സ്വര്‍ണക്കടത്ത് കേസില്‍ പ്രതിപക്ഷം അവതരിപ്പിച്ച പ്രമേയത്തില്‍ മറുപടി പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയന്‍. സ്വര്‍ണക്കടത്ത് കേസ് സര്‍ക്കാര്‍ എങ്ങനെയാണ് അട്ടിമറിക്കുന്നത്. സര്‍ക്കാര്‍ അല്ലല്ലോ കേസ് അന്വേഷിക്കുന്നതെന്നും മുഖ്യമന്ത്രി ചോദിച്ചു.
സ്വര്‍ണക്കടത്ത് കേസിലെ ഇടനിലക്കാര്‍ എന്നത് കെട്ടുകഥമാത്രമാണ്. സ്വപ്‌ന സുരേഷിന് നിലവില്‍ എല്ലാ ഭൗതിക സാഹചര്യങ്ങളും ലഭിക്കുന്നുണ്ട്. അത് ഒരു വ്യക്തിയല്ല, സംഘപരിവാര്‍ ബന്ധമുള്ള സംഘടനയാണ്. ജോലി, കാര്‍, താമസം, സുരക്ഷ, ശമ്പളം, വക്കീല്‍, പ്രധാനമന്ത്രിക്ക് കത്തെഴുതാന്‍ ലെറ്റര്‍ ഹെഡ് എല്ലാം അവരുടെ വക. ചെല്ലും ചെലവും കൊടുത്ത് വളര്‍ത്തുക എന്ന് പറയുന്നത് പോലെയാണ് ഏര്‍പ്പാട്. ഇത്തരം ഒരു സംഘടനയുടെ കീഴിലുള്ള സ്വര്‍ണക്കടത്ത്, വ്യാജ ബിരുദം, വ്യാജ മൊഴിയുണ്ടാക്കല്‍ തുടങ്ങി കേസുകളില്‍ പ്രതിസ്ഥാനത്ത് നില്‍ക്കുന്ന ആളുടെ വാക്കുകളാണ് താന്‍ സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍ ശബ്ദമുണ്ടാക്കുന്നവരുടെ അടക്കം വേദവാക്യമായി മാറുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
സ്വര്‍ണം കൊടുത്തയച്ചതാര്? സ്വര്‍ണം കിട്ടിയത് ആര്‍ക്ക്? ഇത്തരത്തില്‍ യുക്തിസഹമായി ചിന്തിക്കുന്നവരില്‍ വരുന്ന ചോദ്യങ്ങള്‍ യുഡിഎഫോ കോണ്‍ഗ്രസോ ചോദിച്ചില്ല. ഇതിന് ഉത്തരം പറയേണ്ടത് ബിജെപി ആണ് എന്നതുകൊണ്ട് തന്നെ യു.ഡി.എഫും ഈ ചോദ്യങ്ങളൊന്നും ചോദിക്കില്ല. അത്രയ്ക്ക് കൂറാണ് സംഘപരിവാറിനോട് യു.ഡി.എഫിന്. സ്വര്‍ണക്കടത്ത് കേസ് പ്രതിക്ക് സംഘപരിവാര്‍ ഏജന്‍സിയില്‍ ജോലി ലഭിച്ചത് എങ്ങനെ? ജീവിക്കാന്‍ വകയില്ല എന്ന് പറഞ്ഞവര്‍ക്ക് കാര്‍ കിട്ടിയതെങ്ങനെ കേരള പൊലീസിന്റെ സുരക്ഷ വേണ്ട എന്ന് പറയാന്‍ പാകത്തില്‍ സുരക്ഷ സംവിധാനം ഒരുക്കപ്പെട്ടതെങ്ങനെ? ഇത്തരം ചോദ്യങ്ങളൊന്നും പ്രതിപക്ഷത്ത് നിന്ന് ഉണ്ടാവില്ല. ബി.ജെ.പിയും യു.ഡി.എഫും തമ്മിലുള്ള കൂട്ടു കച്ചവടമാണ് ഇവിടെ വെളിവാകുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
മുഖ്യമന്ത്രിയുടെ വാക്കുകള്‍
