രവീശ തന്ത്രിയുടെ സ്ഥാനാര്‍ത്ഥിത്വത്തെച്ചൊല്ലി ബിജെപിയില്‍ തമ്മിലടി; റിപ്പോര്‍ട്ട് ചെയ്ത മാധ്യമപ്രവര്‍ത്തകനെ മര്‍ദ്ദിച്ചു
മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പില്‍ രവീശതന്ത്രി കുണ്ഠാറിനെ സ്ഥാനാര്‍ത്ഥിയാക്കിയതിനേച്ചൊല്ലി ബിജെപിയില്‍ തമ്മിലടി. തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ സംഘടനാ ചുമതലയുള്ള ബിജെപി ജനറല്‍ സെക്രട്ടറിയെ പ്രവര്‍ത്തകര്‍ തടഞ്ഞുവെച്ചത് റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകരെ സംഘം ചേര്‍ന്ന് മര്‍ദ്ദിച്ചു. ഏഷ്യാനെറ്റ് ന്യൂസ് ക്യാമറാമാന്‍ സുനില്‍കുമാറും മാധ്യമപ്രവര്‍ത്തകന്‍ മുജീബ് റഹ്മാനുമാണ് ആക്രമിക്കപ്പെട്ടത്. സുനില്‍കുമാറിനെ വളഞ്ഞിട്ട് മര്‍ദ്ദിക്കുകയും ക്യാമറ തകര്‍ക്കുകയും ചെയ്തു. ആരാണ് നിങ്ങള്‍ക്ക് വിവരം തന്നത് എന്നു ചോദിച്ചായിരുന്നു മര്‍ദ്ദനമെന്ന് മുജീബ് റഹ്മാന്‍ പ്രതികരിച്ചു.
എല്‍ ഗണേഷിനെ തടഞ്ഞുവെച്ചത് റിപ്പോര്‍ട്ട് ചെയ്യാനെത്തിയപ്പോള്‍ അവര്‍ പുറത്താക്കി വാതിലടച്ചു. പുറത്തുനിന്നും വിഷ്വലെടുക്കാന്‍ ശ്രമിച്ചപ്പോള്‍ ബിജെപി പ്രവര്‍ത്തകര്‍ കൂട്ടമായി ഓടി വന്നു. ഞങ്ങള്‍ രണ്ടുപേരും ഓടി. എന്റെ പുറകിലായിരുന്ന സുനില്‍ കുമാറിനെ കോളറിന് പിടിച്ച് വലിച്ച് നിര്‍ത്തി വട്ടമിട്ട് മര്‍ദ്ദിച്ചു.
മുജീബ് റഹ്മാന്‍
രവീശ തന്ത്രി കുണ്ഠാറിനെ സ്ഥാനാര്‍ത്ഥിയാക്കിയത് അംഗീകരിക്കാനാകില്ലെന്നാണ് മഞ്ചേശ്വരത്തെ ചില പ്രാദേശിക ഘടകങ്ങളുടെ നിലപാട്. തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ നിന്ന് മാറി നില്‍ക്കുമെന്ന് കുമ്പള, മഞ്ചേശ്വരം പഞ്ചായത്ത് കമ്മിറ്റികള്‍ നേതൃത്വത്തെ അറിയിച്ചു. കുമ്പളയില്‍ ചേര്‍ന്ന നിയോജക മണ്ഡലം കമ്മിറ്റിയില്‍ വെച്ചാണ് എല്‍ ഗണേഷിനെതിരെ പ്രതിഷേധമുണ്ടായത്.