ഡല്‍ഹിക്ക് ഓക്‌സിജന്‍ വേണമായിരുന്നു; കെജ്രിവാള്‍ അനാവശ്യ ഓക്‌സിജന്‍ പ്രതിസന്ധിയുണ്ടാക്കിയില്ലെന്ന് എയിംസ് മേധാവി

ഡല്‍ഹിക്ക് ഓക്‌സിജന്‍ വേണമായിരുന്നു; കെജ്രിവാള്‍ അനാവശ്യ ഓക്‌സിജന്‍ പ്രതിസന്ധിയുണ്ടാക്കിയില്ലെന്ന് എയിംസ് മേധാവി
Published on

ന്യൂദല്‍ഹി:കൊവിഡ് രണ്ടാം തരംഗത്തിനിടയില്‍ ഡല്‍ഹി സര്‍ക്കാര്‍ അനാവശ്യ ഓക്‌സിജന്‍ പ്രതിസന്ധിയുണ്ടാക്കിയെന്ന റിപ്പോര്‍ട്ട് ശരിയല്ലെന്ന് എയിംസ് മേധാവി ഡോ. രണ്‍ദീപ് ഗുലേറിയ.

ഓഡിറ്റ് നടത്തിയ സംഘത്തിലെ ഉപഗ്രൂപ്പില്‍ അംഗവുമാണ് ഡോ. രണ്‍ദീപ് ഗുലേറിയ. ഡല്‍ഹി സര്‍ക്കാര്‍ ഓക്‌സിജന്‍ പ്രതിസന്ധി നാലിരട്ടിയായി കാണിച്ചുവെന്നായിരുന്നു പുറത്തുവന്ന റിപ്പോര്‍ട്ട്.

സുപ്രീം കോടതി നിയമിച്ച പ്രത്യേക സമിതി ദല്‍ഹി സര്‍ക്കാരിനെതിരെ റിപ്പോര്‍ട്ട് നല്‍കിയെന്ന വാര്‍ത്ത ദേശീയ മാധ്യമങ്ങളുള്‍പ്പെടെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിന് പിന്നാലെ ട്വിറ്ററില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ രാജിവെക്കണമെന്ന് പറഞ്ഞ് ക്യാമ്പയിനും നടന്നിരുന്നു.

റിപ്പോര്‍ട്ട് ഡല്‍ഹി സര്‍ക്കാര്‍ നിഷേധിച്ചിരുന്നു. സുപ്രീം കോടതി സമിതി ഒപ്പുപോലുമിടാത്ത റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പ്രചരിക്കുന്നതെന്നായിരുന്നു മനീഷ് സിസോദിയ പറഞ്ഞത്. ഇതിന് പിന്നാലെയാണ് ഗ്രൂപ്പിലെ തന്നെ അംഗമായ രണ്‍ദീപ് ഗുലേറിയയും വാര്‍ത്ത നിഷേധിച്ച് മുന്നോട്ട് വന്നിരിക്കുന്നത്.

'' ഡല്‍ഹി ഓക്‌സിജന്‍ ഓഡിറ്റ് ഇടക്കാല റിപ്പോര്‍ട്ടാണെന്നും, അന്തിമ റിപ്പോര്‍ട്ടിന് വേണ്ടി കാത്തിരിക്കണമെന്നും ഡോ.ഗുലേറിയ എന്‍ഡിടിവിയോട് പറഞ്ഞു.

ഓക്‌സിജന്‍ ക്ഷാമം നാലിരട്ടിയായി പെരുപ്പിച്ച് കാണിച്ചുവെന്നത് ശരിയാണോ എന്ന ചോദ്യത്തിന് അങ്ങനെ പറയാന്‍ സാധിക്കുമെന്ന് കരുതുന്നില്ലെന്നാണ് ഗുലേറിയ പറഞ്ഞത്.

വിഷയം സുപ്രീം കോടതിയുടെ പരിഗണനയിലാണെന്നും കോടതി എന്താണ് പറയുന്നത് എന്നറിയാന്‍ കാത്തിരിക്കണമെന്നും ഗുലേറിയ പറഞ്ഞു.

ബിജെപിയോട് അടുപ്പമുള്ള സോഴ്‌സുകളില്‍ നിന്നാണ് ഡല്‍ഹി സര്‍ക്കാര്‍ ഓക്‌സിജന്‍ ക്ഷാമം പെരുപ്പിച്ച് കാണിച്ചുവെന്ന റിപ്പോര്‍ട്ട് പ്രധാനമായും പ്രചരിച്ചത്. അത്തരമൊരു റിപ്പോര്‍ട്ടില്ലെന്നും സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമമാണ് നടക്കുന്നതെന്നും ആം ആദ്മി സര്‍ക്കാര്‍ പ്രതികരിച്ചിരുന്നു. എന്നാല്‍ ട്വിറ്ററില്‍ ഉള്‍പ്പെടെ കെജ്രിവാള്‍ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് വലിയ പ്രചരണങ്ങളാണ് നടന്നത്.

ഡല്‍ഹി സര്‍ക്കാര്‍ തെറ്റായ രീതിയിലാണ് ഓക്‌സിജന്റെ ആവശ്യം കണക്കുകൂട്ടിയതെന്നും ഏപ്രില്‍ 30ന് കോടതിയില്‍ പെരുപ്പിച്ച കണക്കുകളാണ് കാണിച്ചത് എന്നുമായിരുന്നു പ്രധാന ആരോപണം.

ഡല്‍ഹിയില്‍ സുപ്രീം കോടതി ഉത്തരവിട്ടതുപോലെ 700 മെട്രിക് ടണ്‍ ഓക്‌സിജന്‍ സംഭരിക്കാന്‍ സൗകര്യമില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു എന്ന പേരില്‍ പ്രചരണങ്ങള്‍ നടന്നിരുന്നു. താന്‍ ഡല്‍ഹിയിലെ 2 കോടി ജനങ്ങളുടെ ജീവന്‍ രക്ഷിക്കാന്‍ ശ്രമിച്ചു എന്നത് മാത്രമാണ് എന്റെ കുറ്റമെന്നാണ് വാര്‍ത്തകള്‍ക്ക് പിന്നാലെ അരവിന്ദ് കെജ്രിവാള്‍ പ്രതികരിച്ചത്.

അനേകം ആളുകള്‍ക്കാണ് ഓക്‌സിജനില്ലാതെ ജീവന്‍ നഷ്ടമായതെന്നും അവരെല്ലാം കള്ളം പറഞ്ഞതാണെന്ന് പറയരുതെന്നും കെജ്രിവാള്‍ പറഞ്ഞു. ജൂണ്‍ 30നാണ് വിഷയത്തില്‍ സുപ്രീം കോടതി വാദം കേള്‍ക്കുക.

Related Stories

No stories found.
logo
The Cue
www.thecue.in