പുതുപ്പള്ളിയിലെ വോട്ടർമാർക്ക് നന്ദി അറിയിച്ച് ചാണ്ടി ഉമ്മൻ. ഉമ്മൻ ചാണ്ടിക്ക് ലഭിക്കാത്ത ഭൂരിപക്ഷത്തോടെയാണ് ചാണ്ടി ഉമ്മൻ തെരഞ്ഞെടുക്കപ്പെട്ടത്. തെരഞ്ഞെടുപ്പ് കമീഷൻ പുറത്തുവിട്ട കണക്കു പ്രകാരം 37,719 വോട്ടുകൾക്കാണ് ചാണ്ടി ഉമ്മന്റെ വിജയം. ആദ്യ റൗണ്ട് മുതൽ തുടങ്ങിയ ആധിപത്യം അവസാന റൗണ്ട് തീരും വരെ തുടർന്നാണ് ചാണ്ടി ഉമ്മൻ ചരിത്രം കുറിച്ചത്.
പുതുപ്പള്ളിയിലെ മിന്നുന്ന ജയം സംസ്ഥാന സർക്കാരിനെതിരെയുള്ള ജനവിധിയാണെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ പറഞ്ഞു. ഈ വിജയം പ്രതീക്ഷിച്ചതായിരുന്നെന്നാണ് എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ പ്രതികരിച്ചത്. ജീവിച്ചിരിക്കുന്ന ഉമ്മൻ ചാണ്ടിയെ മരിച്ച ഉമ്മൻ ചാണ്ടിയെക്കാൾ വേട്ടയാടിയെന്നും അതിന് ജനം കൊടുത്ത മറുപടിയാണിതെന്നും അദ്ദേഹം പറഞ്ഞു.
അതെ സമയം മണ്ഡലത്തിൽ സഹതാപ തരംഗമുണ്ടായെന്ന വിലയിരുത്തലിലാണ് സിപിഎം. പ്രതികൂല സാഹചര്യത്തിലും പാർട്ടിയുടെ വോട്ടുകൾ ചോർന്നില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ മാസ്റ്റർ പ്രതികരിച്ചു. ജനവിധി മാനിക്കുന്നതായും നിയുക്ത എംഎൽഎ ചാണ്ടി ഉമ്മന് ആശംസകൾ നേരുന്നതായും പരാജയപ്പെട്ട സ്ഥാനാർത്ഥി ജെയ്ക്ക് സി തോമസ് പറഞ്ഞു. മുഖ്യമന്ത്രി, ആഭ്യന്തര മന്ത്രി എന്നിങ്ങനെ നിരവധി പദവികൾ വഹിച്ച, അര നൂറ്റാണ്ടായി പുതുപ്പള്ളിയെ പ്രതിനിധാനം ചെയ്ത ഒരാളുടെ വിയോഗത്തിന്റെ പശ്ചാത്തലത്തിലാണ് തെരഞ്ഞെടുപ്പ് നടന്നത് എന്നും അതുകൊണ്ട് മറ്റൊന്നും മണ്ഡലത്തിൽ ചർച്ചയായില്ലെന്നും ജെയ്ക്ക് പറഞ്ഞു.
ബിജെപിക്ക് പകുതിയോളം വോട്ട് കുറഞ്ഞതും വിവാദമായിട്ടുണ്ട്. 2021 ൽ ബിജെപിക്ക് ലഭിച്ചത് 11694 വോട്ടുകളായിരുന്നു. ഇത്തവണ അത് 6,558 വോട്ടുകളായി കുറഞ്ഞു.