പുരുഷന് ലഭിക്കുന്ന എല്ലാ അവകാശവും സ്ത്രീക്കും ലഭിക്കണം, അത് ധാര്‍ഷ്ട്യമെങ്കില്‍ ആവര്‍ത്തിക്കുമെന്ന് മുഖ്യമന്ത്രി പിണറായി
ശബരിമലയില്‍ നിലപാടില്‍ മാറ്റിമില്ലെന്ന് ആവര്‍ത്തിച്ച് നിയമസഭയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍. പുരുഷന് ലഭിക്കുന്ന എല്ലാ അവകാശങ്ങളും സ്ത്രീകള്‍ക്കും ലഭിക്കണമെന്ന് പറഞ്ഞ മുഖ്യമന്ത്രി അത് ധാര്‍ഷ്ട്യമാണെങ്കില്‍ തുടരുമെന്ന് നിയമസഭയില്‍ ഉറച്ച നിലപാടെടുത്തു.
നവോത്ഥാന മൂല്യ സംരക്ഷണത്തിനായി നിലകൊള്ളുമെന്ന് അര്‍ത്ഥശങ്കയ്ക്ക് ഇടനല്‍കാതെ പിണറായി വിജയന്‍ നയം വ്യക്തമാക്കി. സ്ത്രീകളുടെ അവകാശ സംരക്ഷണത്തിന് വ്യക്തമായ കാഴ്ചപ്പാടുണ്ടെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു.
ശബരിമല വിധിയും തുടര്‍ന്നുണ്ടായ സര്‍ക്കാര്‍ നടപടിയും ന്യായീകരിച്ച മുഖ്യമന്ത്രി സുപ്രീം കോടതി വിധി നടപ്പാക്കേണ്ടത് സര്‍ക്കാരിന്റെ ഭരണഘടനാ ബാധ്യതയാണെന്നും വ്യക്തമാക്കി. വിധി നടപ്പാക്കാന്‍ സര്‍ക്കാര്‍ ധൃതി കാണിച്ചില്ലെന്നും സ്ത്രീകളെ എത്തിക്കാന്‍ ശ്രമിച്ചില്ലെന്നും വിമര്‍ശന പ്രചാരണങ്ങള്‍ ഉയരുന്ന ഘട്ടത്തില്‍ പിണറായി വിജയന്‍ വിശദീകരിച്ചു.
ശബരിമല വിഷയം എല്‍ഡിഎഫിന്റെ തെരഞ്ഞെടുപ്പ് പരാജയത്തിന് കാരണമായെന്ന തരത്തില്‍ വിമര്‍ശനം ഉയരുമ്പോഴാണ് പറഞ്ഞതില്‍ ഉറച്ചുനിന്നു കൊണ്ട് മുഖ്യമന്ത്രി നയം വ്യക്തമാക്കിയത്. തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് ഉണ്ടായ തിരിച്ചടി ഗൗരവമായി കാണുന്നു.കേരളത്തിലേത് താല്‍ക്കാലികമായ തിരിച്ചടിയാണെന്നും വിജയത്തില്‍ യുഡിഎഫ് മതിമറക്കേണ്ടെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നല്‍കി.
ദേശീയതലത്തിലെ പ്രത്യേക സാഹചര്യം കോണ്‍ഗ്രസ് ഇവിടെ ഉപയോഗിച്ചുവെന്നും ഇടതു മുന്നണിക്കൊപ്പം നിന്ന ഒരു വിഭാഗത്തെ തെറ്റിദ്ധരിപ്പിച്ചെന്നും പിണറായി ആരോപിച്ചു. മുസ്ലീം ലീഗ് തീവ്രവാദസ്വഭാവമുള്ളവരെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിച്ചെന്നും പിണറായി ആരോപിച്ചു.
വര്‍ഗീയതയെ പ്രതിരോധിക്കുന്നത് ധാര്‍ഷ്ട്യമെങ്കില്‍ അത് തുടരുമെന്ന് പറയാനും മുഖ്യമന്ത്രി മടിച്ചില്ല. വര്‍ഗീയ ശക്തികള്‍ക്ക് വിധേയമായി പഞ്ചപുച്ഛമടക്കി നില്‍ക്കുന്നവരെയാണ് അവര്‍ക്കാവശ്യം. എന്നാല്‍ അതിന് താന്‍ നില്‍ക്കില്ലെന്നും സഭയില്‍ മുഖ്യമന്ത്രി വ്യക്തമാക്കി. വര്‍ഗീയതക്കെതിരായ പ്രതിരോധത്തില്‍ മുന്നില്‍ നില്‍ക്കുമെന്നും അത് തന്നില്‍ അര്‍പ്പിതമായ കര്‍ത്തവ്യമാണെന്നും മുഖ്യമന്ത്രി പിണറായി വിശദീകരിച്ചു. അത് ധാര്‍ഷ്ട്യമാണെങ്കില്‍ ഇനിയും അത് തുടരുമെന്നാണ് മുഖ്യമന്ത്രി പറഞ്ഞുവെച്ചത്.