുത്ത് വാങ്ങി രേഖയുണ്ടാക്കി എന്നതാണ്.
ദുഃഖിക്കേണ്ട സന്ദര്‍ഭത്തില്‍ അവിടെ രക്തസാക്ഷി മണ്ഡപമുണ്ടാക്കാന്‍ ഭൂമി വാങ്ങാന്‍ പോയി സി.പി.എമ്മുകാരന്‍. അവരുടെ സമ്മേളനത്തോടനുബന്ധിച്ച് തിരുവാതിരകളി നടത്തി ആഹ്‌ളാദിക്കുകയായിരുന്നു അവര്‍. ഒരു രക്തസാക്ഷിയെ കിട്ടിയത് ആഹ്‌ളാദപൂര്‍വ്വം കൊണ്ടാടുകയാണ്. പൊലീസ് സേന രാഷ്ട്രീയവത്കരിക്കപ്പെട്ടിരിക്കുകയാണ്.