ചൈനയുടേത് ചതി, ഗല്‍വന്‍ വാലിയില്‍ ഇപ്പോഴും അവരുടെ സൈന്യമുണ്ട്: എ കെ ആന്റണി

എ കെ ആന്റണി
എ കെ ആന്റണി
Published on

ഗല്‍വാന്‍ വാലിയില്‍ ചൈനീസ് സേന ഇപ്പോഴും ഉണ്ടെന്ന് മുന്‍പ്രതിരോധമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ എകെ ആന്റണി. അവിടെ ചൈനയുടെ നിര്‍മ്മാണമുണ്ട്. അവയൊന്നും പൊളിച്ചുമാറ്റിയിട്ടില്ല. ചൈനയുടെത് ചതിയാണ്. പാങ്കോംഗ് ത്സോ തടാകത്തോട് ചേര്‍ന്നുള്ള പ്രദേശത്തും ചൈനീസ് പട്ടാളമുണ്ടെന്നും ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ എകെ ആന്റണി പറഞ്ഞു.

ഗല്‍വാന്‍വാലി ഒരിക്കലും തര്‍ക്ക മേഖലയായിരുന്നില്ലെന്ന് എകെ ആന്റണി പറഞ്ഞു. രണ്ടാം യുപിഎ സര്‍ക്കാരിന്റെ കാലത്ത് ഇവിടേക്ക് റോഡ് നിര്‍മ്മിച്ചപ്പോള്‍ ചൈന എതിര്‍ത്തില്ല.ഇത് പോലൊരു വിശ്വാസ വഞ്ചന ചൈനയുടെ ഭാഗത്ത് നിന്ന് രാജ്യം പ്രതീക്ഷിച്ചില്ലെന്നും എകെ ആന്റണി പറഞ്ഞു,

ഇന്ത്യ ഭാവിയെക്കുറിച്ച് ചിന്തിക്കേണ്ട സമയമാണ്. പഴയ അവസ്ഥ പുനസ്ഥാപിക്കാന്‍ സൈനിക ബലം ശക്തിപ്പെടുത്തണം. 1962ലെ അവസ്ഥയിലല്ല ഇന്ത്യ ഇന്ന്. 1975 മുതല്‍ ചൈനീസ് അതിര്‍ത്തി ശക്തിപ്പെടുത്തിയിട്ടുണ്ട്. യുപിഎ സര്‍ക്കാരുകള്‍ പ്രതിരോധത്തിനായാണ് കൂടുതല്‍ തുക ചെലവഴിച്ചത്. റോഡുകളും പാലങ്ങളും നിര്‍മ്മിച്ചു. കൂടുതല്‍ വിമാനങ്ങള്‍ വാങ്ങി. ഏത് വെല്ലുവിളിയെയും നേരിടാന്‍ ഇന്ത്യന്‍ സായുധ സേന സജ്ജമാണെന്നും എകെ ആന്റണി ചൂണ്ടിക്കാട്ടി.

മഹാബലിപുരം ചര്‍ച്ചയ്ക്ക് ശേഷം ചൈന ഇന്ത്യയോട് വഞ്ചന കാണിക്കുമെന്ന് കരുതിയിരുന്നില്ല. തുടര്‍ ചര്‍ച്ചകള്‍ നടക്കുന്നതിനിടെയാണ് ഇന്ത്യയെ ആക്രമിക്കുന്നത്. യുപിഎ കാലത്താണ് വലിയ കടന്നുകയറ്റം നടന്നതെന്ന ബിജെപി പ്രസിഡന്റ് ജെപി നാദ്ദയുടെ ആരോപണം എകെ ആന്റണി തള്ളി. 1962 മുതല്‍ ചൈനീസ് അതിര്‍ത്തിയില്‍ പ്രശ്‌നങ്ങളുണ്ട്. എന്നാല്‍ ഇപ്പോള്‍ ഉണ്ടായ കടന്നുകയറ്റം പോലെ യുപിഎ സര്‍ക്കാരിന്റെ കാലത്ത് ഉണ്ടായിട്ടില്ലെന്നും എകെ ആന്റണി പറഞ്ഞു.

ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ യോഗങ്ങള്‍ക്ക് നരേന്ദ്രമോദി അധികാരമേറ്റതിന് ശേഷം ബിജെപി പ്രതിനിധികളും പങ്കെടുക്കാറുണ്ട്. നേരത്തെ കോണ്‍ഗ്രസ് മാത്രമാണ് പോയിരുന്നത്. ഇരുപാര്‍ട്ടികള്‍ക്കും ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുമായി നല്ല ബന്ധമുണ്ട്. ചൈനയിലേക്ക് നാല് തവണ ക്ഷണിക്കപ്പെട്ട ഇന്ത്യയിലെ ഏക മുഖ്യമന്ത്രി നരേന്ദ്രമോദിയായിരുന്നുവെന്നും എകെ ആന്റണി ഓര്‍മ്മിപ്പിച്ചു.

Related Stories

No stories found.
logo
The Cue
www.thecue.in