സിഖ് വിഘടനവാദികള്‍ക്കെതിരായ ആക്രമണങ്ങള്‍; അമിത് ഷായുടെ പേരിലും കാനഡ ആരോപണം ഉന്നയിക്കുമ്പോള്‍

സിഖ് വിഘടനവാദികള്‍ക്കെതിരായ ആക്രമണങ്ങള്‍; അമിത് ഷായുടെ പേരിലും കാനഡ ആരോപണം ഉന്നയിക്കുമ്പോള്‍
Published on

ഇന്ത്യയും കാനഡയുമായുള്ള ബന്ധം കൂടുതല്‍ വഷളാക്കിക്കൊണ്ട് ആഭ്യന്തരമന്ത്രി അമിത് ഷായുടെ പേരെടുത്തു വിമര്‍ശിച്ച് കാനഡ. സിഖ് വിഘടനവാദികള്‍ക്കെതിരായി നടക്കുന്ന നീക്കങ്ങള്‍ക്ക് പിന്നില്‍ ഇന്ത്യന്‍ ആഭ്യന്തരമന്ത്രിയാണെന്ന് കനേഡിയന്‍ ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി ഡേവിഡ് മോറിസണ്‍ ആണ് പറഞ്ഞത്. വാഷിംഗ്ടണ്‍ പോസ്റ്റിലാണ് മന്ത്രിയുടെ പരാമര്‍ശം വന്നത്. പിന്നീട് കനേഡിയന്‍ പാര്‍ലമെന്റ് അംഗങ്ങള്‍ അടങ്ങിയ നാഷണല്‍ സെക്യൂരിറ്റി കമ്മിറ്റിക്ക് മുന്നില്‍ അദ്ദേഹം ഇക്കാര്യം സ്ഥിരീകരിച്ചു. കാനഡയിലെ സിഖ് വിഘടനവാദികള്‍ക്കിടയില്‍ ചാര പ്രവര്‍ത്തനം നടത്താനും അതിക്രമങ്ങള്‍ നടത്താനും അമിത്ഷാ നിര്‍ദേശം നല്‍കിയിരുന്നുവെന്നാണ് മോറിസണ്‍ പറഞ്ഞത്. അത് അമിഷ് ഷാ തന്നെയാണോ എന്ന് വാഷിംഗ്ടണ്‍ പോസ്റ്റില്‍ നിന്ന് വിളിച്ചു ചോദിച്ചിരുന്നുവെന്നും അക്കാര്യം താന്‍ സ്ഥിരീകരിച്ചുവെന്നും നാഷണല്‍ സെക്യൂരിറ്റി കമ്മിറ്റിയില്‍ മോറിസണ്‍ വ്യക്തമാക്കി. എന്നാല്‍ അമിത്ഷായുടെ ഇടപെടല്‍ ഏതു വിധത്തിലാണെന്ന് മോറിസണ്‍ വ്യക്തമാക്കിയിട്ടില്ല. അതേസമയം ഇന്ത്യന്‍ ആഭ്യന്തര മന്ത്രിയുടെ പേരെടുത്ത് കാനഡ ആരോപണം ഉന്നയിക്കുന്നത് നയതന്ത്ര ബന്ധങ്ങളെ കൂടുതല്‍ ദോഷകരമായി ബാധിക്കും.

