വസ്തുതകള്‍ മനസിലാക്കാതെയാണ് തനിക്ക് സൈബര്‍ ആക്രമണം നേരിടേണ്ടി വരുന്നതെന്ന് ലളിതകലാ അക്കാദമിയുടെ 2019-20 ലെ ഓണറബിള്‍ മെന്‍ഷന്‍ പുരസ്‌കാരം നേടിയ കാര്‍ട്ടൂണിസ്റ്റ് അനൂപ് രാധാകൃഷ്ണന്‍. കാര്‍ട്ടൂണിന്റെ പേരില്‍ കഴിഞ്ഞ രണ്ട് ദിവസമായിട്ട് എനിക്ക് നേരെ വ്യാപകമായ സോഷ്യല്‍ മീഡിയ ആക്രമണമാണ് നടക്കുന്നെതന്നും അനൂപ് ദ ക്യുവിനോട് പറഞ്ഞു.
കാര്‍ട്ടൂണ്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുന്നത് 2020 മാര്‍ച്ച് അഞ്ചാം തീയതിയാണ്. ആ സമയത്ത് കൊവിഡ് കേസുകള്‍ കൂടുതലായിരുന്നു. അന്ന് വാക്‌സിനൊന്നും വന്നിട്ടില്ല. ലോകരാജ്യങ്ങളെല്ലാം ശാസ്ത്രീയമായ ചികിത്സാ രീതികളെക്കുറിച്ചൊക്കെ സംസാരിക്കുന്ന സമയം ആയിരുന്നു. ആ സമയത്ത് വടക്കെ ഇന്ത്യയില്‍ പലഭാഗത്തും ഗോമൂത്രവും ചാണകവും കൊവിഡിനെ തുരത്തുമെന്നും, ആളുകള്‍ക്ക് പ്രതിരോധ ശക്തി കിട്ടാന്‍ ഇത് അനുയോജ്യമാകുമെന്നും വ്യാപകമായ അശാസ്ത്രീയവും അന്ധവിശ്വാസപരവുമായുള്ള സന്ദേശങ്ങള്‍ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. അന്നത്തെ രാഷ്ട്രീയ സാഹചര്യത്തിലാണ് അങ്ങനെ ഒരു കാര്‍ട്ടൂണ്‍ വരച്ചതെന്നും അനൂപ് പറഞ്ഞു.
നൂറ് കോടി വാക്‌സിന്‍ കിട്ടി നില്‍ക്കുന്ന ഇന്ത്യ മഹാരാജ്യത്തെ ഞാന്‍ കളിയാക്കി, ഞാന്‍ രാജ്യദ്രോഹിയാണ് എന്നൊക്കെയാണ് സംഘപരിവാര്‍ കേന്ദ്രങ്ങളില്‍ നിന്ന് വരുന്ന പ്രതികരണങ്ങളെന്നും അനൂപ് കൂട്ടിച്ചേര്‍ത്തു.
പിതൃശൂന്യ പ്രവൃത്തിയാണ് ലളിതകലാ അക്കാദമി കാണിച്ചതെന്നായിരുന്നു ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ കഴിഞ്ഞ ദിവസം പറഞ്ഞത്. സ്വന്തം നാടിനെ അപമാനിക്കാനും അവഹേളിക്കാനും ഉത്തരവാദപ്പെട്ട സ്ഥാനങ്ങളിലിരിക്കുന്നവര്‍ തയ്യാറായാല്‍ അതിനെ എതിര്‍ക്കാന്‍ നാടിനെ സ്‌നേഹിക്കുന്നവര്‍ക്ക് മറുത്തൊന്നാലോചിക്കേണ്ടിവരില്ലെന്നും സുരേന്ദ്രന്‍ പറഞ്ഞു.
ഇംഗ്ലണ്ട്, ചൈന, യു.എസ്.എ പ്രതിനിധികള്‍ക്കൊപ്പമാണ് ഇന്ത്യയുടെ പ്രതിനിധിയെ പശുവായി ചിത്രീകരിച്ചത്. 25,000 രൂപ സമ്മാനത്തുകയുള്ള ഓണറബിള്‍ പുരസ്‌കാരം നേടിയ കാര്‍ട്ടൂണാണ് ഇത്. എന്നാല്‍ നാടു ഭരിക്കുന്നവരാണ് ഇത്തരം നെറികേടുകളെ നിയന്ത്രിക്കേണ്ടതെന്നും അവരതിന് തയ്യാറാവുന്നില്ലെങ്കില്‍ ജനങ്ങള്‍ക്ക് അതേറ്റെടുക്കേണ്ടി വരുമെന്നും സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു. ഫെയ്സ്ബുക്കിലൂടെയായിരുന്നു സുരേന്ദ്രന്റെ പ്രതികരണം.
ഇതിന് പിന്നാലെ മറ്റൊരു കുറിപ്പുകൂടി സുരേന്ദ്രന്‍ പോസ്റ്റ് ചെയ്തു. തിരുത്താന്‍ സര്‍ക്കാര്‍ തയ്യാറായില്ലെങ്കില്‍ ഉത്തരവാദികളെ സമൂഹം വെറുതെ വിടില്ലെന്നാണ് അടുത്ത കുറിപ്പില്‍ പറയുന്നത്.
അതേസമയം പുരസ്‌കാരങ്ങള്‍ക്ക് അര്‍ഹമായ കാര്‍ട്ടൂണുകള്‍ തെരഞ്ഞെടുത്തത് ജൂറിയാണ്. അവരുടെ അധികാരത്തില്‍ ഇടപെടില്ലെന്നാണ് ലളിതകലാ അക്കാദമിയുടെ വിശദീകരണം.