ഒരേ നിലപാട് തന്നെയാണ് സര്‍ക്കാര്‍ എല്ലാ കാലത്തും എടുത്തിട്ടുള്ളത്. സ്വര്‍ണക്കടത്ത് കേസ് സര്‍ക്കാര്‍ എങ്ങനെയാണ് അട്ടിമറിക്കുന്നത്. സര്‍ക്കാര്‍ അല്ലല്ലോ കേസ് അന്വേഷിക്കുന്നത്. അടിയന്തര പ്രമേയത്തില്‍ പറഞ്ഞ ഒരു കാര്യം, മജിസ്‌ട്രേറ്റ് മുമ്പാകെ 164ാം വകുപ്പ് പ്രകാരം കൊടുത്ത മൊഴി തിരുത്തിക്കാന്‍ സര്‍ക്കാര്‍ ഇടനിലക്കാര്‍ വഴി ശ്രമിച്ചു എന്നാണ്. ഏതെങ്കിലും തരത്തിലുള്ള വസ്തുതകളുടെ പിന്തുണയിലാണോ സര്‍ക്കാര്‍ ഇങ്ങനെ ഒരു കാര്യം ഉന്നയിക്കുന്നത്.
2022 ജൂണ്‍ ഏഴിനാണ് സ്വര്‍ണക്കടത്ത് കേസില്‍ പ്രതിയായ വനിത ദൃശ്യമാധ്യമങ്ങളിലൂടെ ചില വെളിപ്പെടുത്തലുകള്‍ നടത്തുന്നത്. 164 പ്രകാരം അവര്‍ ആദ്യമായല്ല മൊഴി നല്‍കുന്നത്. നേരത്തെയും നല്‍കിയിരുന്നു.
ഒരു ഇടവേളയ്ക്ക് ശേഷമാണ് ഒരു തെളിവിന്റെയും പിന്തുണയില്ലാതെ വീണ്ടും രഹസ്യമൊഴി നല്‍കിയിരിക്കുന്നു എന്ന വാദവുമായി ഈ വനിത വരുന്നത്. ഇതിലെ ഇടനിലക്കാര്‍ എന്നത് കെട്ടുകഥമാത്രമാണ്.
രഹസ്യമൊഴിയില്‍ ഉള്ള കാര്യങ്ങള്‍ പ്രമേയ അവതാരകനും പ്രതിപക്ഷത്തിനും എങ്ങനെയാണ് കിട്ടിയത്? ആ പ്രതിയുമായി ബന്ധപ്പെട്ടാണോ ഇടനിലക്കാര്‍ വഴിയാണോ നിങ്ങള്‍ക്ക് വിവരങ്ങള്‍ കിട്ടിയിട്ടുള്ളത്? സ്വര്‍ണക്കടത്ത് കേസ് ഇതുപോലെ ഒരു മൊഴി തിരുത്തിയാല്‍ മാത്രം തീര്‍ന്നു പോകുന്ന ഒന്നാണോ? പിന്‍ബലമുള്ള തെളിവുകള്‍ മൊഴിമാറ്റി എന്നതുകൊണ്ട് മാത്രം ഇല്ലാതാകുമോ? ഒരോ ദിവസവും മാറ്റി പറയാന്‍ പറ്റുന്നതാണോ 164 വഴി നല്‍കുന്ന മൊഴി. ഈ വനിതയ്ക്ക് നിലവില്‍ എല്ലാ ഭൗതിക സാഹചര്യങ്ങളും ലഭിക്കുന്നുണ്ട്. അത് ഒരു വ്യക്തിയല്ല, സംഘപരിവാര്‍ ബന്ധമുള്ള സംഘടനയോ പ്രസ്ഥാനമോ ആണ്. ജോലി, കാര്‍, താമസം, സുരക്ഷ, ശമ്പളം, വക്കീല്‍, പ്രധാനമന്ത്രിക്ക് കത്തെഴുതാന്‍ ലെറ്റര്‍ ഹെഡ് എല്ലാം അവരുടെ വക. ചെല്ലും ചെലവും കൊടുത്ത് വളര്‍ത്തുക എന്ന് പറയുന്നത് പോലെയാണ് ഏര്‍പ്പാട്. ഇത്തരം ഒരു സംഘടനയുടെ കീഴിലുള്ള സ്വര്‍ണക്കടത്ത്, വ്യാജ ബിരുദം, വ്യാജ മൊഴിയുണ്ടാക്കല്‍ തുടങ്ങി കേസുകളില്‍ പ്രതിസ്ഥാനത്ത് നില്‍ക്കുന്ന ആളുടെ വാക്കുകളാണ് ഞാന്‍ സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍ ശബ്ദമുണ്ടാക്കുന്നവരുടെ അടക്കം വേദവാക്യമായി മാറുന്നത്.
