പി.ടി. തോമസ് എം.എല്‍.എയുടെ സംസ്‌കാര ദിവസം തൃശൂര്‍ കോര്‍പറേഷനിലെ കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍ ക്രിസ്തുമസ് ആഘോഷിച്ച സംഭവത്തില്‍ പ്രതിഷേധം. കെ.പി.സി.സി ജില്ലാ കമ്മിറ്റിയോട് വിശദീകരണം തേടി. സംഭവം വിവാദമായതോടെയാണ് നടപടി.
വ്യാഴാഴ്ച രാവിലെയായിരുന്നു കൗണ്‍സിലര്‍മാരുടെ ക്രിസ്തുമസ് ആഘോഷം. കോര്‍പറേഷന്‍ പ്രതിപക്ഷ നേതാവിന്റെ നേതൃത്വത്തില്‍ അലങ്കാരം ഒരുക്കിയും കേക്ക് മുറിച്ചും ആഘോഷിച്ചുവെന്നാണ് ആരോപണം.
പി.ടി. തോമസിനോടുള്ള ആദര സൂചകമായി പലയിടങ്ങളിലും ക്രിസ്തുമസ് ആഘോഷങ്ങള്‍ ഒഴിവാക്കിയിരുന്നു. ഈ ഘട്ടത്തില്‍ ക്രിസ്തുമസ് ആഘോഷിച്ചതാണ് വിവാദത്തിന് വഴിവെച്ചത്.
പി.ടി. തോമസ് എം.എല്‍.എയോടുള്ള ആദര സൂചകമായി വ്യാഴാഴ്ച ഉച്ച കഴിഞ്ഞ് തൃക്കാക്കര മണ്ഡലത്തില്‍ അവധി പ്രഖ്യാപിച്ചിരുന്നു.
എന്നാല്‍ പി.ടി. തോമസിന്റെ ദുഖാചരണത്തിനിടെ കാക്കനാട് സിവില്‍ സ്‌റ്റേഷനിലെ ട്രഷറി ജീവനക്കാര്‍ വെള്ളിയാഴ്ച ക്രിസ്തുമസ് ആഘോഷിച്ചതും പ്രതിഷേധത്തിനിടയാക്കിയിരുന്നു. സംഭവം അറിഞ്ഞ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി എത്തിയതിന് പിന്നാലെ ആഘോഷം നിര്‍ത്തിവെക്കുകയായിരുന്നു.
മണ്ഡലത്തിന്റെ പരിധിയിലുള്ള പല ഓഫീസുകളിലും സ്വമേധയാ ക്രിസ്തുമസ് ആഘോഷം വേണ്ടെന്ന് വെച്ചിരുന്നു. എന്നാല്‍ ഈ സമയത്താണ് കളക്ട്രേറ്റില്‍ വലിയ രീതിയില്‍ ക്രിസ്തുമസ് ആഘോഷം സംഘടിപ്പിക്കാന്‍ തീരുമാനിച്ചത്.
എന്നാല്‍ വ്യാഴാഴ്ച തീരുമാനിച്ചിരുന്നത് വെള്ളിയാഴ്ചയിലേക്ക് മാറ്റി വെക്കുകയായിരുന്നുവെന്നാണ് ജീവനക്കാര്‍ പറയുന്നത്.