തലശ്ശേരി ഫസല്‍ വധക്കേസില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകരാണ് വധത്തിന് പിന്നിലെന്ന വാദം തെറ്റാണെന്ന് സി.ബി.ഐ. കോടതിയില്‍ സമര്‍പ്പിച്ച തുടരന്വേഷണ റിപ്പോര്‍ട്ടിലാണ് സി.ബി.ഐ വാദം. കേസില്‍ ആദ്യ അന്വേഷണ റിപ്പോര്‍ട്ട് ശരിയാണെന്നാണ് തുടരന്വേഷണ റിപ്പോര്‍ട്ടിലും സി.ബി.ഐ പറയുന്നത്.
ടി.പി. വധക്കേസ് പ്രതികളായ കൊടിസുനിയും സംഘവുമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് സി.ബി.ഐ റിപ്പോര്‍ട്ടില്‍ പറയുന്നത്. സി.പി.ഐ.എം നേതാക്കളായ കാരായി രാജനും കാരായി ചന്ദ്രശേഖരനും കൊലപാതകത്തില്‍ പങ്കുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഫസല്‍ വധക്കേസില്‍ ഹൈക്കോടതി നിര്‍ദേശത്തെ തുടര്‍ന്നാണ് സിബിഐ തുടരന്വേഷണം ആരംഭിച്ചത്. ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ സുബീഷ് ആണ് ഫസലിനെ കൊന്നത് ആര്‍.എസ്.എസുകാര്‍ ആണെന്ന് മൊഴി നല്‍കിയത്. മറ്റൊരു കേസില്‍ പിടിയിലായപ്പോഴാണ് ഫസലിനെ കൊലപ്പെടുത്തിയത് ആര്‍.എസ്.എസ് ആണെന്ന മൊഴി സുബീഷ് മൊഴി നല്‍കിയത്. എന്നാല്‍ സുബീഷിനെ കസ്റ്റഡിയില്‍ വെച്ച് നിയമവിരുദ്ധമായി രേഖപ്പെടുത്തിയതാണെന്നും തങ്ങളുടെ ആദ്യകുറ്റപത്രം ശരിവെച്ച് തുടര്‍നടപടികള്‍ സ്വീകരിക്കണമെന്നുമാണ് സി.ബി.ഐ സംഘം പ്രത്യേക സിബിഐ കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ആവശ്യപ്പെടുന്നത്.
2006 ഒക്ടോബര്‍ 22നാണ് പത്രവിതരണക്കാരനായ ഫസല്‍ തലശ്ശേരി സെയ്ദാര്‍ പള്ളിക്ക് സമീപത്ത് വെച്ച് കൊല്ലപ്പെടുന്നത്. സി.പി.ഐ.എം പ്രവര്‍ത്തകനായ ഫസല്‍ പാര്‍ട്ടി വിട്ട് എന്‍.ഡി.എഫില്‍ ചേര്‍ന്നതിലുള്ള എതിര്‍പ്പ് കാരമാണ് കൊലപാതകമെന്നായിരുന്നു ആരോപണം. എന്നാല്‍ കേസില്‍ സി.പി.ഐ.എമ്മിന് ബന്ധമില്ലെന്നും താനടക്കം നാല് ആര്‍.എസ്.എസ് പ്രവര്‍ത്തകരാണ് ഫസലിനെ കൊലപ്പെടുത്തിയത് എന്നുമാണ് ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ സുബീഷ് കുറ്റസമ്മത മൊഴിയായി നല്‍കിയത്.
ഫസലിനെ കൊന്നത് സി.പി.ഐ.എം ആണെന്ന വാദത്തെ വീട്ടുകാരും അംഗീകരിച്ചിട്ടില്ല. സുബീഷിന്റെ മൊഴിയില്‍ തുടരന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത് സഹോദരന്‍ അബ്ദുള്‍ സത്താര്‍ ആയിരുന്നു.