വിവാദ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ചതിന് പിന്നാലെ പ്രതിരോധത്തിലായ കേന്ദ്രത്തെ പിന്തുണച്ച് നോവലിസ്റ്റ് ചേതന്‍ ഭഗത്. കാര്‍ഷിക നിയമങ്ങള്‍ നടപ്പിലാക്കാന്‍ പ്രധാനമന്ത്രി നന്നായി പരിശ്രമിച്ചെന്നും പരിഷ്‌കരണം കൊണ്ടുവരിക എന്നത് ഏത് സര്‍ക്കാരിനെ സംബന്ധിച്ചും വലിയ വെല്ലുവിളിയാണെന്നുമാണ് ടൈംസ് ഓഫ് ഇന്ത്യയിലെഴുതിയ ലേഖനത്തില്‍ ചേതന്‍ ഭഗത് പറയുന്നത്.
പുതിയ കാര്‍ഷിക നിയമങ്ങള്‍ക്ക് ഒന്നും ചെയ്യാന്‍ സാധിച്ചില്ലെങ്കിലും, ഒരിക്കല്‍ ഒരു ഇറ്റാലിയന്‍ ഓലീവ് ഓയില്‍ ഫാം ഉടമയെ പോലെയോ അല്ലെങ്കില്‍ ഒരു ഫ്രഞ്ച് മുന്തിരിത്തോട്ടം ഉടമയെ പോലെയോ ഇന്ത്യന്‍ കര്‍ഷകര്‍ മാറും എന്നതിന്റെ ഒരു തുടക്കമാണ് കാര്‍ഷിക നിയമങ്ങള്‍ നടപ്പിലാക്കിയതോടെ ഉണ്ടായ പ്രതീക്ഷയെന്നും ചേതന്‍ ഭഗത് പറഞ്ഞു.
'ഇപ്പോള്‍ പിന്‍വലിച്ച കാര്‍ഷിക നിയമം നടപ്പിലാക്കാന്‍ കേന്ദ്രം ആവുന്നത്ര ശ്രമിച്ചു. പരിഷ്‌കരണം നടപ്പിലാക്കുക എന്നത് ഏത് സര്‍ക്കാരിനും അതി കഠിനമായ വെല്ലുവിളിയാണ്. ഇന്ത്യയുടെ വലിയ വിഭാഗം വരുന്ന വോട്ടും ഈ പറയുന്ന കര്‍ഷകരാണ്. പരിഷ്‌കരണങ്ങള്‍ നിലവിലുള്ള വ്യവസ്ഥിതിയ്ക്ക് വെല്ലുവിളിയാണ്. സ്വകാര്യമേഖലയിലെ മൂലധനത്തെക്കൂടി കാര്‍ഷിക മേഖലയിലേക്ക് കൊണ്ടു വരുന്നതിനായിരുന്നു പുതിയ കാര്‍ഷിക നിയമങ്ങള്‍,' ചേതന്‍ ഭഗത് ലേഖനത്തിലെഴുതി.
എന്തെങ്കിലും പുതിയ ഒന്ന് നടപ്പാക്കുമ്പോള്‍ അതിനെതിരെ കഥകള്‍ മെനയുന്നത് സ്വാഭാവികമാണ്. സര്‍ക്കാരിതൊക്കെ ചെയ്യുന്നത് അംബാനിയെയും അദാനിയെയും പണക്കാരനാക്കാനാണോ? എനിക്ക് അദാനിയെയും അംബാനിയെയും വ്യക്തിപരമായി അറിയില്ല. പക്ഷെ അവരുടെ കയ്യില്‍ ഇപ്പോള്‍ തന്നെ പണമുണ്ടെന്ന് എനിക്ക് ഊഹിക്കാം. ഇനി അംബാനിക്കും അദാനിക്കും പണമുണ്ടാക്കാനാണെങ്കില്‍ ഒരു തരിശ് ഭൂമി വാങ്ങിച്ച് അതിനെ നവീരിച്ചാല്‍ പോരെ എന്തിനാണ് സര്‍ക്കാര്‍ ഇത്രയും വിശാലമായ കാര്‍ഷിക നിയമങ്ങള്‍ ഉണ്ടാക്കിയതെന്നുമാണ് ചേതന്‍ ഭഗത് ചോദിക്കുന്നത്.
മോദിയെ പോലെ കുശാഗ്ര ബുദ്ധിക്കാരനായ ഒരു പ്രധാനമന്ത്രിക്ക് കര്‍ഷകര്‍ക്കെതിരെ നില്‍ക്കേണ്ട ആവശ്യമെന്താണ്? ഇടതുപക്ഷമടക്കമുള്ളവര്‍ക്ക് ഈ നിയമങ്ങള്‍ ഇഷ്ടപ്പെടാത്തതിന് കാരണം ഈ സര്‍ക്കാരിനോടുള്ള ദേഷ്യമാണ്.നിയമം പിന്‍വലിച്ചതോടെ സര്‍ക്കാരിന് മുഖം നഷ്ടമായെന്നാണ് പ്രചരിപ്പിക്കുന്നത്. അത് തെറ്റാണ്. അങ്ങനെ ഒരു സാഹചര്യമുണ്ടായിരുന്നെങ്കില്‍ മോദി നിയമങ്ങള്‍ പിന്‍വലിക്കില്ലായിരുന്നു എന്നും ചേതന്‍ ഭഗത് ലേഖനത്തില്‍ വാദിക്കുന്നു.
കഴിഞ്ഞദിവസമാണ് മൂന്ന് കാര്‍ഷിക നിയമങ്ങള്‍ കേന്ദ്രം പിന്‍വലിക്കുന്നതായി അറിയിച്ചത്. രാജ്യത്തെ കര്‍ഷകരുടെ വേദന മനസിലാക്കുന്നുവെന്നാണ് നിയമങ്ങള്‍ പിന്‍വലിക്കുന്നതായി പ്രഖ്യാപിച്ച് കൊണ്ട് മോദി പറഞ്ഞത്.
നിയമങ്ങള്‍ പിന്‍വലിക്കാനുള്ള ബില്‍ അടുത്ത പാര്‍ലമെന്റ് സമ്മേളനത്തില്‍ കൊണ്ടുവരുമെന്നും പ്രധാനമന്ത്രി അറിയിച്ചു. കര്‍ഷക ക്ഷേമത്തിന് സര്‍ക്കാര്‍ എന്നും മുന്‍ഗണന നല്‍കിയിട്ടുണ്ട്. കര്‍ഷകപ്രയത്‌നങ്ങള്‍ നേരില്‍ കണ്ടായാളാണ് താന്‍. രണ്ട് ഹെക്ടറില്‍ താഴെ മാത്രം ഭൂമിയുള്ളവരാണ് ഭൂരിഭാഗം കര്‍ഷകരും. അവരുടെ ഉന്നമനത്തിന് മുന്‍ഗണന നല്‍കുമെന്നും മോദി പറഞ്ഞു.