മുന്‍ മന്ത്രി കെ.ടി. ജലീലിനെതിരെ മുഖ്യമന്ത്രിക്ക് പരാതി നല്‍കി മാധ്യമം ദിനപത്രം മാനേജ്‌മെന്റ്. മുഖ്യമന്ത്രിയെ നേരില്‍ കണ്ടാണ് മാനേജ്‌മെന്റ് പ്രതിനിധികള്‍ പരാതി നല്‍കിയത്.
ഗള്‍ഫ് മേഖലയില്‍ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് കെടി ജലീല്‍ യുഎഇ ഭരണകൂടത്തിന് കത്തയച്ചെന്ന സ്വപ്‌ന സുരേഷിന്റെ വെളിപ്പെടുത്തലിനെ തുടര്‍ന്നാണ് പരാതി.
ജലീല്‍ കത്തയച്ചത് താന്‍ നേരത്തെ അറിഞ്ഞിരുന്നില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞതായി മാധ്യമം പ്രതിനിധികള്‍ പറഞ്ഞു. ഉചിതമായ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പ് പറഞ്ഞതായും അത് വിശ്വസിക്കുന്നുവെന്നും മാധ്യമം-മീഡിയ വണ്‍ ഗ്രൂപ്പ് എഡിറ്റര്‍ ഒ അബ്ദുറഹ്‌മാന്‍ പറഞ്ഞു.
മാധ്യമ സ്വാതന്ത്ര്യത്തിനും ജനാധിപത്യ സംവിധാനത്തിനും രാജ്യത്തിന്റെ പരമാധികാരത്തിനും പരിക്കേല്‍പ്പിക്കുന്ന ജലീലിന്റെ ചെയ്തിയില്‍ ദിനപത്രത്തിന് കടുത്ത വേദനയും പ്രതിഷേധവുമുണ്ടെന്നും അബ്ദുറഹ്‌മാന്‍ മുഖ്യമന്ത്രിയെ അറിയിച്ചു.
ജലീലിന്റെ നടപടിയില്‍ അതൃപ്തി രേഖപ്പെടുത്തി സിപിഐഎം രംഗത്തെത്തിയിരുന്നു. കെടി ജലീലിന്റെ നീക്കം സിപിഐഎമ്മിന്റെ നിലപാടിന് അനുസൃതമല്ലെന്നാണ് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞത്. ഒരു പത്രത്തെയും നിരോധിക്കാന്‍ പാര്‍ട്ടി ആവശ്യപ്പെടില്ല. മന്ത്രിമാരും എംഎല്‍എമാരും കത്തെഴുതുന്നത് സിപിഐഎമ്മുമായി ആലോചിച്ചിട്ടല്ല എന്നുമായിരുന്നു കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞത്.
തിരുവന്തപുരത്തെ യുഎഇ കോണ്‍സുല്‍ ജനറലുമായി അടച്ചിട്ട മുറിയില്‍ വെച്ച് കെടി ജലീല്‍ നിരവധി തവണ കൂടിക്കാഴ്ച നടത്തിയിട്ടുണ്ടെന്നും കേന്ദ്ര സര്‍ക്കാര്‍ അറിയാതെയായിരുന്നു ഇതെല്ലാമെന്നുമാണ് സത്യവാങ്മൂലത്തില്‍ സ്വപ്‌ന സുരേഷ് പറഞ്ഞത്. തന്റെ ബന്ധങ്ങള്‍ ഉപയോഗിച്ച് നയന്ത്ര ചാനല്‍ വഴി കൂടുതല്‍ ഇടപാടുകള്‍ നടത്താനായിരുന്നു ജലീലിന്റെ ശ്രമം എന്നും സ്വപ്‌ന ആരോപിച്ചിരുന്നു.