പെട്രോളിന്റെയും ഡീസലിന്റെയും എക്‌സൈസ് തീരുവ കൂട്ടി കേന്ദ്രസര്‍ക്കാര്‍. പെട്രോള്‍ ലിറ്ററിന് 10 രൂപയുടെയും, ഡീസല്‍ ലിറ്ററിന് 13 രുപയുടെയും വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. എന്നാല്‍ ഇത് മൂലം ചില്ലറ വിപണിയില്‍ എണ്ണ വില വര്‍ധിക്കില്ലെന്ന് കേന്ദ്രം അറിയിച്ചു. സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഇന്‍ഡയറക്ട് ടാക്‌സ് ആന്റ് കസ്റ്റംസ് ഇത് സംബന്ധിച്ച് വിജ്ഞാപനം പുറത്തിറക്കി.
റോഡ് ആന്റ് ഇന്‍ഫ്രാ സെസ് ഉള്‍പ്പടെയാണ് വര്‍ധിപ്പിച്ചിരിക്കുന്നത്. ഇതിലൂടെ 1.6 ലക്ഷം കോടി രൂപയാണ് അധിക വരുമാനം പ്രതീക്ഷിക്കുന്നത്. ബുധനാഴ്ച മുതല്‍ തീരുവ നിലവില്‍ വരും. ആഗോള വിപണിയില്‍ എണ്ണവില കുറഞ്ഞിട്ടും മാര്‍ച്ചിന് ശേഷം ഇത് രണ്ടാം തവണയാണ് കേന്ദ്രസര്‍ക്കാര്‍ ഇന്ധന നികുതി വര്‍ധിപ്പിക്കുന്നത്. ഇതിന് മുമ്പ് മാര്‍ച്ച് 16നായിരുന്നു വര്‍ധനവ് കൊണ്ടുവന്നത്.
വികസന പദ്ധതികള്‍ക്ക് പണം കണ്ടെത്തുന്നത് പെട്രോളിനും ഡീസലിനും ചുമത്തുന്ന എക്‌സൈസ് തീരുവയില്‍ നിന്നാണെന്നാണ് കേന്ദ്രസര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ പറയുന്നത്. നിരക്ക് വര്‍ധനവ് നിലവില്‍ വരുന്നതോടെ ഒരു ലിറ്റര്‍ പെട്രോളിന് നല്‍കുന്ന തുകയില്‍ 32.98 രൂപയും, ഡീസലിന് നല്‍കുന്ന 31.83 രൂപയും നികുതിയാണ്. 2014ല്‍ പെട്രോള്‍ ലിറ്ററിന് ആകെ തീരുവ 9.48 രൂപയും, ഡീസലിന് 3.56 രൂപയുമായിരുന്നു.