'പ്രിയടീച്ചര്‍ക്ക് അഭിനന്ദനങ്ങള്‍', അന്താരാഷ്ട്ര പുരസ്‌കാരം ലഭിച്ച ശൈലജ ടീച്ചറെ അഭിനന്ദിച്ച് മന്ത്രി വീണ ജോര്‍ജ്ജ്

'പ്രിയടീച്ചര്‍ക്ക് അഭിനന്ദനങ്ങള്‍', അന്താരാഷ്ട്ര പുരസ്‌കാരം ലഭിച്ച ശൈലജ ടീച്ചറെ അഭിനന്ദിച്ച് മന്ത്രി വീണ ജോര്‍ജ്ജ്
Published on

സുപ്രധാന അന്താരാഷ്ട്ര പുരസ്‌കാരങ്ങളിലൊന്നായ സെന്‍ട്രല്‍ യൂറോപ്യന്‍ യൂണിവേഴ്‌സിറ്റി ഓപ്പണ്‍ പ്രൈസ് നേടിയ സിപിഐഎം കേന്ദ്രകമ്മിറ്റി അംഗവും മുന്‍ ആരോഗ്യമന്ത്രിയുമായ കെ.കെ.ശൈലജ ടീച്ചര്‍ക്ക് അഭിനന്ദനങ്ങളുമായി ആരോഗ്യമന്ത്രി വീണ ജോര്‍ജ്ജ്. ലോകയൂണിവേഴ്‌സിറ്റികളുടെ അര്‍ഹതാപ്പട്ടികയില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന സെന്‍ട്രല്‍ യൂറോപ്യന്‍ യൂണിവേഴ്‌സിറ്റി നല്‍കുന്ന അന്താരാഷ്ട്ര പ്രസിദ്ധിയാര്‍ജ്ജിച്ച പുരക്‌സാരമാണ് കെ.കെ ശൈലജയെ തേടിയെത്തിയത്.

സെൻട്രൽ യൂറോപ്യൻ യൂണിവേഴ്സിറ്റിയുടെ(C.E.U) 2021ഓപ്പൺ സൊസൈറ്റി പ്രൈസ് ഷൈലജ ടീച്ചർക്ക്... പ്രിയ ടീച്ചർക്ക് അഭിനന്ദനങ്ങൾ..
ആരോഗ്യമന്ത്രി വീണ ജോര്‍ജ്ജ്

ആരോഗ്യമന്ത്രി എന്ന നിലയില്‍ കെ.കെ. ഷൈലജ ടീച്ചറും പൊതു ആരോഗ്യ രംഗത്തെ അര്‍പ്പണമനോഭാവമുള്ള സഹപ്രവര്‍ത്തകരും ചേര്‍ന്ന് നിശ്ചയദാര്‍ഢ്വമുള്ള നേതൃത്വവും സാമൂഹ്യാടിസ്ഥാനത്തിലുള്ള പൊതു ജനാരോഗ്യനയവും ഫലപ്രദമായ വിനിമയവും എങ്ങനെ ജനങ്ങളുടെ ജീവനെ രക്ഷിക്കും എന്ന് കോവിഡ് 19 മഹാവ്യാധിയുടെ കാലത്ത് കാണിച്ചു തന്നു എന്നാണ് പുരസ്‌കാര പ്രഖ്യാപനത്തില്‍ പറഞ്ഞിരിക്കുന്നത്.

സുപ്രധാന രാജ്യാന്തര ബഹുമതി മുന്‍ആരോഗ്യമന്ത്രി കെ.കെ.ശൈലജയെ തേടിയെത്തിയിട്ടും പ്രധാന നേതാക്കളോ,മന്ത്രിമാരോ അഭിനന്ദനമോ പരാമര്‍ശമോ നടത്താതിരുന്നതിനെതിരെ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനമുയര്‍ന്നിരുന്നു. സിപിഐഎം മുഖപത്രമായ ദേശാഭിമാനി അവസാന പേജിലാണ് വാര്‍ത്തയും ചിത്രവും നല്‍കിയിരിക്കുന്നത്.

പുരസ്‌കാരത്തെക്കുറിച്ച് എഴുത്തുകാരന്‍ പി.എന്‍ ഗോപികൃഷ്ണന്‍ എഴുതിയത്

"മദ്ധ്യയൂറോപ്പിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു സർവ്വകലാശാലയാണ് സെൻട്രൽ യൂറോപ്യൻ യൂണിവേഴ്സിറ്റി (CEU). ലോകയൂണിവേഴ്സിറ്റികളുടെ അർഹതാപ്പട്ടികയിൽ മുൻപന്തിയിൽ നിൽക്കുന്ന ഒന്ന്. അവർ വർഷാവർഷം നൽകി വരുന്ന ബഹുമതിയാണ് സെൻട്രൽ യൂറോപ്യൻ യൂണിവേഴ്സിറ്റി ഓപ്പൺ പ്രൈസ്. അന്താരാഷ്ട്ര പ്രസിദ്ധിയാർജ്ജിച്ച ഒരു സമ്മാനമാണത്. അത് ലഭിച്ചവരുടെ പട്ടികയിലൂടെ ഒന്ന് കണ്ണോടിച്ചാൽ അതിൻ്റെ നിലവാരം വ്യക്തമാകും .

