'കണ്ണടയുന്നതുവരെ പ്രതികരിക്കും, രാഷ്ട്രീയനിലപാട് പ്രശ്‌നാധിഷ്ടിതമായിരിക്കും'; യൂട്യൂബ് ചാനല്‍ തുടങ്ങുന്നുവെന്ന് ചെറിയാന്‍ ഫിലിപ്പ്

'കണ്ണടയുന്നതുവരെ പ്രതികരിക്കും, രാഷ്ട്രീയനിലപാട് പ്രശ്‌നാധിഷ്ടിതമായിരിക്കും'; യൂട്യൂബ് ചാനല്‍ തുടങ്ങുന്നുവെന്ന് ചെറിയാന്‍ ഫിലിപ്പ്
Published on

അഴിമതിക്കെതിരെ പോരാടാന്‍ യൂട്യൂബ് ചാനല്‍ ആരംഭിക്കുന്നുവെന്ന് അറിയിച്ച് ഇടതുസഹയാത്രികനായിരുന്ന ചെറിയാന്‍ ഫിലിപ്പ്. 'ചെറിയാന്‍ ഫിലിപ്പ് പ്രതികരിക്കുന്നു' എന്ന പേരിലാകും യൂട്യൂബ് ചാനലെന്നും, രാഷ്ട്രീയനിലപാട് പ്രശ്‌നാധിഷ്ടിതമായിരിക്കുമെന്നും ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ ചെറിയാന്‍ ഫിലിപ്പ് പറയുന്നു.

ചെറിയാന്‍ ഫിലിപ്പ് സി.പി.എമ്മുമായി അകലുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെയാണ് വസ്തുതകള്‍ തുറന്ന് കാട്ടാനും പ്രതികരിക്കാനും യൂട്യൂബ് ചാനല്‍ ആരംഭിക്കുന്നുവെന്ന് വ്യക്തമാക്കി അദ്ദേഹം രംഗത്തെത്തിയിരിക്കുന്നത്. അഴിമതി, വര്‍ഗ്ഗീയത, ഏകാധിപത്യം എന്നിവക്കെതിരെ നിര്‍ഭയം പോരാടും. ജനകീയ പ്രശ്‌നങ്ങളില്‍ നിരന്തരം ഇടപെടും. ഒരിക്കലും ഒറ്റക്കണ്ണനാവില്ല. രണ്ടു കണ്ണുകളും തുറക്കും. കണ്ണടയുന്നതു വരെ പ്രതികരിച്ചു കൊണ്ടിരിക്കുമെന്നും പോസ്റ്റില്‍ പറയുന്നുണ്ട്.

ദുരന്തനിവാരണത്തില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് നേരത്തെ ചെറിയാന്‍ ഫിലിപ്പ് രംഗത്തെത്തിയിരുന്നു. ഭരണാധികാരികള്‍ ദുരന്തനിവാരണത്തില്‍ വേണ്ടത്ര ശ്രദ്ധിക്കാതെ, ദുരന്തം വന്ന ശേഷം ദുരിതാശ്വാസ ക്യാംപില്‍ കണ്ണീര്‍ പൊഴിക്കുകയും വിലാപകാവ്യം രചിക്കുകയും ചെയ്യുന്നത് ജന വഞ്ചനയാണെന്നായിരുന്നു ചെറിയാന്‍ ഫിലിപ്പിന്റെ ആക്ഷേപം. നെതര്‍ലന്‍ഡ്സ് മാതൃകയെക്കുറിച്ച് അവിടെപ്പോയി പഠിച്ചശേഷം തുടര്‍ നടപടിയെക്കുറിച്ച് ആര്‍ക്കുമറിയില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തിയിരുന്നു.

