പിരിച്ചുവിട്ടവരെ തിരിച്ചെടുക്കില്ലെന്ന കടുംപിടുത്തത്തില്‍ മാനേജ്‌മെന്റ് ; മുത്തൂറ്റില്‍ സമരം തുടരുമെന്ന് സിഐടിയു
പിരിച്ചുവിട്ട തൊഴിലാളികളെ തിരിച്ചെടുക്കില്ലെന്ന കടുംപിടുത്തം മാനേജ്‌മെന്റ് തുടര്‍ന്നതോടെ മുത്തൂറ്റിലെ തര്‍ക്കം പരിഹരിക്കാന്‍ വിളിച്ചുചേര്‍ത്ത മധ്യസ്ഥ ചര്‍ച്ച തീരുമാനമാകാതെ പിരിഞ്ഞു. ഇതോടെ സമരം തുടരുമെന്ന് സിഐടിയു യൂണിയന്‍ വ്യക്തമാക്കി. പ്രശ്‌നപരിഹാരത്തിന് ഹൈക്കോടതി മധ്യസ്ഥന്റെ സാന്നിധ്യത്തില്‍ എറണാകുളം ഗസ്റ്റ് ഹൗസിലായിരുന്നു ചര്‍ച്ച. 166 ജീവനക്കാരെ പിരിച്ചുവിടും മുന്‍പുള്ള സ്റ്റാറ്റസ്‌കോ പുനസ്ഥാപിക്കണമെന്നായിരുന്നു സിഐടിയു യൂണിയന്റെ ആവശ്യം. എന്നാല്‍ ബോര്‍ഡിന്റെ തീരുമാനമാണിതെന്നും പിന്‍വലിക്കാനാകില്ലെന്നും മാനേജ്‌മെന്റ് നിലപാടെടുത്തു. മുത്തൂറ്റിനെ തകര്‍ക്കാനാണ് സിഐടിയു ശ്രമമെന്ന് മാനേജ്‌മെന്റ് ഈ യോഗത്തിലും ആവര്‍ത്തിച്ചു. ഇതോടെ ജനുവരി 2 ന് ആരംഭിച്ച അനിശ്ചിതകാല പണിമുടക്ക് അതിശക്തമായി തുടരുമെന്ന് സിഐടിയു ജനറല്‍ സെക്രട്ടറി എളമരം കരീം എംപി അറിയിച്ചു.
52 ദിവസം നീണ്ട പണിമുടക്കിനെ തുടര്‍ന്ന് ഹെക്കോടതി നിരീക്ഷകന്റെയും തൊഴില്‍ വകുപ്പ് ഉദ്യോഗസ്ഥരുടെയും സിഐടിയു നേതാക്കളുടെയും സാന്നിദ്ധ്യത്തില്‍ ഒപ്പുവച്ച കരാറിലെ മഷിയുണങ്ങും മുന്‍പാണ് മുത്തൂറ്റ് ഫിനാന്‍സില്‍ കൂട്ടപ്പിരിച്ചുവിടലുണ്ടായതെന്ന് യൂണിയന്‍ ചൂണ്ടിക്കാട്ടി. പണിമുടക്ക് സമരത്തിന്റെ ഭാഗമായി ജീവനക്കാര്‍ക്കെതിരെ യാതൊരു പ്രതികാരനടപടിയും സ്വീകരിക്കില്ലെന്ന് മാനേജ്‌മെന്റ് കരാറില്‍ വ്യക്തമാക്കിയിരുന്നു. സംസ്ഥാനത്തെ 611 ശാഖകളും തുറന്ന് പ്രവര്‍ത്തിക്കുമെന്നും അറിയിച്ചിരുന്നു. എന്നാല്‍ പൊടുന്നനെ ഡിസംബര്‍ 7 ന് 5 മണിക്ക് ഓഫീസ് സമയം അവസാനിക്കുമ്പോള്‍ പിരിച്ചു വിട്ടു കൊണ്ടുള്ള ഇമെയില്‍ സന്ദേശം ശാഖകളിലേക്കയച്ചു..മുത്തൂറ്റ് ഫിനാന്‍സ് യൂണിറ്റിന്റെ സെക്രട്ടറി, മറ്റ് ഭാരവാഹികള്‍, കമ്മിറ്റി അംഗങ്ങള്‍, സാധാരണ അംഗങ്ങള്‍ തുടങ്ങിയവരെല്ലാം പിരിച്ചുവിട്ടവരില്‍ ഉള്‍പ്പെടും. ഇവരില്‍ ഭൂരിപക്ഷവും പത്തും പതിനഞ്ചും , ഇരുപതും വര്‍ഷത്തിലേറെയായി കമ്പനിയില്‍ ജോലി ചെയ്തു വരുന്നവരാണ്. കൂടുതലും വനിതകളുമാണ്. കടുത്ത മത്സരം മൂലം ശാഖകള്‍ ആദായകരമല്ലെന്ന വാദം അടിസ്ഥാനരഹിതമാണെന്നും യൂണിയന്‍ വിശദീകരിക്കുന്നു. പൂട്ടുന്ന ശാഖകളില്‍ മിക്കതും നല്ല ലാഭത്തില്‍ പ്രവര്‍ത്തിക്കുന്നവയാണെന്ന് തൊഴിലാളികള്‍ പറയുന്നു.
