അരികുവല്‍ക്കരിക്കപ്പെട്ട ദളിത് വിഭാഗത്തെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരാന്‍ അയ്യങ്കാളി നടത്തിയ സമരങ്ങള്‍ ആധുനിക കേരള ചരിത്രത്തിലെ സുവര്‍ണ ഏടുകളാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സഞ്ചാര സ്വാതന്ത്ര്യവും വിദ്യാഭ്യാസത്തിനുള്ള അവസരവും മാന്യമായ കൂലിയുമില്ലാതെ, നരകതുല്യ ജീവിതം നയിച്ചവരാണ് ദളിത് സമൂഹം. അവരുടെ അവകാശങ്ങള്‍ക്കായി സമരങ്ങള്‍ സംഘടിപ്പിക്കാന്‍ അയ്യങ്കാളി മുന്നിട്ടിറങ്ങി. അവര്‍ണരെന്ന് മുദ്രയടിക്കപ്പെട്ട ജനതക്ക് വിലക്കുകളില്ലാതെ സഞ്ചരിക്കാനും വിദ്യ അഭ്യസിക്കാനും സംഘടിക്കാനുമുള്ള അവകാശങ്ങള്‍ നേടിയെടുക്കുന്നതില്‍ മഹാത്മാ അയ്യങ്കാളി നയിച്ച സമരങ്ങളുടെ പങ്ക് ചെറുതല്ലെന്നും ഐതിഹാസികമായ ഇത്തരം ധീര പോരാട്ടങ്ങളാണ് ആധുനിക കേരളത്തിന് അടിത്തറ പാകിയതെന്നും പിണറായി വിജയന്‍ ഫേസ്ബുക്കില്‍ കുറിച്ചു.
പിണറായി വിജയന്റെ ഫേസ്ബുക്ക് കുറിപ്പ്
ജാതി-ജന്മി-നാടുവാഴിത്ത വ്യവസ്ഥക്കെതിരെ ഐതിഹാസിക പോരാട്ടങ്ങള്‍ നയിച്ച മഹാത്മാ അയ്യങ്കാളിയുടെ ജന്മവാര്‍ഷികമാണിന്ന്. അരികുവല്‍ക്കരിക്കപ്പെട്ട ദളിത് വിഭാഗത്തെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരാന്‍ അയ്യങ്കാളി നടത്തിയ സമരങ്ങള്‍ ആധുനിക കേരള ചരിത്രത്തിലെ സുവര്‍ണ ഏടുകളാണ്. ആ സ്മരണ പുതുക്കാന്‍ കൂടിയുള്ള അവസരമാണ് ഈ ദിവസം.
സഞ്ചാര സ്വാതന്ത്ര്യവും വിദ്യാഭ്യാസത്തിനുള്ള അവസരവും മാന്യമായ കൂലിയുമില്ലാതെ, നരകതുല്യ ജീവിതം നയിച്ചവരാണ് ദളിത് സമൂഹം. ഇവരുടെ അവകാശങ്ങള്‍ക്കായി സമരങ്ങള്‍ സംഘടിപ്പിക്കാന്‍ അയ്യങ്കാളി മുന്നിട്ടിറങ്ങി. ചരിത്ര പ്രസിദ്ധമായ വില്ലുവണ്ടി യാത്രയും കല്ലുമാല സമരവും ഭൂപ്രഭുക്കന്മാരെ പ്രകോപിപ്പിച്ചു. ദളിത് കുട്ടികള്‍ക്ക് സ്‌കൂളില്‍ പ്രവേശനം നിഷേധിച്ചതിനെതിരെയും കര്‍ഷകത്തൊഴിലാളികള്‍ക്ക് വേതനവര്‍ധനവിനു വേണ്ടിയും അയ്യങ്കാളിയുടെ നേതൃത്വത്തില്‍ നടന്ന കര്‍ഷകത്തൊഴിലാളി പണിമുടക്ക് ഇന്ത്യന്‍ ചരിത്രത്തിലെ ആദ്യ തൊഴില്‍സമരം കൂടിയാണ്.
അവര്‍ണരെന്ന് മുദ്രയടിക്കപ്പെട്ട ജനതക്ക് വിലക്കുകളില്ലാതെ സഞ്ചരിക്കാനും വിദ്യ അഭ്യസിക്കാനും സംഘടിക്കാനുമുള്ള അവകാശങ്ങള്‍ നേടിയെടുക്കുന്നതില്‍ മഹാത്മാ അയ്യങ്കാളി നയിച്ച സമരങ്ങളുടെ പങ്ക് ചെറുതല്ല. ഐതിഹാസികമായ ഇത്തരം ധീര പോരാട്ടങ്ങളാണ് ആധുനിക കേരളത്തിന് അടിത്തറ പാകിയത്. കേരളം നേടിയ സാമൂഹിക പുരോഗതിക്ക് ഈ സമരങ്ങളുടെ പിന്‍ബലമുണ്ട്.
നവലിബറല്‍ സാമ്പത്തിക നയങ്ങളും വര്‍ഗീയ രാഷ്ട്രീയവും ജനജീവിതത്തെ പ്രതിസന്ധികളിലേക്ക് തള്ളിവിടുകയാണിന്ന്. ജനപക്ഷ രാഷ്ട്രീയത്തിലൂന്നി പ്രവര്‍ത്തിക്കുന്ന ഇടതുപക്ഷത്തിനേ ഈ വെല്ലുവിളികളെ പ്രതിരോധിക്കാനാവൂ. എല്‍ഡിഎഫ് സര്‍ക്കാരിന്റെ ബദല്‍ സമീപനങ്ങള്‍ ഈ പുരോഗമന നിലപാടുകളെ പ്രതിഫലിപ്പിക്കുന്നു.
സാമുദായിക ഭിന്നതകളെയും സാമൂഹിക അസമത്വത്തെയും മറികടന്ന് തുല്യതയിലൂന്നിയ സമൂഹമായി കേരളത്തെ ഇനിയുമേറെ ഉയര്‍ത്തേണ്ടതുണ്ട്. മഹാത്മാ അയ്യങ്കാളിയുടെ ആവേശമുണര്‍ത്തുന്ന ഓര്‍മ്മകള്‍ അതിനുള്ള പ്രചോദനമായി തീരട്ടെ.