ഇതിന് പിന്നാലെ അദ്ദേഹത്തിനെതിരെ മുഖ്യമന്ത്രി പരോക്ഷമായി പ്രതികരിക്കുകയും ചെയ്തിരുന്നു. വിമര്‍ശനം എന്തിന്റെ അടിസ്ഥാനത്തിലാണെന്ന് അറിയില്ലെന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞ ദിവസനം പറഞ്ഞത്. ചെറിയാന്‍ ഫിലിപ്പിനെ വേണ്ട രീതിയില്‍ സി.പി.ഐ.എം സഹകരിപ്പിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ചെറിയാന്‍ ഫിലിപ്പ് പൊതുരംഗത്ത് നല്ല രീതിയില്‍ പ്രവര്‍ത്തിച്ചയാളാണ്. അദ്ദേഹത്തിന് ഒരുഘട്ടത്തില്‍ കോണ്‍ഗ്രസിനൊപ്പം നില്‍ക്കേണ്ട, ഇടതുപക്ഷത്തിനൊപ്പം പ്രവര്‍ത്തിക്കണമെന്ന് തോന്നി, അദ്ദേഹം ഞങ്ങള്‍ക്കൊപ്പം സഹകരിച്ചു. മാന്യമായി സഹകരിപ്പിക്കാന്‍ തയ്യാറായിട്ടുണ്ട്. ഇപ്പോള്‍ മറ്റെന്തെങ്കിലും നിലപാടുണ്ടോയെന്ന് തനിക്ക് അറിയില്ലെന്നുമായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞത്. ഇതിന് പിന്നാലെയാണ് അഴിമതിക്കെതിരെ പ്രതികരിക്കാന്‍ യൂട്യൂബ് ചാനല്‍ ആരംഭിക്കുന്നുവെന്ന പ്രഖ്യാപനവുമായി ചെറിയാന്‍ ഫിലിപ്പ് രംഗത്തെത്തിയിരിക്കുന്നത്.

കുറിപ്പിന്റെ പൂര്‍ണരൂപം:

'ചെറിയാന്‍ ഫിലിപ്പ് പ്രതികരിക്കുന്നു എന്ന യുട്യൂബ് ചാനല്‍ ജനുവരി 1 ന് ആരംഭിക്കും. ചാനല്‍ നയം തികച്ചും സ്വതന്ത്രം.

രാഷ്ട്രീയ നിലപാട് പ്രശ്‌നാധിഷ്ടിതമായിരിക്കും. ഏതു വിഷയത്തിലും വസ്തുതകള്‍ നേരോടെ തുറന്നുകാട്ടും. അഴിമതി, വര്‍ഗ്ഗീയത, ഏകാധിപത്യം എന്നിവക്കെതിരെ നിര്‍ഭയം പോരാടും. ജനകീയ പ്രശ്‌നങ്ങളില്‍ നിരന്തരം ഇടപെടും. ഒരിക്കലും ഒറ്റക്കണ്ണനാവില്ല. രണ്ടു കണ്ണുകളും തുറക്കും. കണ്ണടയുന്നതു വരെ പ്രതികരിച്ചു കൊണ്ടിരിക്കും.

കോവിഡ് അനുഭവത്തിന്റെ പശ്ചാത്തലത്തില്‍ സ്വാശ്രയ കേരളത്തിനായി യത്‌നിക്കും. ഉല്പാദന കേന്ദ്രിത വികസന സംസ്‌കാരത്തിനായി ശബ്ദിക്കും. കാര്‍ഷിക നവോത്ഥാനം, വ്യവസായ നവീകരണം, നൈപുണ്യ വിദ്യാഭ്യാസം, ആരോഗ്യ ജീവനം, പരിസ്ഥിതി സംരക്ഷണം, മാലിന്യ നിര്‍മ്മാര്‍ജ്ജനം, സ്ത്രീ സുരക്ഷ, ലിംഗസമത്വം, സാമൂഹ്യനീതി തുടങ്ങിയവ പ്രചരണ വിഷയമാക്കും. സാമൂഹ്യ പ്രതിബദ്ധതയും പൗരബോധവുമായിരിക്കും മുഖമുദ്ര.'

Related Stories

No stories found.
logo
The Cue
www.thecue.in