യുക്രൈനിൽ നിന്നുള്ള വിദ്യാർത്ഥികളെ തിരികെ എത്തിക്കുന്നതിൽ ഇന്ത്യ പരാജയം എന്ന് സിപിഐഎം ജനറൽ സെക്രട്ടറി സീതാറം യെച്ചൂരി. യുദ്ധമുഖത്ത് ലക്ഷക്കണക്കിന് ആളുകളെ രക്ഷിച്ച് തിരികെ വന്ന പാരമ്പര്യം ഇന്ത്യയ്ക്കുണ്ട്. ഇവിടെ ഇപ്പോൾ ഫോട്ടോ സെഷനാണ് നടക്കുന്നത്. പൗരന്മാരെ തിരികെ എത്തിക്കുക എന്നത് സർക്കാരിന്റെ ഉത്തരവാദിത്തമാണ്, യെച്ചൂരി പറഞ്ഞു.
സീതാറം യെച്ചൂരിയുടെ വാക്കുകൾ
നമ്മുടെ പൗരന്മാർ അവിടെ പെട്ട് കിടക്കുകയാണ്. ഇവിടെ മൂന്ന് ദിവസമായി വലിയ ഫോട്ടൊ സെഷനാണ് നടക്കുന്നത്, പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ. ഗൾഫ് യുദ്ധത്തിന്റെ സമയത്ത് ലക്ഷക്കണക്കിന് ആളുകളെ ഇന്ത്യ ഒഴിപ്പിച്ചിരുന്നു. ലിബിയൻ പ്രതിസന്ധിയുടെ സമയത്തും നമ്മൾ ആളുകളെ ഒഴിപ്പിച്ചിരുന്നു. പക്ഷേ അപ്പോഴൊന്നും താങ്ക് യു മോദി എന്ന പതാകയും ഉയർത്തി വരുന്ന ആളുകളുടെ ഫോട്ടോ പ്രചരിച്ചിരുന്നില്ല. ഇതെല്ലാം സർക്കാർ ചെയ്യേണ്ട കാര്യങ്ങളാണ്.
എയർ ഇന്ത്യ വിറ്റു, ആളുകളെ തിരികെയെത്തിക്കാൻ ഇന്ത്യയ്ക്ക് ഇപ്പോൾ എയർലൈൻസ് ഇല്ല. അടിയന്തര ഘട്ടത്തിൽ എല്ലാ എയർക്രാഫ്റ്റുകളും രക്ഷാദൗത്യത്തിന് ഇറങ്ങാൻ പറയാനുള്ള അവകാശമുണ്ട്. അത് ചെയ്യണം. നമ്മുടെ വിദ്യാർത്ഥികളെ രക്ഷിച്ചെടുക്കാനുള്ള ഉത്തരവാദിത്തമുണ്ട്.