ഇന്ത്യന്‍ ഏജന്‍സികള്‍ ക്രിമിനല്‍ സംഘങ്ങളെ ഉപയോഗിച്ച് കാനഡയിലുള്ള സിഖ് വിഘടനവാദികളെ ആക്രമിക്കുന്നതായി അടുത്തിടെയാണ് കാനഡ ആരോപിച്ചത്. ലോറന്‍സ് ബിഷ്‌ണോയ് ഗ്യാംഗിനെ ഇന്ത്യ ഇത്തരം കാര്യങ്ങള്‍ക്കായി ഉപയോഗിക്കുകയാണെന്നാണ് ആരോപണം. ബിഷ്‌ണോയ് സംഘത്തിനൊപ്പം പ്രവര്‍ത്തിക്കുന്ന ഇന്ത്യക്കാരും കനേഡിയന്‍ പൗരന്‍മാരായ ഇന്ത്യക്കാരുമായവരെക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ടെന്നും അവ ഇന്ത്യക്ക് കൈമാറിയിട്ടുണ്ടെന്നും ട്രൂഡോയുടെ സുരക്ഷാ ഉപദേഷ്ടാവ് നതാലി ഡ്രൂയിനും സുരക്ഷാ സമിതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. സിഖ് വിഘടനവാദിയായ ഹര്‍ദീപ് സിങ് നിജ്ജറിന്റെ കൊലപാതകത്തില്‍ ഇന്ത്യന്‍ ഗവണ്‍മെന്റ് ഏജന്‍സികള്‍ക്ക് പങ്കുണ്ടെന്നും അക്കാര്യത്തില്‍ വിശ്വസനീയമായ തെളിവുകള്‍ കയ്യിലുണ്ടെന്നും കഴിഞ്ഞ വര്‍ഷം കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ പറഞ്ഞിരുന്നു. എന്നാല്‍ കാനഡ നിരന്തരം ഉന്നയിക്കുന്ന ആരോപണങ്ങളെ ഇന്ത്യ നിഷേധിക്കുകയാണ്. സ്വതന്ത്ര ഖാലിസ്ഥാന്‍ വാദം ഉന്നയിക്കുന്നവര്‍ക്കെതിരായ അതിക്രമങ്ങളില്‍ പങ്കുണ്ടെന്ന് ആരോപിച്ച് ഇന്ത്യന്‍ ഹൈക്കമ്മീഷണറെയും മറ്റ് അഞ്ച് നയതന്ത്ര പ്രതിനിധികളെയും കാനഡ പുറത്താക്കുകയും ഇന്ത്യയും കനേഡിയന്‍ നയതന്ത്ര പ്രതിനിധികള്‍ക്കെതിരെ സമാന നടപടികള്‍ സ്വീകരിക്കുകയും ചെയ്തതോടെ ഇരു രാജ്യങ്ങള്‍ക്കും ഇടയിലെ ബന്ധം ഉലഞ്ഞു നില്‍ക്കുകയാണ്. ഇതിന് പിന്നാലെയാണ് ഇന്ത്യയുടെ ആഭ്യന്തര മന്ത്രിയുടെ പേരെടുത്ത് കാനഡ ആരോപണം ഉന്നയിക്കുന്നത്.

ഇന്ത്യ-കാനഡ നയതന്ത്ര പ്രതിസന്ധി

നിജ്ജര്‍ വധത്തിന്റെ പശ്ചാത്തലത്തില്‍ കഴിഞ്ഞ സെപ്റ്റംബറിലാണ് ഇന്ത്യയും കാനഡയുമായുള്ള ബന്ധം ഉലയാന്‍ തുടങ്ങിയത്. ജൂണ്‍ 8ന് വാന്‍കൂവറിലെ ഗുരുദ്വാരയുടെ കാര്‍ പാര്‍ക്കിംഗില്‍ വെച്ച് കനേഡിയന്‍ പൗരനായ ഹര്‍ദീപ് സിങ് നിജ്ജര്‍ വെടിയേറ്റ് മരിച്ചു. മൂന്നു മാസത്തിന് ശേഷം സെപ്റ്റംബറില്‍ ട്രൂഡോ ഇതു സംബന്ധിച്ച് നടത്തിയ പ്രസ്താവനയില്‍ കൊലപാതകത്തില്‍ ഇന്ത്യാ ഗവണ്‍മെന്റിന്റെ ഏജന്റുമാര്‍ക്ക് പങ്കുണ്ടെന്നും അതിന് വിശ്വസ്തമായ തെളിവുകളുണ്ടെന്നും പറഞ്ഞു. ഖാലിസ്ഥാനി ടൈഗര്‍ ഫോഴ്‌സ് എന്ന സംഘടനയുടെ ബുദ്ധികേന്ദ്രമായിരുന്ന നിജ്ജര്‍ ഇന്ത്യയുടെ മോസ്റ്റ് വാണ്ടഡ് പട്ടികയിലുള്ള തീവ്രവാദിയായിരുന്നു. ജലന്ധറിലെ ഒരു ഹിന്ദു പുരോഹിതനെ കൊലപ്പെടുത്തിയ കേസില്‍ നിജ്ജറിന് പങ്കാളിത്തമുണ്ടെന്ന് എന്‍ഐഎയും വ്യക്തമാക്കിയിരുന്നു. ഇയാളുടെ തലയ്ക്ക് 10 ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ചിരിക്കുകയായിരുന്നു. എന്നാല്‍ നിജ്ജറിന്റെ കൊലയില്‍ ഇന്ത്യക്ക് പങ്കുണ്ടെന്ന ആരോപണത്തെ അസംബന്ധം എന്നാണ് ഡല്‍ഹി വിശേഷിപ്പിച്ചത്. ആരോപണത്തിന് തെളിവുകള്‍ ഹാജരാക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു.