മേല്‍പ്പറഞ്ഞ വനിത ജയിലില്‍ ആയിരുന്നപ്പോള്‍ സംസ്ഥാനത്തെ ഭരണ നേതൃത്വത്തിന് മേല്‍ മൊഴി നല്‍കാന്‍ സമ്മര്‍ദ്ദമുണ്ടെന്ന് പറയുന്ന ശബ്ദരേഖ പുറത്ത് വന്നിരുന്നു.
പ്രതികള്‍ക്ക് മേല്‍ മൊഴിനല്‍കാന്‍ സമ്മര്‍ദ്ദമുണ്ടെങ്കില്‍ അത് പുറത്ത് വരണം അത് തന്നെയാണ് സര്‍ക്കാരിന്റെ ആവശ്യം. ഇതിനുള്ള നടപടികള്‍ തന്നെയാണ് സ്വീകരിച്ചിരിക്കുന്നത്. ഇതിനാണ് ജുഡീഷ്യല്‍ കമ്മീഷനെ നിയമിച്ചതും.
സുതാര്യമായ അന്വേഷണമാണ് നടക്കുന്നത്. എന്തിനാണ് ഇവര്‍ ഭയപ്പെടുന്നത്. സംസ്ഥാനത്തെ ഉയര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ ഇടനിലക്കാരന്‍ ആയ ഒരാളുമായി സംസാരിച്ചു എന്നാണ് ഇവിടെ പറഞ്ഞിരിക്കുന്നത്. എന്തിനെക്കുറിച്ച് പറഞ്ഞു എന്നൊന്നും പറഞ്ഞിട്ടില്ല. ഇടനിലക്കാരെ ഉപയോഗിക്കേണ്ട ആവശ്യം സര്‍ക്കാരിനില്ല. ഏതെങ്കിലും ഉദ്യോഗസ്ഥന്റെ ഭാഗത്ത് നിന്ന് വഴിവിട്ട നടപടിയോ വീഴ്ചയോ ഉണ്ടായി എന്ന് ശ്രദ്ധയില്‍പ്പെട്ടാല്‍ അതിന്റെ ഭാഗമായി സ്വീകരിക്കേണ്ട നടപടി സ്വീകരിക്കുന്നതിന് മടിയുമില്ല. സ്വര്‍ണക്കടത്ത് കേസില്‍ അന്വേഷണം നടക്കണം എന്ന ന്യായമായ താത്പര്യമാണ് സര്‍ക്കാരിനുള്ളത്. ഇതില്‍ നിന്ന് ഏതെങ്കിലും തരത്തില്‍ ലാഭമുണ്ടാക്കാന്‍ പറ്റുമോ എന്നാണ് കോണ്‍ഗ്രസും കേന്ദ്രം ഭരിക്കുന്ന കക്ഷിയുടെ സംസ്ഥാനത്തെ നേതാക്കളും ചേര്‍ന്ന് നോക്കുന്നത്.
