ആ രക്ഷാകര്‍തൃത്വം ഇനിയും വേണം, പുരസ്‌കാര വേദിയില്‍ ഉമ്മന്‍ചാണ്ടിയെ പുകഴ്ത്തി ചെറിയാന്‍ ഫിലിപ്പ്

ആ രക്ഷാകര്‍തൃത്വം ഇനിയും വേണം, പുരസ്‌കാര വേദിയില്‍ ഉമ്മന്‍ചാണ്ടിയെ പുകഴ്ത്തി ചെറിയാന്‍ ഫിലിപ്പ്
Published on

കോണ്‍ഗ്രസ് നേതാവ് ഉമ്മന്‍ചാണ്ടിയുമൊത്ത് പൊതുപരിപാടിയില്‍ പങ്കെടുത്ത് ഇടത് സഹയാത്രികന്‍ ചെറിയാന്‍ ഫിലിപ്പ്. തിരുവനന്തപുരത്ത്, മുസ്ലിം ലീഗ് നേതാവായിരുന്ന അവുക്കാദര്‍ക്കുട്ടി നഹയുടെ പേരിലുള്ള പുരസ്‌കാരം ചെറിയാന്‍ ഫിലിപ്പ് ഉമ്മന്‍ചാണ്ടിയില്‍ നിന്നും ഏറ്റുവാങ്ങി.

ഉമ്മന്‍ചാണ്ടിയെ പുകഴ്ത്തിക്കൊണ്ടാണ് ചെറിയാന്‍ ഫിലിപ്പ് സംസാരിച്ചത്. പീഡനങ്ങളുടെയും മര്‍ദ്ദനങ്ങളുടെയും സമയത്ത് സഹായിച്ചത് ഉമ്മന്‍ചാണ്ടിയാണെന്ന് ചെറിയാന്‍ ഫിലിപ്പ് പറഞ്ഞു. ഉമ്മന്‍ചാണ്ടി തന്റെ രക്ഷകര്‍ത്താവാണ്. ആ രക്ഷകര്‍ത്താവ് ഇപ്പോഴും വേണമെന്നാണ് ആഗ്രഹമെന്നും ചെറിയാന്‍ ഫിലിപ്പ് പറഞ്ഞു.

ഉമ്മന്‍ചാണ്ടി കേരളത്തിലെ ഏറ്റവും ജനകീയനായ മുഖ്യമന്ത്രിയെന്നും ചെറിയാന്‍ ഫിലിപ്പ് പറഞ്ഞു.

ചെറിയാന്‍ ഫിലിപ്പ് കോണ്‍ഗ്രസ് വിടാന്‍ ഇടയായതിന്റെ ഉത്തരവാദിത്തം സ്വയം ഏറ്റെടുക്കുന്നുവെന്നാണ് ഉമ്മന്‍ചാണ്ടി പറഞ്ഞത്. ചെറിയാന്‍ ഫിലിപ്പിന് സീറ്റ് ഉറപ്പാക്കാന്‍ താന്‍ ഉള്‍പ്പെടെയുള്ള നേതൃത്വം ശ്രമിക്കേണ്ടതായിരുന്നുവെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.

ചെറിയാന്‍ ഫിലിപ്പ് സി.പി.എമ്മുമായി അകലുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെയാണ് ഉമ്മന്‍ചാണ്ടിയുമായി വേദി പങ്കിടുന്നത്. നേരത്തെ അഴിമതിയ്‌ക്കെതിരെ പ്രതികരിച്ചുകൊണ്ട് ഒരു യൂട്യൂബ് ചാനല്‍ തുടങ്ങാന്‍ പോകുന്നുവെന്ന് ചെറിയാന്‍ ഫിലിപ്പ് പറഞ്ഞിരുന്നു.

അഴിമതി, വര്‍ഗ്ഗീയത, ഏകാധിപത്യം എന്നിവക്കെതിരെ നിര്‍ഭയം പോരാടും. ജനകീയ പ്രശ്നങ്ങളില്‍ നിരന്തരം ഇടപെടും. ഒരിക്കലും ഒറ്റക്കണ്ണനാവില്ല. രണ്ടു കണ്ണുകളും തുറക്കും. കണ്ണടയുന്നതു വരെ പ്രതികരിച്ചു കൊണ്ടിരിക്കും. രാഷ്ട്രീയനിലപാട് പ്രശ്നാധിഷ്ടിതമായിരിക്കുമെന്നും ചെറിയാന്‍ ഫിലിപ്പ് പറഞ്ഞിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in