പോരാട്ടം തുടരാന്‍ ചന്ദ്രശേഖര്‍ ആസാദ് ഡല്‍ഹിയിലുണ്ടാകും ,തെരഞ്ഞെടുപ്പ് പ്രചരണങ്ങളില്‍ പങ്കെടുക്കാം ; ജാമ്യവ്യവസ്ഥയില്‍ ഇളവ്
ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദിന് ചികിത്സാവശ്യങ്ങള്‍ക്കല്ലാതെയും ഡല്‍ഹിയില്‍ നില്‍ക്കാമെന്ന് ജാമ്യ വ്യവസ്ഥകളില്‍ ഇളവ്. എപ്പോള്‍ വേണമെങ്കിലും തെരഞ്ഞെടുപ്പ് പ്രരണ പ്രവര്‍ത്തനങ്ങളില്‍ അദ്ദേഹത്തിന് പങ്കെടുക്കാമെന്ന് ഡല്‍ഹി തീസ് ഹസാരി കോടതി വ്യക്തമാക്കി. ആസാദിന്റെ ഹര്‍ജി പരിഗണിച്ചാണ് ഉത്തരവ്. സന്ദര്‍ശനത്തിന്റെ വിശദാംശങ്ങള്‍ ഡല്‍ഹി ഡിസിപിയെ അറിയിക്കണം. എവിടെയാണ് പോകുന്നതെന്നും സമയക്രമവും ധരിപ്പിക്കണം. കോടതിയില്‍ സമര്‍പ്പിച്ച അപേക്ഷയിലെ വിലാസത്തില്‍ തന്നെ താമസിക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. ചികിത്സയ്ക്കല്ലാതെ 4 ആഴ്ചത്തേക്ക് ഡല്‍ഹിയില്‍ പ്രവേശിക്കരുതെന്നായിരുന്നു ജാമ്യവ്യവസ്ഥ.
എന്നാല്‍ ഇത് പൗരന് ഭരണഘടന വാഗ്ദാനം ചെയ്യുന്ന മൗലികാവകാശങ്ങളുടെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ആസാദിന്റെ ഹര്‍ജി. പൊതുപ്രവര്‍ത്തകനെന്ന നിലയില്‍ തെരഞ്ഞെടുപ്പ് പ്രചരണ പരിപാടികളില്‍ പങ്കെടുക്കേണ്ടതിന്റെ ആവശ്യകതയും ചൂണ്ടിക്കാട്ടിയിരുന്നു. ഇതംഗീകരിച്ചാണ് അഡീഷണല്‍ സെഷന്‍സ് ജഡ്ജ് ഡോ. കാമിനി ലോയുടെ ഉത്തരവ്. ജനാധിപത്യത്തിന്റെ വലിയ ആഘോഷം തെരഞ്ഞെടുപ്പായതിനാലും പരമാവധി പേര്‍ പങ്കെടുക്കേണ്ടതായതിനാലും ആസാദിന് അതിന്റെ ഭാഗമാകാം എന്ന് നിരീക്ഷിച്ചാണ് ജാമ്യ വ്യവസ്ഥകളില്‍ ഇളവ് നല്‍കിയത്. ഡല്‍ഹിയില്‍ പൗരത്വനിയമത്തിനെതിരായ പ്രതിഷേധം അക്രമാസക്തമായതില്‍ ആസാദിന് പങ്കുണ്ടെന്ന് കാണിച്ചായിരുന്നു അറസ്റ്റ് ചെയ്ത് റിമാന്‍ഡ് ചെയ്തത്.
എന്നാല്‍ ഭീം ആര്‍മി നേതാവിന് ഏതെങ്കിലും തരത്തില്‍ പങ്കുണ്ടെന്ന് തെളിയിക്കാന്‍ പ്രോസിക്യൂഷന് സാധിച്ചിരുന്നില്ല. ആസാദ് വിദ്വേഷ പ്രസംഗങ്ങള്‍ നടത്തിയെന്ന ആരോപണവും കോടതി തള്ളിയിരുന്നു. നാലാഴ്ചത്തേക്ക് യുപിയിലെ സഹറാന്‍പൂരില്‍ തുടരണമെന്നായിരുന്നു ജനുവരി 15 ന് ജാമ്യം നല്‍കുമ്പോള്‍ കോടതി നിര്‍ദേശം. നല്‍കിയ വിലാസം സഹറാന്‍പൂരിലേതാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഇത്. ഡല്‍ഹിയില്‍ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സാഹചര്യവും പരാമര്‍ശിച്ചു. എന്നാല്‍ ഡല്‍ഹിയിലെ വിലാസം വെച്ച് ജാമ്യ വ്യവസ്ഥയില്‍ ഇളവ് തേടാമെന്ന് കോടതി വ്യക്തമാക്കിയിരുന്നു. 25 ദിവസത്തെ ജയില്‍വാസത്തിന് ശേഷമാണ് ആസാദ് മോചിതനായത്.