ഇന്ത്യന്‍ നയതന്ത്ര പ്രതിനിധികള്‍ക്ക് ഭീഷണിയായ ഖാലിസ്ഥാന്‍ വിഘടനവാദികള്‍ക്ക് എതിരെ നടപടിയെടുക്കണമെന്ന് ഇന്ത്യ 2023 ജൂലൈയില്‍ കാനഡയോട് ഔദ്യോഗികമായി ആവശ്യപ്പെട്ടു. കാനഡയിലെയും അമേരിക്കയിലെയും ഇന്ത്യന്‍ കോണ്‍സുലേറ്റുകളില്‍ ഉണ്ടായ സുരക്ഷാ വീഴ്ചയുടെ പശ്ചാത്തലത്തിലായിരുന്നു ഈ ആവശ്യം ഉന്നയിക്കപ്പെട്ടത്. കാനഡ കേന്ദ്രീകരിച്ച് തുടരുന്ന ഇന്ത്യാ വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഇന്ത്യ ആശങ്ക അറിയിക്കുകയും അക്രമങ്ങളെ അപലപിക്കുകയും ചെയ്തു. ഇതിന് ശേഷമാണ് ഖാലിസ്ഥാനി വിഘടനവാദി അമൃത്പാല്‍ സിങ്ങിനെയും വാരിസ് പഞ്ചാബ് ദേ എന്ന ഇയാളുടെ സംഘടനയിലെ 100 പേരെയും പിടികൂടാന്‍ പൊലീസ് ശ്രമം ആരംഭിച്ചത്. 2010 മുതല്‍ ഇരു രാജ്യങ്ങളും തമ്മില്‍ നടന്നു വന്നിരുന്ന വ്യാപാര ചര്‍ച്ചകളാണ് ഇതോടെ നിലച്ചത്. ജി20 ഉച്ചകോടിക്കായി ജസ്റ്റിന്‍ ട്രൂഡോ ഇന്ത്യയില്‍ എത്തുകയും അതിനിടെ ചില സംഭവ വികാസങ്ങള്‍ ഉണ്ടാകുകയും ചെയ്തതോടെ ബന്ധം പൂര്‍ണ്ണമായും തകര്‍ന്നു. കനേഡിയന്‍ മണ്ണില്‍ ഇന്ത്യാ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പ്രസ്താവനയും ട്രൂഡോ മടങ്ങിയ വിമാനം സാങ്കേതിക കാരണങ്ങളാല്‍ തിരിച്ചിറക്കിയതും പിന്നീട് തിരിച്ചു പോകല്‍ വൈകിയതുമെല്ലാം നയതന്ത്ര ബന്ധങ്ങളെ ബാധിച്ചു.

മരണത്തിന്റെ ഒന്നാം വാര്‍ഷികത്തില്‍ കനേഡിയന്‍ പാര്‍ലമെന്റ് നിജ്ജറിനെ ആദരിച്ചത് ഇന്ത്യയെ വീണ്ടും ചൊടിപ്പിച്ചു. തീവ്രവാദത്തിന് രാഷ്ട്രീയ ഇടം നല്‍കുകയും ഹിംസയെ പിന്തുണയ്ക്കുകയും ചെയ്യുന്ന സമീപനത്തെ എതിര്‍ക്കുമെന്ന് ഇന്ത്യ വ്യക്തമാക്കി. 1985ല്‍ ഖാലിസ്ഥാനി തീവ്രവാദികള്‍ ബോംബ് വെച്ച് തകര്‍ത്ത എയര്‍ ഇന്ത്യയുടെ മോണ്‍ട്രിയല്‍-ലണ്ടന്‍ വിമാനത്തിലെ 329 യാത്രക്കാര്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചുകൊണ്ടാണ് വാന്‍കൂവറിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് തിരിച്ചടിച്ചത്.

Related Stories

No stories found.
logo
The Cue
www.thecue.in