അനൂപിന്റെ വാക്കുകള്‍
കേരള ലളിതകലാ അക്കാദമിയുടെ 2019-20 ലെ ഓണറബിള്‍ മെന്‍ഷന്‍ പുരസ്‌കാരമാണ് എനിക്ക് കിട്ടിയത്. ആ കാര്‍ട്ടൂണിന്റെ പേരില്‍ കഴിഞ്ഞ രണ്ട് ദിവസമായിട്ട് എനിക്ക് നേരെ വ്യാപകമായ സോഷ്യല്‍ മീഡിയ ആക്രമണമാണ് നടക്കുന്നത്. സംഘപരിവാര്‍ ഗ്രൂപ്പുകളില്‍ നിന്നുള്ള വിളികളും ചീത്തപറച്ചിലുകളുമാണ് നടന്നുകൊണ്ടിരിക്കുന്നത്. കേരള ബി.ജെ.പിയുടെ സംസ്ഥാന അധ്യക്ഷന്‍ തന്നെ അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ ഈ കാര്‍ട്ടൂണിനെതിരെ നടപടി എടുത്തില്ലെങ്കില്‍ പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന തരത്തിലുള്ള, അക്രമത്തിന് ആഹ്വാനം ചെയ്യുന്ന തരത്തിലുള്ള ഒരു ഫേസ്ബുക്ക് പോസ്റ്റ് ഇട്ടിരുന്നു.
ഈ കാര്‍ട്ടൂണ്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുന്നത് 2020 മാര്‍ച്ച് അഞ്ചാം തീയതിയാണ്. ആ സമയത്ത് കൊവിഡ് കേസുകള്‍ കൂടുതലായിരുന്നു. അന്ന് വാക്‌സിനൊന്നും വന്നിട്ടില്ല. ലോകരാജ്യങ്ങളെല്ലാം ശാസ്ത്രീയമായ ചികിത്സാ രീതികളെക്കുറിച്ചൊക്കെ സംസാരിക്കുന്ന സമയം ആയിരുന്നു. ആ സമയത്ത് വടക്കെ ഇന്ത്യയില്‍ പലഭാഗത്തും ഗോമൂത്രവും ചാണകവും കൊവിഡിനെ തുരത്തുമെന്നും, ആളുകള്‍ക്ക് പ്രതിരോധ ശക്തി കിട്ടാന്‍ ഇത് അനുയോജ്യമാകുമെന്നും വ്യാപകമായ അശാസ്ത്രീയവും അന്ധവിശ്വാസപരവുമായുള്ള സന്ദേശങ്ങള്‍ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. ഗോമൂത്ര പാര്‍ട്ടി വരെ ഇവര്‍ സംഘടിപ്പിച്ചിരുന്നു.
ഗോമൂത്രം കുടിക്കുന്നതും അതില്‍ കുളിക്കുന്നതുമെല്ലാമുള്ള വീഡിയോകള്‍ വ്യാപകമായി പങ്കുവെക്കപ്പെട്ടിരുന്ന സമയം കൂടിയായിരുന്നു അത്. ഭരിക്കുന്ന പാര്‍ട്ടിയുടെ എം.പി എം.എല്‍.എ മാര്‍ ഉള്‍പ്പെടെ പലരീതിയിലും അതിനെ പിന്തുണയ്ക്കുന്നതും കണ്ടിരുന്നു. അപ്പോള്‍ ഒരു പൊളിറ്റിക്കല്‍ കാര്‍ട്ടൂണ്‍ വരയ്ക്കുന്നത് അതത് രാഷ്ട്രീയ സാഹചര്യങ്ങളെയും വാര്‍ത്തകളെയും അടിസ്ഥാനമാക്കിയാണ്. അന്ന് ഞാന്‍ ആ കാര്‍ട്ടൂണ്‍ വരച്ചതും ഇന്ത്യ അശാസ്ത്രീയമായ രീതിയില്‍ കൊവിഡിനെ നേരിടുന്നു എന്ന് കാണിക്കാന്‍ തന്നെയായിരുന്നു. ഇതിന് ഒരുവര്‍ഷം കഴിഞ്ഞാണ് ഇപ്പോള്‍ അവാര്‍ഡ് കിട്ടിയിരിക്കുന്നത്. ലളിതകലാ അക്കാദമി 2019ലെ അവാര്‍ഡിന് വിളിച്ചത് സെപ്തംബര്‍ മാസത്തിലായിരുന്നു. കൊവിഡ് കാരണം ജൂറി നിര്‍ണയം വൈകി. ഇപ്പോഴാണ് അവാര്‍ഡ് പ്രഖ്യാപിക്കുന്നത്.
ഇപ്പോള്‍ വരുന്ന സംഘപരിവാര്‍ കേന്ദ്രങ്ങളില്‍ നിന്ന് വരുന്ന പ്രതികരണങ്ങള്‍ എന്ന് പറയുന്നത് നൂറ് കോടി വാക്‌സിന്‍ കിട്ടി നില്‍ക്കുന്ന ഇന്ത്യ മഹാരാജ്യത്തെ ഞാന്‍ കൡയാക്കി, ഞാന്‍ രാജ്യദ്രോഹിയാണ് എന്നൊക്കെയാണ്. അത് തീര്‍ച്ചയായും തെറ്റാണ്. വസ്തുതകള്‍ ഇതാണെന്ന് പറയാന്‍ ശ്രമിച്ചെങ്കിലും ആരും ചെവിക്കൊള്ളുന്നില്ല. കാരണം വസ്തുതകളുടെ പുറത്തല്ലല്ലോ പ്രചാരണങ്ങള്‍ ഉണ്ടാവുന്നത്.