എം ജെ രാധാകൃഷ്ണന്‍
എം ജെ രാധാകൃഷ്ണന്‍

ഛായാഗ്രാഹകന്‍ എം ജെ രാധാകൃഷ്ണന്‍ അന്തരിച്ചു

Published on

പ്രശസ്ത ഛായാഗ്രാഹകന്‍ എംജെ രാധാകൃഷ്ണന്‍ അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം.

75 ചലച്ചിത്രങ്ങള്‍ക്ക് ഛായാഗ്രഹണം നിര്‍വഹിച്ചിട്ടുള്ള എംജെആര്‍ ഏഴ് തവണ സംസ്ഥാന പുരസ്‌കാരം നേടിയിട്ടുണ്ട്. 1999ല്‍ കാന്‍ ചലച്ചിത്രമേളയില്‍ നേടിയ ഗോള്‍ഡന്‍ ക്യാമറയുള്‍പ്പെടെ (മരണ സിംഹാസനം എന്ന ചിത്രത്തിന്) നിരവധി അന്താരാഷ്ട്ര പുരസ്‌കാരങ്ങള്‍ക്കും അര്‍ഹനായി. 1996ല്‍ ജയരാജിന്റെ ദേശാടനത്തിനാണ് ആദ്യ സംസ്ഥാന അവാര്‍ഡ്. 1999ല്‍ കരുണം, 2007ല്‍ അടയാളങ്ങള്‍, 2008ല്‍ ബയോസ്‌കോപ്പ്, 2010ല്‍ വീട്ടിലേക്കുള്ള വഴി, 2011ല്‍ ആകാശത്തിന്റെ നിറം, 2016ല്‍ കാട് പൂക്കുന്ന നേരം എന്നീ ചിത്രങ്ങള്‍ക്കും പുരസ്‌കാരം ലഭിച്ചു.

അടൂര്‍ ഗോപാലകൃഷ്ണന്‍, ഷാജി എന്‍ കരുണ്‍, ജയരാജ്, രഞ്ജിത്ത് തുടങ്ങിയ പ്രഗത്ഭരുടെ ചിത്രങ്ങളില്‍ ഭാഗമായിട്ടുണ്ട്. സംവിധായകന്‍ ഡോക്ടര്‍ ബിജു തന്റെ എല്ലാ ചിത്രങ്ങള്‍ക്കും ഛായാഗ്രാഹകനായി തെരഞ്ഞെടുത്തത് എംജെ രാധാകൃഷ്ണനെയാണ്.
എം ജെ രാധാകൃഷ്ണന്‍
എം ജെ, രാജ്യാന്തര പ്രേക്ഷകരിലെത്തിയ കാഴ്ച, റിയലിസ്റ്റിക് ഫ്രെയിമുകളുടെ സഹയാത്രികന്‍ 
പുറത്തിറങ്ങാനിരിക്കുന്ന ഷാജി എന്‍ കരുണ്‍ ചിത്രം ‘ഓള്’ ന് വേണ്ടിയാണ് എംജെആര്‍ അവസാനമായി ക്യാമറ ചലിപ്പിച്ചത്.  

പ്രശസ്ത സ്റ്റില്‍ ഫോട്ടോഗ്രാഫര്‍ എന്‍ എല്‍ ബാലകൃഷ്ണനൊപ്പമായിരുന്നു എംജെആറിന്റെ തുടക്കം. ബാലകൃഷ്ണന് വരാന്‍ സാധിക്കാത്തതിനേത്തുടര്‍ന്ന് പഞ്ചവടിപ്പാലത്തില്‍ സ്റ്റില്‍ ഫോട്ടോഗ്രാഫറായി. പിന്നീട് സിനിമകളിലേക്കും ക്ഷണമെത്തി. കുറച്ച് കാലത്തിന് ശേഷം ഷാജി എന്‍ കരുണിന്റെ ക്യാമറാ അസിസ്റ്റന്റായി. രാജീവ് അഞ്ചല്‍ സംവിധാനം ചെയ്ത അമ്മാനം കിളിയാണ് എം ജെ രാധാകൃഷ്ണന്റെ ആദ്യ സ്വതന്ത്ര സംരംഭം. സമാന്തര സിനിമകള്‍ക്കൊപ്പമായിരുന്നു എംജെആര്‍ കൂടുതലും സഞ്ചരിച്ചത്. വിളിക്കാത്തതുകൊണ്ടാണ് കൊമേഴ്‌സ്യല്‍ സിനിമകള്‍ ചെയ്യാത്തതെന്നും കൂടുതല്‍ താല്‍പര്യം വെല്ലുവിളികള്‍ നിറഞ്ഞ സമാന്തര സിനിമയാണെന്നും ഒരിക്കല്‍ അദ്ദേഹം അഭിമുഖത്തില്‍ പറഞ്ഞിരുന്നു.

logo
The Cue
www.thecue.in