കേന്ദ്ര ബജറ്റിന് മുന്നോടിയായി ഡല്‍ഹിയില്‍ ചേര്‍ന്ന ജിഎസ്ടി കൗണ്‍സില്‍ യോഗത്തില്‍ ഉത്പന്നങ്ങളുടെ നികുതി വര്‍ധനവിനെതിരെ സംസ്ഥാനങ്ങള്‍ എതിര്‍പ്പ് ഫലം കണ്ടു. തുണിത്തരങ്ങള്‍ക്കും ചെരിപ്പിനും നികുതി വര്‍ധിപ്പിക്കാനായിരുന്നു തീരുമാനം.
46ാമത് ജി.എസ്.ടി കൗണ്‍സില്‍ യോഗത്തില്‍ കേരളം അടക്കമുള്ള സംസ്ഥാനങ്ങളാണ് നികുതി വര്‍ധനയ്‌ക്കെതിരെ നിലപാടെടുത്തത്. ജി.എസ്.ടി കൗണ്‍സില്‍ ഏകകണ്ഠമായാണ് തീരുമാനം എടുത്തത്. ഉത്പന്നങ്ങള്‍ക്ക് അഞ്ചില്‍ നിന്ന് 12 ശതമാനമായാണ് നികുതി വര്‍ധിപ്പിക്കാനിരുന്നത്. കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്റെ അധ്യക്ഷതയില്‍ വിഗ്യാന്‍ ഭവനിലാണ് യോഗം ചേര്‍ന്നത്.
നികുതി 12 ശതമാനമാക്കി ഉയര്‍ത്തുന്നതിനെതിരെ വ്യാപക പരാതിയാണ് ഉയര്‍ന്നത്. വര്‍ദ്ധിപ്പിച്ച നികുതി നീട്ടിവെക്കണമെന്നാണ് കേരളമടക്കമുള്ള സംസ്ഥാനങ്ങള്‍ ആവശ്യപ്പെട്ടത്.
കേരളത്തില്‍ ഈ വിഷയത്തില്‍ സംസ്ഥാനത്തെ എല്ലാ ജിഎസ്ടി ഓഫിസുകളിലേക്കും മാര്‍ച്ചും ധര്‍ണയും നടന്നിരുന്നു. നേരത്തെ ആയിരത്തിന് മീതെയുള്ള തുണിത്തരങ്ങള്‍ക്കായിരുന്നു അഞ്ച് ശതമാനം ജിഎസ്ടി ചുമത്തിയിരുന്നത്. ലുങ്കി, തോര്‍ത്ത്, സാരി, മുണ്ടുകള്‍ തുടങ്ങി എല്ലാ തുണിത്തരങ്ങള്‍ക്കും വില കൂടുന്നത് വലിയ രീതിയില്‍ ബാധിക്കുമെന്ന് വ്യാപാരികള്‍ നേരത്തെ തന്നെ പറഞ്ഞിരുന്നു.