കൊവിഡില്‍ ആയിരങ്ങള്‍ മരിക്കുമ്പോള്‍ പ്രധാനമന്ത്രി കോടികളുടെ വസതി പണിയുന്ന തിരക്കിലെന്ന് കോണ്‍ഗ്രസ്


കൊവിഡില്‍ ആയിരങ്ങള്‍ മരിക്കുമ്പോള്‍ പ്രധാനമന്ത്രി കോടികളുടെ വസതി പണിയുന്ന തിരക്കിലെന്ന് കോണ്‍ഗ്രസ്
Published on

രാജ്യത്തെ കൊവിഡ് പ്രതിസന്ധിയ്ക്കിടയിലും കോടിക്കണക്കിന് രൂപ ചിലവഴിച്ച് പ്രധാനമന്ത്രിയുടെ വസതിയുൾപ്പടുന്ന മന്ദിരങ്ങൾ നിർമ്മിക്കുന്നതിനെതിരെ പ്രതിപക്ഷ വിമർശനം . സെൻട്രൽ വിസ്ത പദ്ധതിയുടെ ഭാഗമായി നിർമ്മിക്കുന്ന പുതിയ വസതി 2022 ഡിസംബറിനുള്ളിൽ പൂര്‍ത്തിയാക്കാനാണ് കേന്ദ്ര സർക്കാരിന്റെ നിര്‍ദേശം. മൊത്തം 13,450 കോടി രൂപ വരുന്ന നിര്‍മാണങ്ങളാണ് തലസ്ഥാനത്ത് രാജ്പഥ് കേന്ദ്രീകരിച്ച് നടക്കുന്നത്.

ജനങ്ങളുടെ ജീവനെക്കാൾ ഈഗോയാണ് പ്രധാനമന്ത്രിയെ സംബന്ധിച്ചിടത്തോളം പ്രധാനമെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. സെൻട്രൽ വിസ്ത പദ്ധതിയുടെ ഭാഗമായി 13,450 കോടി രൂപയാണ് കേന്ദ്രം മുടക്കുന്നത്. കോവിഡ് വ്യാപനം രൂക്ഷമാകുമ്പോൾ ജനങ്ങളെ വാക്സിനേറ്റ് ചെയ്യിക്കുന്നതിലോ ഓക്സിജൻ നൽകുന്നതിലോ സാമ്പത്തിക സഹായം നൽകുന്നതിനോ അല്ല പ്രധാനമന്ത്രി പണം ചിലവഴിക്കുന്നതെന്ന് രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തു.

ആളുകൾ ജീവനുവേണ്ടി പരക്കം പായുമ്പോൾ സുൽത്താൻ അവിടെ മാളിക പണിയുകയാണെന്ന് കോൺഗ്രസ് വക്താവ് ശക്തിസിങ് ഗോഹിൽ പറഞ്ഞു. ഓക്സിജനും വാക്സിനേഷനും കിടക്കകളും മരുന്നുമില്ലാതെ ജനങ്ങൾ കഷ്ട്ടപ്പെടുമ്പോൾ ഉള്ള വിഭവങ്ങൾ ഉപയോഗിച്ച് ഇവയെല്ലാം ലഭ്യമാക്കുകയാണ് സർക്കാർ ചെയ്യേണ്ടത്. അല്ലാതെ 13,000 കോടി ചിലവാക്കി മന്ദിരം പണിയുടെയല്ല വേണ്ടതെന്ന് പ്രിയങ്ക ഗാന്ധി ട്വീറ്റ് ചെയ്തു

'ആയിരക്കണക്കിന് ആളുകൾ കൊറോണ ബാധിച്ച് മരിക്കുമ്പോൾ ഫകീർ തന്റെ പുതിയ വീടിന്റെ നിർമ്മാണത്തിലാണ്. ഒരു സ്വപ്ന ജീവി ഇതിൽക്കൂടുതൽ എന്ത് ചെയ്യാനാണ്.' ഇപ്രകാരമായിരുന്നു കോൺഗ്രസ് വക്താവ് രൺദീപ് സുർജേവാലയുടെ ട്വീറ്റ് .

കേന്ദ്ര പരിസ്ഥിതിമന്ത്രാലയത്തിനു കീഴിലുള്ള പരിവേശ് പോര്‍ട്ടലിൽ തിങ്കളാഴ്ച മുതൽ ലഭ്യമായ രേഖകളിലാണ് പുതിയ മന്ദിരങ്ങളെക്കുറിച്ചുള്ള വിവരങ്ങളുള്ളത്. പ്രധാനമന്ത്രിയുടെ വസതി ഉള്‍പ്പെടുന്ന മന്ദിരങ്ങള്‍, 10 ഓഫീസ് കെട്ടിടങ്ങള്‍, എസ്പിജി സേനാംഗങ്ങള്‍ക്കുള്ള താമസസ്ഥലം, കോൺഫെറൻസ് സെന്റർ , വൈസ് പ്രസിഡന്റെ ഓഫീസ് തുടങ്ങിയ കെട്ടിടങ്ങളുടെ നിര്‍മാണത്തിനാണ് വിദഗ്ധ സമിതി അംഗീകാരം നല്‍കിയിരിക്കുന്നത്. ഓരോ കെട്ടിടങ്ങളും പൂര്‍ത്തിയാക്കേണ്ട സമയവും വ്യക്തമാക്കിയിട്ടുണ്ട്.

ഏപ്രിൽ 12നാണ് ഓഫീസുകളും കോൺഫറൻസ് സെൻ്ററും ഉള്‍പ്പെടെ പത്ത് കെട്ടിടങ്ങളുടെയും നിര്‍മാണത്തിന് അനുമതി നല്‍കിയത്. ഇതിൽ പ്രധാനമന്ത്രിയുടെ പുതിയ വസതിയും വൈസ് പ്രസിഡന്റ്‌സ്‌ എൻക്ലേവിൽ ഉള്‍പ്പെടുന്ന 29 കെട്ടിടങ്ങളുമുണ്ട്. നിലവിലുള്ള പാർലമെന്റ് മന്ദിരത്തിനു പകരമായി പുതിയ പാർലമെന്റ് മന്ദിരം തയ്യാറാക്കാനും കേന്ദ്രസര്‍ക്കാര്‍ പദ്ധതിയിടുന്നുണ്ട്. ഇതിന്റെ നിര്‍മാണപ്രവര്‍ത്തനങ്ങളും ആരംഭിച്ചിരുന്നു. രാജ്യഭരണ സിരാകേന്ദ്രമായ രാജ്പഥിന്റെ മുഖച്ഛായ മാറ്റുന്ന സെൻട്രൽ വിസ്ത പദ്ധതി പൂര്‍ത്തിയാകുന്നതോടെ ഡൽഹി മുനിസിപ്പൽ കൗൺസിലിന് 73,440 കിലോവാട്ട് വൈദ്യുതിയും 7818 കിലോലിറ്റര്‍ വെള്ളവും ഇവിടേയ്ക്ക് വിതരണം ചെയ്യേണ്ടി വരും. പദ്ധതിയുടെ ഭാഗമായി നീക്കേണ്ട മരങ്ങള്‍ രാജ്പഥിൽ തന്നെ മറ്റിടങ്ങളിലേയ്ക്ക് മാറ്റി സ്ഥാപിക്കും. കൂടാതെ മലിനജലം സംസ്കരിക്കാനും മഴവെള്ളം സംഭരിക്കാനുമായി വലിയ സംവിധാനങ്ങളും ഒരുക്കുന്നുണ്ട്.

Related Stories

No stories found.
logo
The Cue
www.thecue.in