ലൈംഗിക പീഡന കേസില്‍ സിവിക് ചന്ദ്രനെതിരായ ആദ്യ കേസിലും മുന്‍കൂര്‍ ജാമ്യം അനുവദിച്ചുകൊണ്ടുള്ള കോടതി ഉത്തരവ് വിവാദത്തില്‍. സിവികിന് ജാമ്യം അനുവദിച്ചുകൊണ്ടുള്ള ഉത്തരവില്‍ ജാതിയില്ലെന്ന് എസ്.എസ്.എല്‍.സി ബുക്കില്‍ രേഖപ്പെടുത്തിയ ആള്‍ക്കെതിരെ എസ്.സി.എസ്.ടി ആക്ട് നിലനില്‍ക്കില്ലെന്നാണ് കോടതി പറഞ്ഞത്. അതേസമയം ഈ പരാമര്‍ശം പട്ടിക ജാതി പട്ടിക വര്‍ഗ അതിക്രമ നിയമത്തിന് എതിരാണെന്നാണ് നിയമ വിദഗ്ധര്‍ പറയുന്നത്.
മുന്‍കൂര്‍ ജാമ്യം അനുവദിച്ചുകൊണ്ടുള്ള സെഷന്‍സ് കോടതി ജഡ്ജി എസ്. കൃഷ്ണകുമാറിന്റെ ഉത്തരവാണ് ഇപ്പോള്‍ വിവാദമായിരിക്കുന്നത്.
നിയമത്തിന് മുന്നില്‍ എല്ലാവരും തുല്യരാണ്. ജാതിരഹിത സമൂഹമാണ് ഭരണഘടനാ ശില്‍പികള്‍ ഉള്‍പ്പെടെ ലക്ഷ്യം വെച്ചിരിക്കുന്നതെന്നും കോടതി വിധി ന്യായത്തില്‍ പറയുന്നു. അതിജീവിത കാര്യബോധമില്ലാത്ത ആളാണെന്നും കോടതി നിരീക്ഷിക്കുന്നു.
ആഗസ്ത് 12ന് മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നെങ്കിലും ഈ ഉത്തരവിന്റെ പകര്‍പ്പ് കഴിഞ്ഞ ദിവസമാണ് പുറത്ത് വന്നത്. സെഷന്‍സ് ജഡ്ജിയുടെ പരാമര്‍ശത്തിനെതിരെ ഹൈക്കോടതി രജിസ്ട്രാര്‍ക്ക് പരാതി നല്‍കാനാണ് ഇരയായ യുവതിയുടെ തീരുമാനം.