കാഴ്ച്ചക്കുറവുള്ളവര്‍ക്ക് പുതിയ നോട്ട് തിരിച്ചറിയാന്‍ മൊബൈല്‍ ആപ്ലിക്കേഷനെന്ന് ആര്‍ബിഐ; കശ്മീരികള്‍ എന്ത് ചെയ്യുമെന്ന് ബോംബെ ഹൈക്കോടതി
കാഴ്ച്ചക്കുറവുള്ളവര്‍ക്ക് നോട്ട് തിരിച്ചറിയാന്‍ മൊബൈല്‍ ആപ്ലിക്കേഷന്‍ തയ്യാറാക്കുകയാണെന്ന് പറഞ്ഞ റിസര്‍വ്വ് ബാങ്കിനെ കശ്മീരിലെ ഇന്റര്‍നെറ്റ് നിരോധനം ചൂണ്ടിക്കാട്ടി ബോംബെ ഹൈക്കോടതി. കാഴ്ച്ച വെല്ലുവിളി നേരിടുന്നവര്‍ക്ക് വേണ്ടി നാഷണല്‍ ആസോസിയേഷന്‍ ഓഫ് ദ ബ്ലൈന്‍ഡ് നല്‍കിയ പൊതുതാല്‍പര്യ ഹര്‍ജി പരിഗണിക്കവേയാണ് ബോംബെ ഹൈക്കോടതിയുടെ പ്രതികരണം. കാഴ്ച്ച വെല്ലുവിളിയുള്ളവര്‍ക്ക് നോട്ട് നിരോധനത്തിന് ശേഷം പുറത്തിറക്കിയ പുതിയ കറന്‍സികള്‍ വേര്‍തിരിച്ചറിയാന്‍ ബുദ്ധിമുട്ടാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു എന്‍എബിയുടെ ഹര്‍ജി.
1967നും 2019നും ഇടയില്‍ ഒറ്റത്തവണ മാത്രമാണ് നോട്ടുകള്‍ മാറ്റിയതെന്നും ഇനി മാറ്റാന്‍ കഴിയില്ലെന്നും ആര്‍ബിഐക്ക് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ വെങ്കടേഷ് ധോണ്ട് വാദിച്ചു. നവംബറില്‍ പുതിയ മൊബൈല്‍ ആപ്ലിക്കേഷന്‍ കൊണ്ടുവരും. ആപ്ലിക്കേഷന്‍ കാഴ്ച്ചക്കുറവുള്ളവര്‍ക്ക് നോട്ടുകളും കോയിനുകളും തിരിച്ചറിയാന്‍ സഹായിക്കുമെന്നും ആര്‍ബിഐ പറഞ്ഞു. സാങ്കേതിക വിദ്യയ്ക്ക് അതിന്റേതായ പരിമിതികളുണ്ടെന്ന് ചീഫ് ജസ്റ്റിസ് പ്രദീപ് നന്ദ്രജോഗും ജസ്റ്റിസ് ഭാരതി ദാംഗ്രെയും അടങ്ങുന്ന ഡിവിഷന്‍ ബെഞ്ച് പ്രതികരിച്ചു.
കാഴ്ച്ചയ്ക്ക് വെല്ലുവിളി നേരിടുന്ന ഒരാള്‍ക്ക് മൊബൈല്‍ ഫോണ്‍ നെറ്റ്‌വര്‍ക്ക് നഷ്ടപ്പെടുകയോ എവിടെയെങ്കിലും ഫോണ്‍ ഉപയോഗിക്കാന്‍ അനുവാദമില്ലാതിരിക്കുകയോ ചെയ്താല്‍? മൊബൈല്‍ ഫോണ്‍ നെറ്റ്‌വര്‍ക്ക് നിരോധനമുള്ള ഒരു സംസ്ഥാനം നമുക്കുണ്ട്.
ബോംബെ ഹൈക്കോടതി
കശ്മീരിന്റെ പ്രത്യേക പദവി കേന്ദ്ര സര്‍ക്കാര്‍ എടുത്തുകളഞ്ഞ ആഗസ്റ്റ് അഞ്ചിന് ഏര്‍പ്പെടുത്തിയ ഇന്റര്‍നെന്റ് നിരോധനം ഇതുവരെ പിന്‍വലിച്ചിട്ടില്ല.
ചിലയിടങ്ങളില്‍ നെറ്റ്‌വര്‍ക്ക് കണക്ടിവിറ്റി ഇല്ല. അപ്പോള്‍ എന്തുചെയ്യും? കാഴ്ച്ചയ്ക്ക് വെല്ലുവിളി നേരിടുന്നവര്‍ക്ക് കാര്യങ്ങള്‍ എളുപ്പമാക്കി കൊടുക്കുക നമ്മുടെ ഉത്തരവാദിത്തമാണ്. നാം കാര്യങ്ങള്‍ ദുഷ്‌കരമാക്കുകയല്ല വേണ്ടതെന്നും കോടതി ശാസിച്ചു.
കാഴ്ച്ച കുറവാണെങ്കിലും സ്പര്‍ശനത്തിലൂടെയും ഗന്ധത്തിലൂടേയും തിരിച്ചറിയാനുള്ള ശേഷി അവര്‍ക്ക് കൂടുതലായുണ്ട്. കറന്‍സിയുടെ രൂപവും വലിപ്പവും മാറ്റിയതോടെ അവ തിരിച്ചറിയാനായി അവര്‍ വികസിപ്പിച്ചെടുത്ത നൈപുണ്യം റിസര്‍വ്വ് ബാങ്ക് ഇല്ലാതാക്കി.
ബോംബെ ഹൈക്കോടതി
പേഴ്‌സില്‍ വെയ്ക്കാന്‍ എളുപ്പത്തിനാണ് നോട്ടിന്റെ വലുപ്പം കുറച്ചതെന്ന ആര്‍ബിഐ വാദത്തെ കോടതി കോടതി പരിഹസിച്ചു.
ആര്‍ബിഐ ഫാഷന്‍ കോണ്‍ഷ്യസായ വിവരം അറിഞ്ഞില്ല. ഇപ്പോള്‍ തന്നെ നോട്ട് വാലറ്റ് ഫ്രണ്ട്‌ലി ആയി, പേഴ്‌സ് പോക്കറ്റ് ഫ്രണ്ട്‌ലിയാകും, പോക്കറ്റ് ബാങ്ക് ഫ്രണ്ട്‌ലിയാകും. ഇത് മനസിലാക്കാന്‍ നിങ്ങള്‍ ഇത്രയും നാളെടുത്തോ?
ബോംബെ ഹൈക്കോടതി