എന്‍.എസ്.എസ് പിന്തുണ കൊണ്ടാണ് രമേശ് ചെന്നിത്തലയ്ക്ക് ലോക്‌സഭയില്‍ മത്സരിക്കാന്‍ സീറ്റ് കിട്ടിയതെന്ന ആലപ്പുഴ കെ.പി.സി.സി ജനറല്‍ സെക്രട്ടറി പ്രതാപവര്‍മ്മ തമ്പാന്റെ പ്രസംഗം വിവാദത്തില്‍. ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയും ഒതുക്കാന്‍ ശ്രമിച്ച കെ.സി വേണുഗോപാല്‍ പാര്‍ട്ടിയില്‍ ഉയരങ്ങളിലെത്തിയെന്നും തമ്പാന്‍ പറഞ്ഞു.
രമേശ് ചെന്നിത്തലയ്ക്ക് വേണ്ടി ഡി.സി.സി പ്രസിഡന്റ് ബി. ബാബു പ്രസാദ് ഹരിപ്പാട്ടെ സീറ്റ് ഒഴിഞ്ഞു നല്‍കിയ ആളാണെന്നും എന്നിട്ട് ഇപ്പോള്‍ കരഞ്ഞു നടക്കുകയാണെന്നും പ്രതാപവര്‍മ തമ്പാന്‍ പറഞ്ഞു.
പ്രസംഗത്തിനിടെ ബാബു പ്രസാദ് ഇടപെട്ടു. പിന്നാലെ ഷാനി മോള്‍ ഉസ്മാന്‍, എ എ ഷുക്കൂര്‍, എം ലിജു തുടങ്ങിയ നേതാക്കളും തമ്പാന്റെ പ്രസംഗത്തിനെതിരെ രംഗത്തെത്തി.
തമ്പാന്‍ മാപ്പ് പറയണമെന്ന ആവശ്യവുമായി ഹരിപ്പാട് നിന്നുള്ള ജില്ലാ ഭാരവാഹികള്‍ ആവശ്യപ്പെട്ടതോടെ യോഗം ബഹളത്തില്‍ കലാശിച്ചു. 1982ല്‍ ഹരിപ്പാട് മത്സരിക്കുകയും പിന്നീട് മന്ത്രിയാകുകയും ചെയ്ത ഒരു നേതാവിന് എന്‍.എസ്.എസ് ആവശ്യപ്പെട്ടിട്ട് വേണ്ട സീറ്റ് നല്‍കാന്‍ എന്ന് ഐ ഗ്രൂപ്പ് നേതാക്കള്‍ പറഞ്ഞു.
യോഗത്തിന് പിന്നാലെ ജനറല്‍ സെക്രട്ടറിയെ ജില്ലയുടെ ചുമതലയില്‍ നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ട് ആലപ്പുഴ ഡിസിസി കെപിസിസിക്ക് പരാതി നല്‍കി.