തിരക്കഥയിലെ സൃഷ്ടിയാണ് ഇടനിലക്കാര്‍. ഇവരില്‍ ഒരാള്‍ ബിജെപിയെ സഹായിക്കുന്ന ആളാണ്. ഒരാള്‍ ജയ്ഹിന്ദ ചാനലില്‍ നേരത്തെ പ്രവര്‍ത്തിച്ച ആളാണ്. ദേശാഭിമാനിയില്‍ പ്രവര്‍ത്തിക്കാന്‍ വരുന്നവര്‍ സാധാരണ ആരായിരിക്കുമെന്ന് എനിക്ക് അറിയാം. അപ്പോള്‍ ജയ്ഹിന്ദില്‍ പ്രവര്‍ത്തിക്കാന്‍ വരുന്നവര്‍ ആരായിരിക്കും എന്ന് അവര്‍ക്കും അറിയാലോ.ഞങ്ങള്‍ക്ക് ഇത്തരം ആളുകളെ ഒന്നും ആവശ്യമില്ല.
പൊതു രംഗത്ത് ജനങ്ങളുടെ ഒപ്പം നില്‍ക്കുന്ന രാഷ്ട്രീയ പ്രവര്‍ത്തകരെ എന്തും വിളിച്ചു പറയാം എന്നത് പ്രോത്സാഹിപ്പിക്കാന്‍ ആകില്ല. രണ്ട് വര്‍ഷമായി കേന്ദ്ര ഏജന്‍സികള്‍ ഉഴുതു മറിച്ചു നോക്കിയിട്ടും സര്‍ക്കാരിനെതിരെ ഒന്നും കണ്ടെത്താനായില്ല. തീയില്ലാത്തിടത്ത് പുക വരുത്തി തീര്‍ക്കാന്‍ ശ്രമം. അതിനപ്പുറം അടിയന്തര പ്രമേയ നോട്ടീസിന് പ്രസക്തിയില്ല.
സംഘപരിവാര്‍ സ്ഥാപനത്തിന്റെ അതിന്റെ ഉദ്യോഗസ്ഥരുടെ വക്കീലിന്റെ തുടങ്ങി സംഘപരിവാറിന്റെ ചരടുവലിക്കൊത്ത് നീങ്ങുന്നവര്‍ക്ക് വേണ്ടി സഭയില്‍ ആവുന്നത്ര ഉച്ചത്തില്‍ ഉയര്‍ത്താനാണ് ഇവര്‍ ശ്രമിക്കുന്നത്.
സ്വര്‍ണം കൊടുത്തയച്ചതാര്? സ്വര്‍ണം കിട്ടിയത് ആര്‍ക്ക്? ഇത്തരത്തില്‍ യുക്തിസഹമായി ചിന്തിക്കുന്നവരില്‍ വരുന്ന ചോദ്യങ്ങള്‍ യുഡിഎഫോ കോണ്‍ഗ്രസോ ചോദിച്ചില്ല. ഇതിന് ഉത്തരം പറയേണ്ടത് ബിജെപി ആണ് എന്നതുകൊണ്ട് തന്നെ യു.ഡി.എഫും ഈ ചോദ്യങ്ങളൊന്നും ചോദിക്കില്ല. അത്രയ്ക്ക് കൂറാണ് സംഘപരിവാറിനോട് യു.ഡി.എഫിന്. സ്വര്‍ണക്കടത്ത് കേസ് പ്രതിക്ക് സംഘപരിവാര്‍ ഏജന്‍സിയില്‍ ജോലി ലഭിച്ചത് എങ്ങനെ? ജീവിക്കാന്‍ വകയില്ല എന്ന് പറഞ്ഞവര്‍ക്ക് കാര്‍ കിട്ടിയതെങ്ങനെ കേരള പൊലീസിന്റെ സുരക്ഷ വേണ്ട എന്ന് പറയാന്‍ പാകത്തില്‍ സുരക്ഷ സംവിധാനം ഒരുക്കപ്പെട്ടതെങ്ങനെ? ഇത്തരം ചോദ്യങ്ങളൊന്നും പ്രതിപക്ഷത്ത് നിന്ന് ഉണ്ടാവില്ല. ബി.ജെ.പിയും യു.ഡി.എഫും തമ്മിലുള്ള കൂട്ടു കച്ചവടമാണ് ഇവിടെ വെളിവാകുന്നത്.