കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ ട്വിറ്റര്‍ അക്കൗണ്ട് ബ്ലോക്ക് ചെയ്ത നടപടിക്കെതിരെ വിചിത്ര പ്രതിഷേധവുമായി ആന്ധ്രാപ്രദേശിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. 'ട്വിറ്റര്‍ കിളി'യെ എണ്ണയില്‍ വറുത്താണ് കോണ്‍ഗ്രസിന്റെ പ്രതിഷേധം.
ട്വിറ്റര്‍ ലോഗോയെ അനുസ്മരിപ്പിക്കുംവിധം കാടപക്ഷിയെ ആണ് വറുത്ത് കൊറിയറായി ട്വിറ്റര്‍ ഓഫീസിലേക്ക് അയച്ചുകൊടുത്തത്. എം.പി ഹര്‍ഷ കുമാറിന്റെ മകന്‍ ജി.വി ശ്രീരാജ് അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കളാണ് പ്രതിഷേധത്തില്‍ പങ്കെടുത്തത്.
'കോണ്‍ഗ്രസ് പാര്‍ട്ടിക്ക് വേണ്ടിയാണ് ട്വിറ്റര്‍ കിളിയെ ഞങ്ങള്‍ വറുക്കുന്നത്. രാഹുല്‍ ഗാന്ധിയുടെ അക്കൗണ്ട് ബ്ലോക്ക് ചെയ്യുകയും ഞങ്ങളുടെ ട്വീറ്റുകള്‍ പ്രോത്സാഹിപ്പിക്കുകയും ചെയ്യാതെ ട്വിറ്റര്‍ ഇന്ത്യ കാണിച്ചിരിക്കുന്നത് ഒരു വലിയ തെറ്റാണ്,' ശ്രീരാജ് വീഡിയോയില്‍ പറയുന്നു.
ട്വിറ്റര്‍ ഒരു ചത്ത കിളിയാണെന്നാണ് പ്രതിഷേധത്തെക്കുറിച്ച് ശ്രീരാജ് ദ പ്രിന്റിനോട് പറഞ്ഞത്. ട്വിറ്റര്‍ ഇന്ത്യന്‍ സര്‍ക്കാരും ബിജെപിക്കും വേണ്ടിയാണ് എന്നും ശ്രീ രാജ് പറഞ്ഞു.
സര്‍ക്കാരില്‍ നിന്നുള്ള സമ്മര്‍ദ്ദം കാരണമാണ് രാഹുല്‍ ഗാന്ധിയുടെ ട്വിറ്റര്‍ സസ്പെന്‍ഡ് ചെയ്തതെന്ന് കോണ്‍ഗ്രസ് നേരത്തെ ആരോപിച്ചിരുന്നു.
ഡല്‍ഹിയില്‍ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബത്തിന്റെ ചിത്രം പങ്കുവെച്ചതിനായിരുന്നു പ്രായപൂര്‍ത്തിയാവാത്ത ഇരയുടെ സ്വകാര്യത മാനിച്ചില്ലെന്ന് കാണിച്ച് രാഹുല്‍ ഗാന്ധിയുടെ ട്വിറ്റര്‍ അക്കൗണ്ട് റദ്ദാക്കിയത്.
എന്നാല്‍ ഇതിന് പിന്നാലെ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ ഔദ്യോഗിക അക്കൗണ്ട് മരവിപ്പിച്ച് ട്വിറ്റര്‍ ഇന്ത്യ. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ രണ്‍ദീപ് സുര്‍ജെവാല, അജയ് മാക്കന്‍, ലോക് സഭാ എം.പി മാണിക്കം ടാഗോര്‍, സുഷ്മിത ദേവ് എന്നിവരുടെ ട്വിറ്റര്‍ അക്കൗണ്ടുകളും താത്കാലികമായി മരവിപ്പിച്ചിരുന്നു.
ട്വിറ്റര്‍ സുരക്ഷാ നയം ലംഘിച്ചെന്ന് ആരോപിച്ചാണ് കോണ്‍ഗ്രസ് ഔദ്യോഗിക അക്കൗണ്ടിന്റെ അടക്കം ട്വിറ്റര്‍ അക്കൗണ്ടുകള്‍ മരവിപ്പിച്ചത്. കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ ഔദ്യോഗിക അക്കൗണ്ടും ട്വിറ്റര്‍ ഇന്ത്യ മരവിപ്പിച്ചിരുന്നു.