നഗരങ്ങളിലും ഗ്രാമങ്ങളിലും പച്ചത്തുരുത്തെന്ന് മുഖ്യമന്ത്രി, ശാന്തിവനം എന്ന് കേട്ടിട്ടുണ്ടോ എന്ന് സോഷ്യല്‍ മീഡിയ
ലോക പരിസ്ഥിതി ദിനത്തില്‍ പച്ചതുരുത്ത് പദ്ധതിക്ക് തുടക്കം കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ ഫേസ്ബുക്കില്‍ കുറിച്ച സന്ദേശത്തോട് ശാന്തിവനത്തെ കുറിച്ച് കേട്ടിട്ടുണ്ടോ എന്ന് ചോദിച്ചാണ് സോഷ്യല്‍ മീഡിയ പ്രതികരിച്ചത്. മുഖ്യമന്ത്രി പിണറായി വിജയന്റെ ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്ത വീഡിയോയ്ക്ക് താഴെ ഈ സര്‍ക്കാരിന്റെ കാലത്ത് നടന്നുകൊണ്ടിരിക്കുന്ന കാര്യങ്ങള്‍ തിരിച്ചു ചോദിച്ചാണ് കമന്റുകള്‍ അധികവും. വലിയ സമരത്തിലേക്ക് നീങ്ങിയ ഇപ്പോഴും പരിസ്ഥിതി പ്രേമികള്‍ പ്രതിഷേധിക്കുന്ന ശാന്തിവനത്തിലെ സര്‍ക്കാരിന്റെ സമീപനം തന്നെയാണ് പാരിസ്ഥിതിക സ്‌നേഹം വീഡിയോയിലൂടെ കാണിക്കാന്‍ ശ്രമിക്കുമ്പോള്‍ ചോദ്യം ചെയ്യപ്പെടുന്നത്.
നഗരങ്ങളിലും ഗ്രാമങ്ങളിലും പച്ച തുരുത്തുകള്‍ ഉണ്ടാക്കാനുള്ള പദ്ധതിയ്ക്കാണ് സര്‍ക്കാര്‍ തുടക്കം കുറിയിക്കുന്നത്. ലോക പരിസ്ഥിതി ദിനമാണിന്ന് എന്ന് തുടങ്ങുന്ന മുഖ്യമന്ത്രിയുടെ സന്ദേശം ഇങ്ങനെ.
ലോക പരിസ്ഥിതി ദിനമാണിന്ന്. ഈ ദിനത്തില്‍ വ്യത്യസ്തമായ ഒരു പദ്ധതിക്ക് തുടക്കം കുറിക്കുകയാണ്. നഗരങ്ങളിലും ഗ്രാമങ്ങളിലും പച്ച തുരുത്തുകള്‍ ഉണ്ടാക്കാനുള്ള പദ്ധതിയ്ക്കാണ് തുടക്കം കുറിക്കുന്നത്. ചെറിയ പ്രദേശത്ത് വനവല്‍ക്കരണം. ഹരിതകേരളം മിഷന്‍ തദ്ദേശ സ്ഥാപനങ്ങളുമായി ചേര്‍ന്നാണ് പച്ചതുരുത്ത് പദ്ധതി ആരംഭിക്കുന്നത്. ഒഴുക്ക് നിലച്ച പുഴകളെ വീണ്ടെടുത്ത് പരിസ്ഥിതി സംരക്ഷണത്തിന് മാതൃക സൃഷ്ടിച്ച നാടാണ് കേരളം. അതിന്റെ തുടര്‍ച്ചയാണ് പച്ചതുരുത്ത് പദ്ധതി.
പരിസ്ഥിതി സംരക്ഷണത്തിന് മാതൃക സൃഷ്ടിച്ച നാടാണ് കേരളമെന്നും അതിന്റെ തുടര്‍ച്ചയാണ് പച്ചത്തുരുത്ത് പദ്ധതിയെന്നും മുഖ്യമന്ത്രി പറയുമ്പോള്‍ ശാന്തിവനം എന്ന് കേട്ടിട്ടുണ്ടോ മിസ്റ്റര്‍ മുഖ്യമന്ത്രിയെന്നാണ് ഒരാളുടെ ചോദ്യം.
