‘സ്വേച്ഛാധിപത്യത്തിന്റെ അങ്ങേയറ്റം, ഈ അപമാനം മറക്കില്ല, തിരിച്ചെത്തിയിരിക്കും’; പോലീസ് നടപടിക്കെതിരെ ചന്ദ്രശേഖര്‍ ആസാദ്
പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധ റാലിയില്‍ പങ്കെടുക്കാനെത്തിയ ചന്ദ്ര ശേഖര്‍ ആസാദിനെ ഹൈദരാബാദ് പോലീസ് കസ്റ്റഡിയിലെടുത്ത് ഡല്‍ഹിയിലെത്തിച്ചു. സ്വേച്ഛാധിപത്യത്തിന്റെ അങ്ങേയറ്റമെന്നായിരുന്നു പോലീസ് നടപടിയെ ചന്ദ്രശേഖര്‍ ആസാദ് വിശേഷിപ്പിച്ചത്. തന്റെ കൂടെയുണ്ടായിരുന്നവരെ പോലീസ് മര്‍ദിച്ചതായും ചന്ദ്രശേഖര്‍ ആസാദ് ട്വിറ്ററിലൂടെ അറിയിച്ചു.
ദ ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം
തെലങ്കാനയില്‍ സ്വേച്ഛാദിപത്യം അതിന്റെ ഉച്ചസ്ഥായിയില്‍ എത്തിയിരിക്കുന്നു, ആദ്യം അവര്‍ എന്റെ കൂടെയുണ്ടായിരുന്നവരെ ലാത്തികൊണ്ട് മര്‍ദിച്ചു, പിന്നീട് എന്നെ അറസ്റ്റ് ചെയ്തു. ഇപ്പോള്‍ ഡല്‍ഹിയിലേക്ക് തിരിച്ചയക്കുകയാണെന്നും ഇന്ന് പുലര്‍ച്ചെ പോസ്റ്റ് ചെയ്ത ട്വീറ്റില്‍ ചന്ദ്രശേഖര്‍ ആസാദ് പറയുന്നു. ഈ അപമാനം തങ്ങള്‍ ഒരിക്കലും മറക്കില്ലെന്നും, ഉടന്‍ തന്നെ മടങ്ങിയെത്തുമെന്നും തെലങ്കാന മുഖ്യമന്ത്രിയെ ടാഗ് ചെയ്തുകൊണ്ട് ചന്ദ്രശേഖര്‍ ആസാദ് പറഞ്ഞു.
ഞായറാഴ്ചയായിരുന്നു ചന്ദ്രശേഖര്‍ ആസാദിനെ ഹൈദരാബാദ് പോലീസ് കസ്റ്റഡിയിലെടുത്തത്. പൗരത്വ ഭേദഗതി നിയമത്തിനും പൗരത്വ രജിസ്റ്ററിനുമെതിരെ ഹൈദരാബാദില്‍ സംഘടിപ്പിക്കുന്ന പ്രതിഷേധ പരിപാടിക്ക് മുമ്പായായിരുന്നു നടപടി. പ്രതിഷേധത്തിന് ജില്ലാ ഭരണകൂടത്തിന്റെ അനുമതിയില്ലെന്നും, പരിപാടിയുമായി മുമ്പോട്ട് പോകാതിരിക്കാനാണ് കസ്റ്റഡിയെന്നും ഹൈദരാബാദ് പോലീസ് അറിയിച്ചിരുന്നു. തുടര്‍ന്ന് ഇന്ന് പുലര്‍ച്ചെയാണ് ചന്ദ്രശേഖര്‍ ആസാദിനെ വിമാനമാര്‍ഗം ഡല്‍ഹിയിലെത്തിച്ചത്.