നിരന്തരമായ പീഡനത്തെ തുടര്‍ന്ന് പെണ്‍കുട്ടികള്‍ ആത്മഹത്യ ചെയ്തു, വാളയാര്‍ കേസില്‍ സിബിഐ കുറ്റപത്രം

നിരന്തരമായ പീഡനത്തെ തുടര്‍ന്ന് പെണ്‍കുട്ടികള്‍ ആത്മഹത്യ ചെയ്തു, വാളയാര്‍ കേസില്‍ സിബിഐ കുറ്റപത്രം
Published on

വാളയാര്‍ കേസില്‍ സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു. പെണ്‍കുട്ടികളുടേത് കൊലപാതകമല്ല ആത്മഹത്യയാണെന്നാണ് സിബിഐ കുറ്റപത്രം. പെണ്‍കുട്ടികള്‍ നിരന്തരമായ പീഡനത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്തു എന്നാണ് സിബിഐ കുറ്റപത്രത്തില്‍ പറയുന്നത്.

പൊലീസ് പ്രതിചേര്‍ത്തവരെ തന്നെയാണ് സിബിഐയും പ്രതിചേര്‍ത്തിരിക്കുന്നത്. ശാസ്ത്രീയ പരിശോധനയില്‍ പെണ്‍കുട്ടികള്‍ ആത്മഹത്യ ചെയ്തതാണെന്ന് തെളിഞ്ഞു. നിരന്തരം പീഡനം അനുഭവിച്ചതില്‍ മനംനൊന്താണ് പെണ്‍കുട്ടികള്‍ ആത്മഹത്യ ചെയ്തത് എന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്.

മൂത്ത പെണ്‍കുട്ടിയുടെ മരണത്തില്‍ വി.മധു, എം. മധു, ഷിബു എന്നിവരാണ് പ്രതികള്‍. രണ്ടാമത്തെ കുട്ടിയുടെ മരണത്തില്‍ മധുവും പ്രായപൂര്‍ത്തിയാകാത്ത ഒരു ആണ്‍കുട്ടിയെയുമാണ് പ്രതിചേര്‍ത്തിരിക്കുന്നത്.

തിരുവനന്തപുരം യൂണിറ്റ് ഡി.വൈ.എസ്.പി അനന്തകൃഷ്ണനാണ് പാലക്കാട് പോക്‌സോ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. ബലാത്സംഗം പോക്‌സോ ആത്മഹത്യാ പ്രേരണ എന്നിവയാണ് പ്രതികള്‍ക്കെതിരെ ചുമത്തിയ പ്രധാനപ്പെട്ട വകുപ്പുകള്‍. ഷിബുവിനെതിരെ എസ്.സി/ എസ്.ടി ആക്ട് പ്രകാരവും കേസെടുത്തിട്ടുണ്ട്.

പെണ്‍കുട്ടികളെ കൊന്ന് കെട്ടിത്തൂക്കിയെന്നായിരുന്നു നേരത്തെ ഉയര്‍ന്നിരുന്ന ആരോപണം. കേസന്വേഷണത്തില്‍ പൊലീസിന്റെ ഭാഗത്ത് നിന്ന് വീഴ്ചയുണ്ടായിരുന്നതായി ആദ്യഘട്ടത്തില്‍ തന്നെ ആരോപണമുയര്‍ന്നിരുന്നു.

52 ദിവസങ്ങളുടെ വ്യത്യാസത്തിലാണ് വാളയാറില്‍ രണ്ട് പെണ്‍കുട്ടികളെ സമാനമായ രീതിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. മൂത്ത പെണ്‍കുട്ടിയെ 2017 ജനുവരി 13നാണ് വീട്ടിലെ മുറിയില്‍ ഉത്തരത്തില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. രണ്ടാമത്തെ പെണ്‍കുട്ടിയെ മാര്‍ച്ച് നാലിനും അതേ മുറിയില്‍ ഉത്തരത്തില്‍ കെട്ടിത്തൂങ്ങിയ നിലയില്‍ കണ്ടെത്തുകയായിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in