മുസ്ലിങ്ങളെ ലക്ഷ്യമിട്ട് ആക്രമണം; ഡല്‍ഹിയില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം അഞ്ച് ആയി, പത്തിടങ്ങളില്‍ നിരോധനാജ്ഞ 

മുസ്ലിങ്ങളെ ലക്ഷ്യമിട്ട് ആക്രമണം; ഡല്‍ഹിയില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം അഞ്ച് ആയി, പത്തിടങ്ങളില്‍ നിരോധനാജ്ഞ 

Published on

പൗരത്വനിയമഭേദഗതിയുടെ പേരില്‍ ഡല്‍ഹിയിലുണ്ടായ അക്രമ സംഭവങ്ങളില്‍ മരിച്ചവരുടെ എണ്ണം അഞ്ചായി. ബിജെപി നേതാവ് കപില്‍ മിശ്രയുടെ പ്രകോപന പ്രസംഗമാണ് മുസ്ലീങ്ങളെ ലക്ഷ്യമിട്ടുള്ള ആക്രമണത്തിന് തുടക്കമിട്ടത്. കപില്‍ മിശ്രയ്‌ക്കെതിരെ ജാമിയ കോ ഓര്‍ഡിനേഷന്‍ കമ്മിറ്റി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. മിശ്രയെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടാണ് പരാതി.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

വടക്ക് കിഴക്കന്‍ ഡല്‍ഹിയില്‍ പത്തിടങ്ങളില്‍ നിരോധനാജ്ഞ തുടരുകയാണ്. പ്രതിഷേധത്തിനിടെ പരുക്കേറ്റ പൊലീസ് ഹെഡ്‌കോണ്‍സ്റ്റബിളും, നാല് സമരക്കാരുമാണ് മരിച്ചത്. അമ്പതോളം പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ചിലരുടെ നില ഗുരുതരമാണ്. സംഘര്‍ഷത്തെ തുടര്‍ന്ന് സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

വടക്കുകിഴക്കന്‍ ഡല്‍ഹിയിലെ ജാഫ്രാബാദ്, മോജ്പുര്‍, ഭജന്‍പുര, ചാന്ദ്ബാഗ്, ശാഹ്ദ്ര, കരാവല്‍ നഗര്‍, കബീര്‍ നഗര്‍, ദയാല്‍പുര്‍, ഖജൂരി ഖാസ് എന്നിവിടങ്ങളിലാണ് സംഘര്‍ഷമുണ്ടായത്. ജാഫ്രാബാദില്‍ സമാധാനപരമായി പ്രതിഷേധം നടത്തുകയായിരുന്ന സമരക്കാര്‍ക്കു നേരെ യാതൊരു പ്രകോപനവും കൂടാതെ ഒരു വിഭാഗം അക്രമം നടത്തുകയായിരുന്നുവെന്ന് ദ വയര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഒരു മാസമായി തങ്ങള്‍ സമാധാനപരമായി പ്രതിഷേധ സമരം നടത്തുകയായിരുന്നുവെന്നും, എന്നാല്‍ ഇപ്പോള്‍ യാതൊരു പ്രകോപനവുമില്ലാതെയാണ് അക്രമമുണ്ടായതെന്നും സംഭവത്തിന്റെ ദൃക്‌സാക്ഷികളിലൊരാള്‍ പറയുന്നു. ഞങ്ങള്‍ എന്ത് തെറ്റാണ് ചെയ്തത്. ഞങ്ങള്‍ ചെയ്യുന്നതില്‍ എന്തെങ്കിലും പ്രശ്‌നമുണ്ടെങ്കില്‍, അവര്‍ ഞങ്ങളോട് വന്ന് സംസാരിക്കാത്തതെന്താണ്. ഇതിന് പകരം ഞങ്ങള്‍ക്കു നേരെ കല്ലെറിയാനും, വെടിവെയ്ക്കാനും, ആര്‍എസ്എസില്‍ നിന്നുള്‍പ്പടെ ആളുകളെ അയക്കുകയാണ് അവര്‍. ബിജെപി നേതാവ് കപില്‍ മിശ്രയാണ് ഇതിനെല്ലാം കാരണക്കാരന്‍. പൊതുമുതലുള്‍പ്പടെ നശിപ്പിക്കപ്പെട്ടിരിക്കുന്നു, ഇതിന് കാരണം കപില്‍ മിശ്രയുടെ ആഹ്വാനമാണ്. ഈ നാശനഷ്ടങ്ങളുടെ നഷ്ടപരിഹാരം കപില്‍ മിശ്രയില്‍ നിന്ന് ഈടാക്കാന്‍ അരവിന്ദ് കേജ്‌രിവാള്‍ തയ്യാറാകുമോയെന്നും ഇവര്‍ ചോദിക്കുന്നു.

പൗരത്വ നിയമത്തെ അനുകൂലിക്കുന്നവര്‍ മുസ്ലീം പ്രതിഷേധക്കാരെയും മുസ്ലീം വീടുകളും തെരഞ്ഞുപിടിച്ച് ആക്രമിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഒരോരുത്തരുടെയും പേര് ചോദിച്ചുകൊണ്ടായിരുന്നു ക്രൂരമര്‍ദ്ദനം. വീടുകള്‍ക്കും വാഹനങ്ങള്‍ക്കും തീയിടുകയും, വ്യാപാര സ്ഥാപനങ്ങള്‍ അക്രമിക്കുകയും ചെയ്തിട്ടുണ്ട്. പൗരത്വ നിയമ അനുകൂലികള്‍ പൊലീസ് ബാരിക്കേഡുകള്‍ മറികടന്ന്, പെട്രേള്‍ ബോംബുകള്‍ എറിയുകയും, മുസ്ലീങ്ങളെ ആക്രമിക്കുകയും, പ്രതിഷേധക്കാരുടെ ടെന്റുകള്‍ തകര്‍ക്കുകയായിരുന്നുവെന്ന് സ്‌ക്രോളും റിപ്പോര്‍ട്ട് ചെയ്യുന്നു.

logo
The Cue
www.thecue.in