ഉന്നാവോയില്‍ ബലാത്സംഗത്തിന്‌ ഇരയായ പെണ്‍കുട്ടിയുടെ അമ്മ യുപിയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി; പ്രഖ്യാപിച്ച് പ്രിയങ്ക ഗാന്ധി

ഉന്നാവോയില്‍ ബലാത്സംഗത്തിന്‌
ഇരയായ പെണ്‍കുട്ടിയുടെ അമ്മ യുപിയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി; പ്രഖ്യാപിച്ച് പ്രിയങ്ക ഗാന്ധി
Published on

ഉന്നാവോയില്‍ ബലാത്സംഗത്തിന് ഇരയായ പെണ്‍കുട്ടിയുടെ അമ്മയെ സ്ഥാനാര്‍ത്ഥിയാക്കി കോണ്‍ഗ്രസ്. പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയാണ് സ്ഥാനാര്‍ത്ഥിയുടെ പേര് പ്രഖ്യാപിച്ചത്.

കേസില്‍ ബി.ജെ.പി എം.എല്‍.എ കുല്‍ദീപ് സിംഗ് സെന്‍ഗാര്‍ ശിക്ഷിക്കപ്പെട്ട് ജയിലിലാണ്. 2017ല്‍ സെന്‍ഗാര്‍ വിജയിച്ച അതേ മണ്ഡലത്തില്‍ തന്നെയാണ് കോണ്‍ഗ്രസ് ആഷാ സിംഗിനെ സ്ഥാനാര്‍ത്ഥിയാക്കിയത്.

ചൂഷണം ചെയ്യപ്പെട്ടവരുണ്ടെങ്കില്‍ കോണ്‍ഗ്രസ് നിങ്ങളെ പിന്തുണക്കുമെന്ന് സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് ശേഷം പ്രിയങ്ക ഗാന്ധി പറഞ്ഞു. ഉത്തര്‍പ്രദേശില്‍ എന്താണോ ഞാന്‍ തുടങ്ങിവെച്ചത് അത് ഞാന്‍ തുടരും. തെരഞ്ഞെടുപ്പിന് ശേഷവും ഞാന്‍ യു.പിയില്‍ തന്നെ തുടരും, പ്രിയങ്ക ഗാന്ധി കൂട്ടിച്ചേര്‍ത്തു.

കേസില്‍ സെന്‍ഗാറിനെതിരെ ബലാത്സംഗം, തട്ടിക്കൊണ്ടുപോകല്‍, ഭീഷണിപ്പെടുത്തല്‍ എന്നീ കുറ്റങ്ങള്‍ തെളിയ്ക്കാന്‍ സി.ബി.ഐക്ക് കഴിഞ്ഞിട്ടുണ്ടെന്ന് വിധി പ്രസ്താവത്തിനിടെ കോടതി പറഞ്ഞിരുന്നു.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് കൂല്‍ദീപ് സെന്‍ഗാറിനെതിരായ കേസ്. ഇതില്‍ പരാതിപ്പെട്ടതിനെ തുടര്‍ന്ന് പെണ്‍കുട്ടിയുടെ പിതാവിനെ കള്ളക്കേസില്‍ കുടുക്കുകയും അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.

സംഭവം ദേശീയ തലത്തില്‍ വാര്‍ത്തയാകുകയും വലിയ വിവാദത്തിന് ഇടയാക്കുകയും ചെയ്തിരുന്നു. കേസ് നടന്നു കൊണ്ടിരിക്കെ 2019 ജൂലായില്‍ യുവതിയും കുടുംബാംഗങ്ങളും സഞ്ചരിച്ച കാറില്‍ ട്രക്ക് ഇടിച്ച് ബന്ധുക്കളായ രണ്ടുപേര്‍ കൊല്ലപ്പെട്ടിരുന്നു. ഗുരുതരമായി പരിക്കേറ്റ യുവതി ഏറെ നാളത്തെ ചികിത്സയ്ക്ക് ശേഷമാണ് രക്ഷപ്പെട്ടത്.

Related Stories

No stories found.
logo
The Cue
www.thecue.in