മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവ് ബെര്‍ലിന്‍ കുഞ്ഞനന്തന്‍ നായര്‍ അന്തരിച്ചു

മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവ് ബെര്‍ലിന്‍ കുഞ്ഞനന്തന്‍ നായര്‍ അന്തരിച്ചു
Published on

മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവും പത്രപ്രവര്‍ത്തകനുമായ ബെര്‍ലിന്‍ കുഞ്ഞനന്തന്‍ നായര്‍ അന്തരിച്ചു. 96 വയസായിരുന്നു.

വൈകിട്ട് ആറുമണിക്ക് കണ്ണൂരിലെ നാറാത്തെ വീട്ടിലായിരുന്നു അന്ത്യം. ഇ.എം.എസിന്റെ പൊളിറ്റിക്കല്‍ സെക്രട്ടറിയായിരുന്നു. പി കൃഷ്ണപ്പിള്ളയാണ് രാഷ്ട്രീയ ഗുരു.

1935ല്‍ കല്യാശേരിയില്‍ രൂപം കൊണ്ട ബാലസംഘത്തിന്റെ ആദ്യപ്രസിഡന്റായിരുന്നു. 1939ല്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ അംഗമായി.

1943ലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സംസ്ഥാന സമ്മേളനത്തിലെ പ്രതിനിധിയായി. മുംബൈയില്‍ നടന്ന ഒന്നാം പാര്‍ട്ടി കോണ്‍ഗ്രസിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രതിനിധിയായി പങ്കെടുത്തു.

കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പിളര്‍ന്നപ്പോള്‍ സി.പി.ഐ.എമ്മിനൊപ്പം നിന്നു. 1957ല്‍ ഇ.എം.എസ് പാര്‍ട്ടി അഖിലേന്ത്യാ സെക്രട്ടറിയായപ്പോള്‍ പ്രൈവറ്റ് സെക്രട്ടറിയായി. ദീര്‍ഘകാലം ജര്‍മനിയില്‍ പത്രപ്രവര്‍ത്തകനായി പ്രവര്‍ത്തിച്ചു.

പിന്നീട് പാര്‍ട്ടിയുമായി അകന്ന ബെര്‍ലിന്‍ കുഞ്ഞനന്തന്‍ പൊളിച്ചെഴുത്ത് ഒളി ക്യാമറകള്‍ പറയാത്തത് എന്നീ പുസ്തകങ്ങളിലൂടെ സി.പി.ഐ.എമ്മിനെ വിമര്‍ശിച്ചു രംഗത്തെത്തി. അച്ചടക്ക ലംഘനത്തെ തുടര്‍ന്ന് സി.പി.ഐ.എം നാറാത്ത് ബ്രാഞ്ച് കമ്മിറ്റി കുഞ്ഞനന്തന്‍ നായരെ പുറത്താക്കിയിരുന്നു. എന്നാല്‍ പിന്നീട് പാര്‍ട്ടിയുമായുള്ള പിണക്കം മാറി അനുനയത്തില്‍ പോവുകയായിരുന്നു. 2021ല്‍ പിണറായി വിജയനെ കാണണം മാപ്പ് പറയണമെന്നും പറഞ്ഞിരുന്നു.

പ്രത്യശാസ്ത്ര തര്‍ക്കങ്ങളുടെ പേരില്‍ ഉയര്‍ത്തിയ വിമര്‍ശനം വ്യക്തിപരമായി പോയെന്ന തോന്നലിലാണ് പിണറായിയോട് മാപ്പ് ചോദിക്കണമെന്ന നിലപാടിലെത്തിയതെന്നും കുഞ്ഞനന്തന്‍ പറഞ്ഞിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in