കോവിഡ് വാക്സിൻ എടുത്തതുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിലെ വിമർശനങ്ങളോട് പ്രതികരിച്ച് യുവജനക്ഷേമ കമ്മീഷന്‍ ചെയര്‍പേഴ്സണ്‍ ചിന്ത ജെറോം. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളിൽ ഏർപ്പെടുന്നവർക്ക് കോവിഡ് വാക്സിനേഷന്‍ നല്‍കണമെന്ന് കേന്ദ്രത്തിന്റെ നിർദേശമുണ്ടായിരുന്നു. ഇതനുസരിച്ചാണ് കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ നിരന്തരം ഏര്‍പ്പെടുന്നവരെന്ന നിലയില്‍ കമ്മീഷന്‍ അംഗങ്ങളും ജീവനക്കാരും വാക്സിന്‍ സ്വീകരിച്ചത്. ഇതിന്റെ ഭാഗമായാണ് താനും വാക്സിന്‍ സ്വീകരിച്ചതെന്ന് ചിന്ത ജെറോം മാതൃഭൂമി ഡോട്ട്കോമിനോട് പ്രതികരിച്ചു.
കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏർപ്പെടുന്നവർക്ക് വാക്സിൻ നൽകുന്നതിനായുള്ള പ്രായപരിധി കേന്ദ്രം നിശ്ചയിച്ചിട്ടില്ല. അതിനാല്‍ മറിച്ചുള്ള പ്രചാരണങ്ങള്‍ വ്യക്തിഹത്യ നടത്തുന്നതിന് വേണ്ടിയുള്ളതാണെന്ന് ചിന്ത ജെറോം വ്യക്തമാക്കി.
രണ്ട് ദിവസം മുൻപായിരുന്നു ചിന്ത ജെറോം വാക്സിൻ സ്വീകരിച്ചത്. അതിന്റെ ചിത്രം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തതോടെയാണ് വിമർശനങ്ങൾ ഉയർന്നത്. 45 വയസിന് മുകളില്‍ ഉള്ളവര്‍ക്ക് മാത്രമാണ് ഇപ്പോള്‍ വാക്സിന്‍ നല്‍കുന്നതെന്നും എന്നാല്‍ 34 വയസ് മാത്രമുള്ള ചിന്തയ്ക്ക് എങ്ങനെയാണ് വാക്സിന്‍ ലഭിച്ചതെന്നുമായിരുന്നു സോഷ്യൽ മീഡിയയിൽ ഉയർന്ന ചോദ്യങ്ങൾ. പിന്‍വാതില്‍ വഴി സഖാക്കള്‍ക്ക് വാക്സിന്‍ നല്‍കി വാക്സിന്‍ ക്ഷാമമുണ്ടാക്കുന്നുവെന്നുള്ള കമന്റുകളും വന്നിരുന്നു. എന്നാല്‍ താന്‍ പിന്‍വാതില്‍ വഴിയല്ല മുന്‍വാതില്‍ വഴി തന്നെയാണ് വാക്സിനെടുത്തതെന്ന് ചിന്ത ജെറോം പറഞ്ഞു.