നൂറില്‍ കൂടുതല്‍ ജീവനക്കാരെ പിരിച്ചു വിടണമെങ്കില്‍ സംസ്ഥാന സര്‍ക്കാരിനെ അറിയിച്ച് അനുവാദം വാങ്ങണമെന്നാണ് നിയമം. അത്തരം നടപടികളൊന്നും പാലിക്കപ്പെട്ടില്ലെന്നും യൂണിയന്‍ നേതാക്കള്‍ യോഗത്തില്‍ വ്യക്തമാക്കി. എന്നാല്‍ ശാഖകള്‍ ആദായകരമല്ലെന്നും പൂട്ടുകയല്ലാതെ നിവൃത്തിയില്ലെന്നുമായിരുന്നു മാനേജ്‌മെന്റിന്റെ മറുപടി. നേരത്തേ ലേബര്‍ കമ്മീഷണര്‍ വിളിച്ച രണ്ടു ചര്‍ച്ചകളിലും മാനേജ്‌മെന്റ് പങ്കെടുത്തിരുന്നില്ല. ശേഷം തൊഴില്‍ മന്ത്രി ശ്രീ.ടി.പി.രാമകൃഷ്ണന്‍ ഡിസംബര്‍ 31 ന് വിളിച്ച അനുരഞ്ജന യോഗവും പരാജയപ്പെട്ടു. ഇതേ തുടര്‍ന്നാണ് ജനുവരി രണ്ടു മുതല്‍ പണിമുടക്ക് ആരംഭിച്ചത്. ലേബര്‍ കമ്മീഷണറുടെ സാന്നിധ്യത്തില്‍ ചൊവ്വാഴ്ച നടന്ന ചര്‍ച്ചയില്‍ മാനേജ്‌മെന്റ് പ്രതിനിധികളായി സിവി ജോണ്‍, തോമസ് ജോണ്‍, ബാബു ജോണ്‍ മലയില്‍, പ്രഭ ഫ്രാന്‍സിസ് എന്നിവരാണ് പങ്കെടുത്തത്. യൂണിയനെ പ്രതിനിധീകരിച്ച് സിഐടിയു സംസ്ഥാന ജനറല്‍ സെക്രട്ടറി എളമരം കരീം എംപി, സിഐടിയു ദേശീയ സെക്രട്ടറി കെ. ചന്ദ്രന്‍ പിള്ള, സംസ്ഥാന സെക്രട്ടറി കെ എന്‍ ഗോപിനാഥ് , മുത്തൂറ്റ് ഫിനാന്‍സ് യൂണിറ്റ് സംസ്ഥാന വൈസ് പ്രസിഡന്റ് എം സ്വരാജ് എംഎല്‍എ , യൂണിയന്‍ ജന.സെക്രട്ടറി സി സി രതീഷ്, മുത്തൂറ്റ് ഫിനാന്‍സ് യൂണിറ്റ് സംസ്ഥാന സെക്രട്ടറി നിഷ കെ ജയന്‍ , സംസ്ഥാന കമ്മറ്റി അംഗം നിജ രൂപേഷ് എന്നിവരും പങ്കെടുത്തു.
‘ദ ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം