ബഹുമുഖ പ്രതിഭ, മാധ്യമരംഗത്തിന് വലിയ നഷ്ടം; എ സഹദേവന്റെ നിര്യാണത്തില്‍ അനുശോചിച്ച് മുഖ്യമന്ത്രി

ബഹുമുഖ പ്രതിഭ, മാധ്യമരംഗത്തിന് വലിയ നഷ്ടം; എ സഹദേവന്റെ നിര്യാണത്തില്‍ അനുശോചിച്ച് മുഖ്യമന്ത്രി
Published on

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും സിനിമാ നിരൂപകനും അധ്യാപകനുമായ എ. സഹദേവന്റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയന്‍. മാധ്യമ പ്രവര്‍ത്തകരില്‍ ബഹുമുഖ പ്രതിഭയായിരുന്നു എ. സഹദേവന്‍. കേരളത്തിലെ മാധ്യമപ്രവര്‍ത്തകരില്‍ വേറിട്ടുനില്‍ക്കുന്ന സഹദേവന്റെ വിയോഗം മാധ്യമരംഗത്തിന് വലിയ നഷ്ടമാണെന്ന് മുഖ്യമന്ത്രി അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

'മാധ്യമപ്രവര്‍ത്തകരിലെ ബഹുമുഖ പ്രതിഭയായിരുന്നു എ സഹദേവന്‍. പത്രമാധ്യത്തില്‍ തുടങ്ങി ദൃശ്യമാധ്യമങ്ങളിലും അതിന്റെ ആധുനിക രൂപമായ ഓണ്‍ലൈന്‍ മാധ്യമങ്ങളിലും കഴിവ് തെളിയിച്ച അദ്ദേഹത്തിന്റെ പത്ര പ്രവര്‍ത്തന മേഖല വിപുലമായിരുന്നു. കായിക, സിനിമാ വാര്‍ത്തകള്‍ കൈകാര്യം ചെയ്യുന്നതിലും വിശകലനത്തിലും വളരെ ശ്രദ്ധേയമായ ഇടപെടലാണ് അദ്ദേഹം നടത്തിയിട്ടുള്ളത്.

ജേര്‍ണലിസം അധ്യാപകന്‍ എന്ന നിലയില്‍ വിദ്യാര്‍ഥികള്‍ക്ക് വഴികാട്ടിയായിരുന്നു അദ്ദേഹം. കേരളത്തിലെ മാധ്യമപ്രവര്‍ത്തകരില്‍ വേറിട്ടുനില്‍ക്കുന്ന സഹദേവന്റെ വിയോഗം മാധ്യമരംഗത്തിന് വലിയ നഷ്ടമാണ്. മുഖ്യമന്ത്രി അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

കോട്ടയത്തെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു സഹദേവന്റെ അന്ത്യം. 71 വയസായിരുന്നു. വൃക്കരോഗത്തെതുടര്‍ന്ന് ദീര്‍ഘനാളായി ചികിത്സയിലായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് ആരോഗ്യ നില വഷളാവുകയായിരുന്നു.

മാതൃഭൂമി, ഇന്ത്യാവിഷന്‍ എന്നിവിടങ്ങളില്‍ പ്രവര്‍ത്തിച്ചു. നിലവില്‍ മാധ്യമപഠന സ്ഥാപനമായ മാസ്‌കോമില്‍ അധ്യാപകനായി പ്രവര്‍ത്തിച്ച് വരികയായിരുന്നു.

മലയാളത്തിലെ ആദ്യ 24 അവര്‍ വാര്‍ത്താ ചാനലായ ഇന്ത്യാവിഷന്റെ കണ്‍സള്‍ട്ടിംഗ് എഡിറ്ററായിരുന്നു. ഇക്കാലയളവില്‍ ചെയ്ത ലോക സിനിമയെ പരിചയപ്പെടുത്തുന്ന 24 ഫ്രെയിംസ് എന്ന പരിപാടി വലിയ ശ്രദ്ധ നേടിയിരുന്നു.

സൗത്ത് ലൈവ്.ഇന്‍ മീഡിയയില്‍ കണ്‍സള്‍ട്ടിംഗ് എഡിറ്ററായും പ്രവര്‍ത്തിച്ചിട്ടുണ്ട്. സഫാരി ടിവിയില്‍ വേള്‍ഡ് വാര്‍ സെക്കണ്ട്, ഫ്രീഡം അറ്റ് മിഡ്‌നൈറ്റ് എന്നീ പരിപാടി അവതരിപ്പിച്ചിരുന്നു.

സ്വദേശം പാലക്കാട് ആണെങ്കിലും താമസിച്ച് വന്നിരുന്നത് കോഴിക്കോട് ആയിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in