2020 ൽ അത് ലഭിച്ചത് സ്വെറ്റ്ലാനാ അലക്സിയേവിച്ചിനാണ്. 2015 ലെ നൊബേൽ പുരസ്കാരം നേടിയ വനിതയാണ്. ആദ്യമായാണ് സാഹിത്യേതര രചന മാത്രം നിർവ്വഹിക്കുന്ന ഒരു പത്രപ്രവർത്തകയ്ക്ക് നൊബേൽ ലഭിക്കുന്നത്. അവരുടെ ചെർണോബിൽ പ്രാർത്ഥന , സെക്കൻ്റ് ഹാൻ്റ് ടൈം എന്നീ പുസ്തകങ്ങൾ വളരെ പ്രസിദ്ധം. മലയാളത്തിൽ അവരുടെ പല കൃതികളുടേയും തർജ്ജമ വന്നിട്ടുണ്ട്.

അതിന് മുമ്പ് , 2019 ൽ ഇതേ സമ്മാനം ലഭിച്ചത് ജോസഫ് സ്റ്റിഗ് ലിസിന്. സ്റ്റിഗ് ലിസ് മലയാളികൾക്ക് കുറേക്കൂടി പരിചിതനാണ്. ഗ്ലോബലൈസേഷൻ ആൻഡ് ഇറ്റ്സ് ഡിസ്കണ്ടെൻ്റ്സ് എന്ന പുസ്തകം നമ്മുടെ നാട്ടിലും ആഗോളവത്ക്കരണത്തിനെതിരെയുള്ള പോരാട്ടത്തിൽ ഉയർത്തിപ്പിടിച്ച ഒരു പുസ്തകമായിരുന്നു. നയങ്ങളിൽ പ്രതിഷേധിച്ച് ലോകബാങ്കിൻ്റെ ഉന്നത ഉദ്യോഗത്തിൽ നിന്നും പടിയിറങ്ങിപ്പോന്നവൻ .

ഈ സമ്മാനം, യൂണിവേഴ്സിറ്റി 1994 ൽ തുടങ്ങിവെച്ചത് കാൾ പോപ്പറിന് സമ്മാനിച്ചു കൊണ്ടാണ്. പോപ്പർ ആരാണെന്ന് തത്വശാസ്ത്രത്തിൻ്റെ ആദ്യാക്ഷരങ്ങൾ അറിയുന്നവർക്ക് പരിചയപ്പെടുത്തേണ്ടതില്ല. 1999 ൽ ഇത് കിട്ടിയത് പ്രശസ്ത നാടകകൃത്തും ചെക്ക് റിപ്പബ്ളിക്കിൻ്റെ പ്രസിഡണ്ടുമായിരുന്ന വാക്ലാവ് ഹാവേലിന്. 2007 ൽ ഇത് യു.എൻ . സെക്രട്ടറിയായിരുന്ന കോഫി അന്നൻ്റെ കൈയ്യിലെത്തി

ഈ ചരിത്രമെല്ലാം സാധകം ചെയ്യുന്നത് , ഈ സമ്മാനത്തിൻ്റെ അന്താരാഷ്ട്ര മാനം വ്യക്തമാക്കാൻ മാത്രമല്ല. ഒരു പ്രധാനവാർത്ത അറിയിക്കാനും കൂടിയാണ്. 2021 ൽ ഈ സമ്മാനത്തിനർഹയായത് കെ.കെ. ഷൈലജ ടീച്ചറാണ് . അതെ ,നമ്മുടെ ഷൈലജ ടീച്ചർ തന്നെ. അവർക്ക് സമ്മാനം പ്രഖ്യാപിച്ച് CEU ഇങ്ങനെ പറയുന്നു

" കേരളം എന്ന ഇന്ത്യാരാജ്യത്തിലെ സംസ്ഥാനത്തിൻ്റെ മുൻ ആരോഗ്യമന്ത്രി എന്ന നിലയിൽ കെ.കെ. ഷൈലജ ടീച്ചറും പൊതു ആരോഗ്യ രംഗത്തെ അർപ്പണമനോഭാവമുള്ള സഹപ്രവർത്തകരും ചേർന്ന് നിശ്ചയദാർഢ്വമുള്ള നേതൃത്വവും സാമൂഹ്യാടിസ്ഥാനത്തിലുള്ള പൊതു ജനാരോഗ്യനയവും ഫലപ്രദമായ വിനിമയവും എങ്ങനെ ജനങ്ങളുടെ ജീവനെ രക്ഷിക്കും എന്ന് കോവിഡ് 19 മഹാവ്യാധിയുടെ കാലത്ത് കാണിച്ചു തന്നു "

ഇത്രയും പ്രധാനപ്പെട്ട ബഹുമതി ആദ്യമായി ഇന്ത്യയിലേയ്ക്കും കേരളത്തിലേയ്ക്കും കടന്നു വന്നിട്ടും നമ്മുടെ മാധ്യമങ്ങൾ ഇതറിഞ്ഞില്ല. മാധ്യമ സമൂഹം എന്ന് നല്ലതായും ചീത്തയായും വിശേഷിപ്പിക്കപ്പെടുന്ന നമ്മിൽ ഈ വാർത്ത വഴിതെറ്റിപ്പോലും വന്നില്ല. കേരളീയർ എന്ന നിലയിൽ നമുക്ക് അഭിമാനിക്കാനുള്ള ഈ മുഹൂർത്തത്തെ നീട്ടി നീട്ടി വെയ്ക്കുന്നതെന്ത് കൊണ്ട്

ലജ്ജാവഹം ,മാധ്യമങ്ങളേ"

Related Stories

No stories found.
logo
The Cue
www.thecue.in