പതിനൊന്ന് മാസത്തെ പോരാട്ടത്തിനൊടുവിൽ കുഞ്ഞ് അനുപയുടെ കയ്യിൽ; കുഞ്ഞിനെ കൈമാറി

പതിനൊന്ന് മാസത്തെ പോരാട്ടത്തിനൊടുവിൽ കുഞ്ഞ് അനുപയുടെ കയ്യിൽ; കുഞ്ഞിനെ കൈമാറി
Published on

കുഞ്ഞ് അനുപമയുടേതെന്ന് തെളിഞ്ഞ സാഹചര്യത്തില്‍ കുഞ്ഞിനെ അനുപമയ്ക്ക് കൈമാറി. തിരുവനന്തപുരം വഞ്ചിയൂര്‍ കുടുംബ കോടതിയാണ് ഉത്തരവിറക്കിയത്.

അനുപമയും കുഞ്ഞും ജഡ്ജിയുടെ ചേംബറില്‍ ഹാജരായിരുന്നു. ഇതിന് പുറമെ സര്‍ക്കാര്‍ അഭിഭാഷകനെയും സിഡബ്ല്യുസി അധ്യക്ഷയും ചേംബറില്‍ ഹാജരായിരുന്നു. കുഞ്ഞിനെ ചേംബറില്‍ വെച്ച് ഡോക്ടര്‍ വൈദ്യ പരിശോധന നടത്തിയിരുന്നു.

അനുപമയുടെയും അജിത്തിന്റെയും കുഞ്ഞ് അവരുടെ തന്നെയാണെന്ന് കഴിഞ്ഞ ദിവസം ഡി.എന്‍.എ പരിശോധനാ ഫലം വന്നിരുന്നു. റിപ്പോര്‍ട്ട് സി.ഡബ്ല്യു.സിക്ക് കൈമാറിയിരുന്നു. തിങ്കളാഴ്ചയാണ് ആന്ധ്രയില്‍ നിന്ന് തിരിച്ചെത്തിച്ച കുഞ്ഞിന്റെ ഡി.എന്‍.എ സാമ്പിളുകള്‍ ശേഖരിച്ചത്.

രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്നോളജിയില്‍ വെച്ചാണ് ഡി.എന്‍.എ പരിശോധന നടത്തിയത്. ചൊവ്വാഴ്ച വകുപ്പ് തല അന്വേഷണത്തില്‍ വിശ്വാസമില്ലെന്നും തെളിവ് നശിപ്പിക്കുമെന്ന് ഭയമുണ്ടെന്നും അനുപമ പറഞ്ഞിരുന്നു. കുഞ്ഞിനെ കാണാന്‍ അനുപമ അനുവാദം ചോദിച്ചിരുന്നെങ്കിലും നിഷേധിക്കുകയായിരുന്നു.

ദത്ത് വിവാദത്തില്‍ ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറി ഷിജൂ ഖാനെതിരെ ഗുരുതര ആരോപണങ്ങളാണ് വനിതാ ശിശുവികസന ഡയറക്ടര്‍ ടി.വി അനുപമ നടത്തിയ വകുപ്പ് തല അന്വേഷണത്തില്‍ കണ്ടെത്തിയത്.

കുഞ്ഞിനെ കയ്യില്‍ കിട്ടുന്ന നിമിഷത്തിനായി കാത്തിരിക്കുകയാണെന്ന് അനുപമ പ്രതികരിച്ചിരുന്നു. എന്നാല്‍ കുഞ്ഞിനെ കയ്യില്‍ കിട്ടിയാലും സമരം തുടരും. ഇതുവരെ കാര്യങ്ങള്‍ വൈകിച്ചത് പോലെ ഇനി ചെയ്യരുതെന്ന അഭ്യര്‍ത്ഥനയുണ്ടെന്നും അനുപമ വ്യക്തമാക്കി.

Related Stories

No stories found.
logo
The Cue
www.thecue.in