‘പന്ത് കൊണ്ടൊരു നേര്‍ച്ച’, പൗരത്വ ഭേദഗതിക്കെതിരെ പന്ത് തട്ടി പ്രതിഷേധം, കായിക പ്രേമികളെ ക്ഷണിച്ച് സംഘാടകര്‍
പൗരത്വ നിയമ ഭേദഗതിക്കെതിരെ വേറിട്ട പ്രതിഷേധം. കളക്ടീവ് ഫേസ് വണ്‍, സ്ട്രീറ്റ്‌സ് ഓഫ് കാലിക്കറ്റ്, ചലചിത്ര സിനിമാ രംഗത്തെ പ്രമുഖര്‍ എന്നിവര്‍ ചേര്‍ന്നാണ് പരിപാടി സംഘടിപ്പിക്കുന്നത്. പൗരത്വ നിയമ ഭേദഗതി, പൗരത്വ രജിസ്റ്റര്‍ എന്നിവയ്‌ക്കെതിരെയും ജെഎന്‍യു വിദ്യാര്‍ത്ഥികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു കൊണ്ടുമാണ് പരിപാടി സംഘടിപ്പിക്കുന്നത്.
‘ദ ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം
13ന് വൈകിട്ട് നാലു മുതല്‍ പന്ത്രണ്ടു വരെ കൊച്ചി മഹാരാജാസ് സ്റ്റേഡിയത്തിലാണ് സെവന്‍സ്, ഫൈവ്‌സ് ഫോര്‍മാറ്റില്‍ സൗഹൃദ മത്സരം നടക്കുക. മത്സരത്തില്‍ ഇഷ്ടതാരത്തിന്റെയോ, ഇഷ്ട ടീമിന്റെയോ ജേഴ്‌സി അണിഞ്ഞ് പങ്കെടുക്കാമെന്ന് സംഘാടകര്‍ അറിയിച്ചിട്ടുണ്ട്.
പന്ത് കൊണ്ടൊരു നേര്‍ച്ച എന്ന് പേരിട്ടിരിക്കുന്ന പ്രതിഷേധ പരിപാടിയില്‍ ഫുട്‌ബോള്‍ സൗഹൃദ മത്സരം കൂടാതെ, ഫാസിസത്തോടുള്ള പ്രതിഷേധ ഡ്രില്ലുകള്‍, സംഗീതവിരുന്ന് തുടങ്ങിയ വിവിധതരം പരിപാടികളുണ്ടാകും. സ്വതന്ത്ര ഇന്ത്യ ഭീകരമായ ഭരണകൂട അടിച്ചമര്‍ത്തലിലൂടെ കടന്നുപോകുന്ന ഈ അവസരത്തില്‍ ഫുട്‌ബോള്‍ എന്ന മാധ്യമം ഉപയോഗിച്ച് പ്രതിഷേധിക്കുകയാണ് പരിപാടിയുടെ ലക്ഷ്യമെന്നാണ് സംഘാടകര്‍ അറിയിച്ചത്.
നൂറോളം ടീമുകളാകും സൗഹൃദമത്സരത്തില്‍ പങ്കെടുക്കുക, ഫുട്‌ബോള്‍ പ്രേമികള്‍ക്ക് ടീമായോ അല്ലാതെയോ എത്താമെന്നും പരിപാടിയുടെ സംഘാടകര്‍ ദ ക്യൂവിനോട് പറഞ്ഞു. പ്രതിഷേധ പരിപാടിയില്‍ പങ്കെടുക്കാന്‍ കായിക പ്രേമികളെ ക്ഷണിച്ച് സംവിധായകന്‍ മുഹ്‌സിന്‍ പരാരി അടക്കമുള്ളവര്‍ രംഗത്തെത്തിയിട്ടുണ്ട്.