ബിജെപി എംഎല്‍എമാര്‍ക്ക് ഭക്ഷണവുമായി കോണ്‍ഗ്രസ്; ‘ജനാധിപത്യത്തിന്റെ സൗന്ദര്യം ഇതാണ്’
കര്‍ണാടകയില്‍ രാഷ്ട്രീയ പ്രതിസന്ധി തുടരുന്നതിനിടെ ബിജെപി എംഎല്‍മാര്‍ക്ക് 'ജനാധിപത്യത്തിന്റെ സൗന്ദര്യം' കാണിച്ചുകൊടുത്ത് കോണ്‍ഗ്രസ്. ഇന്നലെ രാത്രി കര്‍ണാടക നിയമസഭയായ വിധാന സൗദയില്‍ കുത്തിയിരിപ്പ് പ്രതിഷേധം നടത്തിയ ബിജെപി എംഎല്‍എമാര്‍ക്ക് ഉപമുഖ്യമന്ത്രി ജി പരമേശ്വര ഭക്ഷണമെത്തിച്ച് നല്‍കി. രാഷ്ട്രീയത്തിനപ്പുറത്തുള്ള സുഹൃദ്ബന്ധം തങ്ങള്‍ തമ്മിലുണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് പറഞ്ഞു.
അവര്‍ക്ക് ഭക്ഷണവം മറ്റ് കാര്യങ്ങളും ഏര്‍പ്പെടുത്തിക്കൊടുക്കേണ്ടത് ഞങ്ങളുടെ കര്‍ത്തവ്യമാണ്. അവരില്‍ ചിലര്‍ക്ക് പ്രമേഹവും രക്തസമ്മര്‍ദ്ദവുമുണ്ട്. അതുകൊണ്ട് അവര്‍ക്ക് വേണ്ടതെല്ലാം വിധാന സൗധയില്‍ ഒരുക്കി. രാഷ്ട്രീയത്തിനപ്പുറത്ത് ഞങ്ങള്‍ സുഹൃത്തുക്കളാണ്. അതാണ് ജനാധിപത്യത്തിന്റെ സൗന്ദര്യം.
പരമേശ്വര
കര്‍ണാടക നിയമസഭയില്‍ ഇന്ന് നടക്കാനിരുന്ന വിശ്വാസ വോട്ടെടുപ്പ് നടന്നില്ല. വിശ്വാസ വോട്ടെടുപ്പിന് ഗവര്‍ണര്‍ നല്‍കിയ സമയപരിധി 1.30ന് അവസാനിച്ചു. ചര്‍ച്ച പൂര്‍ത്തിയാകാതെ വോട്ടെടുപ്പ് നടത്തില്ലെന്ന് സ്പീക്കര്‍ നിലപാടെടുത്തു. ഏത് സമയപരിധി ഉണ്ടെങ്കിലും ചട്ടപ്രകാരം മാത്രമേ നടപടിയെടുക്കൂയെന്ന് സ്പീക്കര്‍ വ്യക്തമാക്കി. സര്‍ക്കാരിനെ താഴെയിറക്കാന്‍ ഗൂഢാലോചന നടക്കുകയാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.