പരിസ്ഥിതി നിയമങ്ങള്‍ ലംഘിച്ചു കെട്ടിപ്പൊക്കിയ മരടിലെ ഫ്‌ലാറ്റുകള്‍ സുപ്രീംകോടതി ഉത്തരവനുസരിച്ച് പൊളിച്ചുമാറ്റുന്നതിനു തുടക്കം കുറിക്കാനുള്ള ഇരട്ടച്ചങ്ക് സഖാവിനുണ്ടോയെന്നാണ് മറ്റൊരാളുടെ ചോദ്യം. ഉള്ള കാട് വെട്ടിക്കളഞ്ഞ വര്‍ഷത്തില്‍ (ശാന്തി വനം) ഇച്ചിരി പൈസ ഉണ്ടാക്കാനുള്ള പാര്‍ട്ടി തട്ടിപ്പായിട്ടേ തോന്നുന്നുള്ളുവെന്നാണ് മുഖ്യമന്ത്രിയുടെ പേജില്‍ വന്ന മറ്റൊരു കമന്റ്.
ബ്രാന്‍ഡ് അമ്പാസഡര്‍ ആയി കഴിഞ്ഞ ലോക്‌സഭാ ഇലക്ഷനില്‍ ഇടുക്കിയില്‍ നിന്നും പൊന്നാനിയില്‍ നിന്നുംഎല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികളായി മത്സരിച്ച പരിസ്ഥിതി സ്‌നേഹികളെ നിയമിക്കണം., എന്നാലേ സംഗതി ജോറാവൂവെന്ന് മുഖ്യമന്ത്രിയോട് പറയാനും ചിലര്‍ക്ക് മടിയില്ല.
ആശംസകളും പിന്തുണകളും പച്ചത്തുരുത്ത് പദ്ധതികള്‍ക്ക് അറിയിക്കുന്നവര്‍ക്കും പറയാന്‍ ഒന്നേയുള്ളു,
നിലവിലുള്ള പച്ചപ്പ് നിലനിര്‍ത്തേണ്ടത് സര്‍ക്കാരിന്റെ കടമയാണ് എന്ന് പരിസ്ഥിതി ദിനത്തില്‍ ഓര്‍മ്മപ്പെടുത്തട്ടെയെന്ന്. അതിനാല്‍ വടക്കന്‍ പറവൂരിലെ ശാന്തിവനത്തെ സംരക്ഷിക്കാന്‍ ഇടപെടലുകള്‍ നടത്തും എന്ന് പ്രതീക്ഷിക്കുന്നുവെന്ന്.
കോഴിക്കോട് കക്കാടുംപൊയിലിലെ പാരിസ്ഥിതിക ദുര്‍ബലപ്രദേശത്ത് പാര്‍ക്കും തടയണയും കെട്ടിയ നിലമ്പൂരിലെ സിപിഎം എംഎല്‍എ പി വി അന്‍വറിനും കയ്യേറ്റ ആരോപണം നേരുടന്നു ഇടുക്കി എംപിയായിരുന്ന ജോയ്‌സ് ജോര്‍ജ്ജിനേയുമെല്ലാം ചൂണ്ടിക്കാണിച്ചാണ് സോഷ്യല്‍ മീഡിയ വിമര്‍ശനം ഉന്നയിക്കുന്നത്.
വിമര്‍ശനങ്ങള്‍ പലവഴിക്ക് ഉണ്ടാകുമ്പോഴും ഇടത് സര്‍ക്കാരില്‍ പ്രതീക്ഷ കൈവിടാതെ അഭ്യര്‍ത്ഥനയുമായി എത്തുന്നവരും നിരവധി.
സര്‍, വികസനത്തിന്റെ പേരില്‍ 'ശാന്തി വനം' നശിപ്പിക്കാന്‍ കൂട്ടുനില്‍ക്കരുത്... അതിന്റെ സ്വാഭാവിക അവസ്ഥയെ അതെ പടി നിലനിര്‍ത്തുക.. വരും തലമുറക്കു വേണ്ടിയെങ്കിലും.
ഇങ്ങനെ ഒട്ടനവധി കമന്റുകള്‍. അതിനിടയില്‍ സ്വന്തം നാട്ടിലെ പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ മുഖ്യമന്ത്രിയെ അറിയിക്കാന്‍ സന്ദേശം ഇടുന്നവരും ഒട്ടനവധി. ജനങ്ങളെ ബോധവല്‍ക്കരിക്കുക കൂടിവേണമെന്നും മുഖ്യമന്ത്രിയോട് ഉണര്‍ത്തിക്കുന്നുണ്ട് പരിസ്ഥിതി ദിനത്തില്‍ ചിലര്‍.