എം.ബി രാജേഷിന്റെ പരാതിയില്‍ അഡ്വ. എ. ജയശങ്കറിനെതിരെ കേസെടുത്തു

എം.ബി രാജേഷിന്റെ പരാതിയില്‍ അഡ്വ. എ. ജയശങ്കറിനെതിരെ കേസെടുത്തു
Published on

പാലക്കാട്: സ്പീക്കര്‍ എം.ബി രാജേഷിന്റെ പരാതിയില്‍ അഡ്വ. എ. ജയശങ്കറിനെതിരെ കേസെടുത്തു. ഒറ്റപ്പാലം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് കേസെടുത്തത്.

വാളയാര്‍ കുട്ടികളുടെ മരണവുമായി ബന്ധപ്പെട്ട് രാജേഷിനെതിരെയും ഭാര്യ സഹോദരന്‍ നിതിന്‍ കണിച്ചേരിയ്ക്കുമെതിരായി അഡ്വ. ജയശങ്കര്‍ നടത്തിയ പരാമര്‍ശത്തനെതിരെ രാജേഷ് നല്‍കിയ പരാതിയിലാണ് കേസെടുത്തത്. ചാനല്‍ ചര്‍ച്ചയില്‍ ജയശങ്കര്‍ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയെന്നാണ് പരാതി.

ജയശങ്കറിനോട് ഒക്ടോബര്‍ 20ന് ഹാജരാകാന്‍ കോടതി നിര്‍ദേശിച്ചു.

വാളയാര്‍ പെണ്‍കുട്ടികളുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ എംബി രാജേഷ് പ്രതികള്‍ക്കായി ഇടപെട്ടുവെന്നായിരുന്നു ജയശങ്കറിന്റെ പരാമര്‍ശം. നിതിന്‍ കണിച്ചേരിക്കെതിരെയും പരാമര്‍ശം നടത്തി.

'വാളയാര്‍ കേസില്‍ എംപി രാജേഷും അദ്ദേഹത്തിന്റെ ഭാര്യാ സഹോദരനായിട്ടുള്ള നിതിന്‍ കണിച്ചേരിയും മുന്‍കൈയ്യെടുത്താണ് പ്രതികളെ രക്ഷിച്ചിട്ടുള്ളത്. എല്ലാ ആളുകള്‍ക്കും അറിയുന്ന കാര്യമാണ് അത്. ആ പ്രതികള്‍ ഇപ്പോള്‍ നെഞ്ചും വിരിച്ച് നടക്കുന്നു. അവര്‍ ഡി.വൈ.എഫ്.ഐയുടെയും സിപിഎമ്മിന്റെയും എല്ലാ ജാഥയ്ക്കും പോകുന്നു,' എന്നായിരുന്നു ജയശങ്കര്‍ പറഞ്ഞത്.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ തൃത്താലയില്‍ നിന്ന് മത്സരിക്കുന്നതിനിടെയാണ് എം.ബി രാജേഷിനെതിരെ അഡ്വ. ജയശങ്കര്‍ പരാമര്‍ശം നടത്തിയത്.

Related Stories

No stories found.
logo
The Cue
www.thecue.in