3.81 കോടി രൂപയുടെ തിരിമറി നടത്തിയെന്ന് പരാതി; ഫസല്‍ ഗഫൂറിനെതിരെ കേസ്

3.81 കോടി രൂപയുടെ തിരിമറി നടത്തിയെന്ന് പരാതി; ഫസല്‍ ഗഫൂറിനെതിരെ കേസ്
Published on

ഫണ്ട് തിരിമറി നടത്തിയെന്ന പരാതിയില്‍ എം.ഇ.എസ്. പ്രസിഡന്റ് ഫസല്‍ ഗഫൂറിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്. എം.ഇ.എസിന്റെ ഫണ്ടില്‍ നിന്ന് 3.81 കോടി രൂപ തിരിമറി നടത്തി എന്നാണ് പരാതി. എം.ഇ.എസ്. കമ്മിറ്റി അംഗം നല്‍കിയ പരാതിയില്‍ നടക്കാവ് പൊലീസാണ് എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്തത്.

2011, 2012 വര്‍ഷങ്ങളിലാണ് കേസിന് ആസ്പദമായ ഇടപാട് നടന്നത്. എം.ഇ.എസിന്റെ പഞ്ചാബ് നാഷണല്‍ ബാങ്കിലെ അക്കൗണ്ടില്‍നിന്ന് മൂന്നു കോടി 70 ലക്ഷം രൂപ കോഴിക്കോട് തിരുവങ്ങൂരെ ടാര്‍സ് ഡെവലപ്പേര്‍സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിക്ക് കൈമാറി. എം.ഇ.എസ് സൊസൈറ്റി രജിസ്‌ട്രേഷന്‍ ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്തിരിക്കുന്ന സൊസൈറ്റിയാണിത്. എക്‌സിക്യൂട്ടീവ്, ജനറല്‍ബോഡി എന്നിവയുടെ അനുമതി വാങ്ങാതെ ഈ മൂന്നു കോടി 70 ലക്ഷം രൂപ കൈമാറി എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട ആരോപണം. ഈ തുക റിയല്‍ എസ്റ്റേറ്റ് കമ്പനിയായ ടാര്‍സ് ഡെവലപ്‌മെന്റുമായി ബന്ധപ്പെട്ട് ഫസല്‍ ഗഫൂര്‍ സ്വാര്‍ത്ഥ താല്പര്യങ്ങള്‍ക്കായി ഉപയോഗിച്ചു എന്നും പരാതിയില്‍ പറയുന്നുണ്ട്.

കൂടാതെ 2012 ഒക്ടോബര്‍ 3 ന് ഫസല്‍ ഗഫൂറിന്റെ മകന്‍ മാനേജിങ് ഡയറക്ടറും ഫസല്‍ ഗഫൂര്‍ പ്രൊമോട്ടറുമായ ഫെയര്‍ ഡീല്‍ ഹെല്‍നെസ് സൊലൂഷന്‍ എന്ന കമ്പനിക്ക് 11,62,500 രൂപ ചട്ടം ലംഘിച്ച് കൈമാറിയെന്നും പരാതിക്കാര്‍ ആരോപിക്കുന്നു.

ടാര്‍സ് ഡെവലപ്പേഴ്‌സിന് നല്‍കിയ 3 കോടി 70 ലക്ഷം രൂപ രണ്ടു വര്‍ഷങ്ങള്‍ക്കു ശേഷം വ്യത്യസ്ത ഗഡുക്കളായി അക്കൗണ്ടില്‍ തിരികെ വന്നിട്ടുണ്ട്. എന്നാല്‍ ഈ സമയം സ്ഥലങ്ങള്‍ വാങ്ങുകയും വില്‍ക്കുകയും ചെയ്തതിലൂടെ ഫസല്‍ ഗഫൂര്‍ അന്യായമായ ലാഭമുണ്ടാക്കി എന്നുമാണ് പരാതിക്കാരുടെ ആക്ഷേപം. മകന്റെ കമ്പനിയിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്ത പണം ഇതുവരെ തിരികെ എത്തിയിട്ടില്ല.

നേരത്തെ നല്‍കിയ പരാതിയില്‍ പൊലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ കൂട്ടാക്കാതിരുന്നതോടെയാണ് പരാതിക്കാരന്‍ ഹൈക്കോടതിയെ സമീപിച്ചത്. തുടര്‍ന്ന് ഹൈക്കോടതിയുടെ നിര്‍ദേശപ്രകാരമായിരുന്നു ഫസല്‍ ഗഫൂറിനെതിരെ കേസെടുത്തത്. എം.ഇ.എസ്. ജനറല്‍ സെക്രട്ടറി പിഒജെ ലബ്ബയാണ് രണ്ടാം പ്രതി.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

അതേസമയം പരാതി കെട്ടിച്ചമച്ചതാണെന്നും, എം.ഇ.എസിന് വേണ്ടി കെട്ടിടം പണിയാന്‍ ഭൂമി വാങ്ങാനാണ് പണം ഉപയോഗിച്ചതെന്നും ഫസല്‍ ഗഫൂര്‍ പ്രതികരിച്ചു.

Related Stories

No stories found.
logo
The Cue
www.thecue.in