തമിഴ്‌നാട്ടിലെ ചിദംബരം നടരാജര്‍ ക്ഷേത്രം നടത്തിപ്പിനെതിരെ ഗുരുതരമായ ആരോപണങ്ങള്‍. ക്ഷേത്രനടത്തിപ്പുമായി ബന്ധപ്പെട്ട് 14,000ത്തിലധികം പരാതികളാണ് ഔദ്യോഗിക അന്വേഷണ സമിതിക്ക് ലഭിച്ചത്.
ഹിന്ദു റിലീജിയസ് ആന്‍ഡ് ചാരിറ്റബിള്‍ എന്‍ഡോവ്മെന്റ് (HR&CE) ആവശ്യപ്പെട്ട പൊതു അറിയിപ്പിന് പിന്നാലെയാണ് പരാതികള്‍ ലഭിച്ചത്.
നേരിട്ടും തപാല്‍/ഇമെയില്‍ വഴിയും 19,405 പരാതികള്‍ ലഭിച്ചു. ഇതില്‍ 14,098 പരാതികൾ ക്ഷേത്രത്തിലെ ആചാരങ്ങളുടെയും അനുഷ്ഠാനങ്ങളുടെയും തെറ്റായ നടത്തിപ്പ് മുതല്‍ സാമ്പത്തിക ക്രമക്കേടുകള്‍ വരെയുള്ള ആരോപണങ്ങളുമായി ബന്ധപ്പെട്ടതാണ്.
ക്ഷേത്രത്തില്‍ ശൈശവ വിവാഹങ്ങള്‍ നടക്കുന്നുണ്ടെന്നും സ്ത്രീ ഭക്തരോട് മാന്യമായി പെരുമാറുന്നില്ലയെന്നും ചിലര്‍ ഉന്നയിച്ചു.
പണം, സ്വര്‍ണം, വെള്ളി തുടങ്ങിയ പൊതു സംഭാവനകള്‍ക്ക് രസീത് നല്‍കുന്നില്ലെന്നായിരുന്നു 28 പരാതികള്‍. വീട്ടുപടിക്കല്‍ പ്രസാദം വിതരണം ചെയ്യുന്ന പദ്ധതി പ്രകാരം 10,000 രൂപ വരെ അടച്ച ഭക്തര്‍ക്ക് പോലും രസീത് നല്‍കിയിട്ടില്ലെന്ന് റിപ്പോര്‍ട്ടിലുണ്ട് മാത്രമല്ല കളക്ഷന്‍ ബോക്‌സുകള്‍ ക്ഷേത്രപരിസരത്ത് സ്ഥാപിക്കണം എന്നും ജനങ്ങള്‍ അഭിപ്രായപ്പെട്ടു.
ക്ഷേത്രത്തിന്റെ തെക്കേ ഗോപുരത്തില്‍ ഉയര്‍ത്തിയത് 'അയിത്തമതില്‍' ആണെന്നും അത് തകര്‍ക്കണം എന്നും ആവശ്യപ്പെട്ട് ചില പരാതികള്‍ ലഭിച്ചിട്ടുണ്ട്. 63 ശൈവ നായനാര്‍ സന്യാസികളില്‍ ഏക ദളിതനായ നന്ദനാര്‍, പ്രവേശിച്ചതായി പറയപ്പെടുന്ന ക്ഷേത്രത്തിന്റെ തെക്കേ ഗോപുരമായിരുന്നു ദീക്ഷിതര്‍ (പൂജാരിമാര്‍) അടച്ചത്.
ക്ഷേത്രത്തിലെ ആണ്ടാള്‍ വിഗ്രഹം എങ്ങനെ കാണാതായി എന്നതിനെക്കുറിച്ച് അന്വേഷണം നടത്തണമെന്നും ക്ഷേത്രാഭരണങ്ങള്‍ ക്ഷേത്രത്തിലെ പൂജാരികള്‍ അപഹരിച്ചെന്ന ആരോപണത്തെ കുറിച്ച് അന്വേഷിക്കണമെന്നും പരാതിക്കാര്‍ ആവശ്യപ്പെട്ടിരുന്നു.
ക്ഷേത്രമോ അനുബന്ധ രേഖകളോ പരിശോധിക്കാന്‍ വകുപ്പിന് അധികാരമില്ലെന്ന് ദീക്ഷിതര്‍ പറഞ്ഞു.
എന്നാല്‍ ക്ഷേത്രകാര്യങ്ങളുടെ നടത്തിപ്പ് വിട്ടുകൊടുക്കാന്‍ ആവശ്യപ്പെടുന്നില്ല എന്നും എന്നാല്‍ ചോള രാജാക്കന്മാര്‍ പൊതുജനങ്ങള്‍ക്കായി നിര്‍മ്മിച്ചതാണ് ക്ഷേത്രം എന്ന് ഓര്‍ക്കണം എന്നും എച്ച്.ആര്‍&സി.ഇ കമ്മീഷണര്‍ ജെ. കുമാരഗുരുബറന്‍ ഐ.എ.എസ് പറഞ്ഞു.
ഹിന്ദു റിലീജിയസ് ആന്‍ഡ് ചാരിറ്റബിള്‍ എന്‍ഡോവ്മെന്റ് ആക്ട് പ്രകാരം ക്ഷേത്രത്തിന്റെ ട്രസ്റ്റിമാരെ അയോഗ്യരാക്കാനുള്ള വ്യവസ്ഥയുള്ളതിനാല്‍ രേഖകള്‍ നല്‍കില്ലെന്ന് പറയാന്‍ സാധിക്കില്ല എന്നും രേഖകള്‍ ലഭ്യമാക്കുന്നതിനായി മാനേജ്മെന്റിനെ സമീപിച്ചിരുന്നുവെങ്കിലും ദീക്ഷിതര്‍ രേഖകള്‍ നല്‍കാത്തതുകൊണ്ടാണ് ജനങ്ങളില്‍ നിന്ന് നേരിട്ട് പ്രതികരണങ്ങള്‍ ശേഖരിക്കാന്‍ തീരുമാനിച്ചതെന്നും കമ്മീഷണര്‍ കൂട്ടിച്ചേര്‍ത്തു.
ക്ഷേത്രത്തില്‍ പൂജ, അര്‍ച്ചന, മറ്റ് ടിക്കറ്റുകള്‍ എന്നിവയ്ക്കുള്ള രസീത് നല്‍കുക, പ്രസാദ സ്റ്റാള്‍ സ്ഥാപിക്കുക, കുടിവെള്ളം, ടോയ്‌ലെറ്റ് സൗകര്യം തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങള്‍ പ്രത്യേകിച്ച് ഭിന്നശേഷിക്കാര്‍ക്ക് ഒരുക്കുക എന്നതായിരുന്നു മറ്റ് ആവശ്യങ്ങള്‍.
15 ദിവസത്തിനകം വിശദീകരണം നല്‍കണമെന്ന് ആവശ്യപ്പെട്ട് പരാതികളുടെ പകര്‍പ്പ് അന്വേഷണ കമ്മീഷന്‍ ദീക്ഷിതരുടെ സെക്രട്ടറിക്കയച്ചിരുന്നു. ജൂലൈ 18നാണ് നോട്ടീസ് നല്‍കിയത്.