'ഇ.പി ജയരാജന്‍ തലയ്ക്ക് പിറകിലൊന്ന് തടവും'; ട്രെയിനില്‍വെച്ചുണ്ടായ വധശ്രമത്തിന് പിന്നില്‍ കെ. സുധാകരനെന്ന് കോണ്‍ഗ്രസ് നേതാവ്

'ഇ.പി ജയരാജന്‍ തലയ്ക്ക് പിറകിലൊന്ന് തടവും'; ട്രെയിനില്‍വെച്ചുണ്ടായ വധശ്രമത്തിന് പിന്നില്‍ കെ. സുധാകരനെന്ന് കോണ്‍ഗ്രസ് നേതാവ്
Published on

എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി ജയരാജന് നേരെ 1995ല്‍ നടന്ന വധ ശ്രമത്തിന് പിന്നില്‍ കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരന്‍ തന്നെയെന്ന് കോണ്‍ഗ്രസ് നേതാവ് ബി.ആര്.എം ഷഫീര്‍. മനോരമ ന്യൂസിന്റെ പ്രൈംടൈം ചര്‍ച്ചയിലായിരുന്നു ഷഫീറിന്റെ പരാമര്‍ശം.

കെ. സുധാകരന്‍ എങ്ങനെയുണ്ടെന്ന് ചോദിച്ചാല്‍ ഇപി ജയരാജന്‍ പുറകിലൊന്ന് തടവിതരും എന്നാണ് ചാനല്‍ ചര്‍ച്ചയില്‍ ഷഫീര്‍ പറഞ്ഞത്.

'ജയരാജാ എങ്ങെയുണ്ട് കെ. സുധാകരന്‍ എന്ന് ചോദിച്ചാല്‍ പുറകിലൊന്ന് തടവും, മുടി ഒന്ന് വകച്ച് വെച്ച് തരും കേട്ടോ. കെ. സുധാകരനോട് കളിച്ചാലേ എങ്ങനെയിരിക്കും എന്ന് ഇ.പി ജയരാജന്‍ പറഞ്ഞു തരും. അത് ജെയ്ക്കിന് പറഞ്ഞാല്‍ മനസിലാവില്ല. ജയരാജന് പറഞ്ഞാല്‍ മനസിലാവും കെ. സുധാകരനോട് കളിച്ചാല്‍ എങ്ങനെ ഇരിക്കുമെന്ന്,' ഷഫീര്‍ പറഞ്ഞു.

ഈ പറഞ്ഞതിന്റെ അര്‍ത്ഥമെന്താണെന്ന് ചാനല്‍ അവതാരകന്‍ അയ്യപ്പദാസ് ചോദിക്കുന്നുണ്ടെങ്കിലും ഷഫീര്‍ ഇക്കാര്യങ്ങള്‍ ആവര്‍ത്തിച്ചുകൊണ്ടിരിക്കുകയായിരുന്നു. ഷഫീറിന്റെ പരാമര്‍ശത്തിന് പിന്നാലെ വലിയ പ്രതിഷേധമാണ് ഉയരുന്നത്.

ഇ.പി ജയരാജനെ കൊല്ലാന്‍ ക്രിമിനലുകളെ അയച്ചത് കെ. സുധാകരന്‍ തന്നെയെന്ന് കോണ്‍ഗ്രസ് ഔദ്യോഗിക വക്താവ് തന്നെ വെളിപ്പെടുത്തിയെന്ന് എം.പിയും ഡി.വൈ.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്റുമായ എ എ റഹിം പറഞ്ഞു.

ആളെവിട്ടത് സുധാകരന്‍, പോയത് ആര്‍.എസ്.എസ് ക്രിമിനലുകള്‍.സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള സമരങ്ങളില്‍ മാത്രമല്ല,സഖാക്കളെ കൊല്ലാനും ആര്‍.എസ്.എസുമായി കൈകോര്‍ക്കാന്‍ മടിയില്ലാത്ത ക്രിമിനല്‍ മനസ്സാണ് സുധാകരന്‍ എന്നും റഹിം പറഞ്ഞു.

ഇ.പി. യെ കൊല്ലാന്‍ ശ്രമിച്ചത് തീവണ്ടിയില്‍ യാത്ര ചെയ്യുമ്പോള്‍, ഇന്നലെ സഖാവ് പിണറായിക്കു നേരെ ക്രിമിനലുകളെ പറഞ്ഞയച്ചത് വിമാനത്തില്‍. കേരളം ഒരിക്കലും മറക്കാത്ത,കൊടും ക്രൂരതയുടെ പര്യായമാണ് ഇന്നത്തെ കെ.പി.സി.സി അധ്യക്ഷന്‍ എന്നും റഹീം പറഞ്ഞു.

1995 ഏപ്രില്‍ 12ന് വിജയവാഡയില്‍ വച്ച് നടന്ന പാര്‍ട്ടി മീറ്റിംഗ് കഴിഞ്ഞ് വരുന്ന വഴിയാണ് ഓടുന്ന ട്രെയിനില്‍ വെച്ച് ഇ.പി. ജയരാജന് വെടിയേല്‍ക്കുന്നത്.

സുധാകരനാണ് ഇ.പി ജയരാജനെ വധിക്കാന്‍ ഗൂഢാലോചന നടത്തിയതെന്ന് കെ. സുധാകരന്റെ മുന്‍ ഡ്രൈവര്‍ ആയിരുന്ന പ്രശാന്ത് ബാബുവും വെളിപ്പെടുത്തിയിരുന്നു. സുധാകരന്റെ വീട്ടില്‍ വെച്ചാണ് ഗൂഢാലോചന നടന്നത്. ആരെക്കുറിച്ചാണ് പറഞ്ഞതെന്ന് അന്ന് തനിക്ക് മനസിലായില്ല. പിന്നീട് ആണ് സി.പി.ഐ.എം നേതാവ് ഇ.പി ജയരാജനെക്കുറിച്ചാണെന്ന് മനസിലായതെന്നും പ്രശാന്ത് ബാബു നേരത്തെ പറഞ്ഞിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in