സംസ്ഥാന സര്‍ക്കാരിന്റെ ഒടിടി പ്ലാറ്റ് ഫോം കേരളപ്പിറവിക്ക് യാഥാര്‍ത്ഥ്യമാവുമെന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍. സാംസ്‌കാരിക വകുപ്പ് ഒരുക്കുന്ന ഒടിടി പ്ലാറ്റ്‌ഫോം സി സ്‌പേസ് എന്ന പേരിലാകും അറിയപ്പെടുക.
തിയേറ്റര്‍ റിലീസിന് ശേഷമാകും സിനിമകള്‍ ഒ.ടി.ടിയിലേക്ക് എത്തുക. അതുകൊണ്ട് തന്നെ ഈ സംവിധാനം കാരണം സംസ്ഥാനത്തെ തിയേറ്റര്‍ വരുമാനത്തിന് നഷ്ടം സംഭവിക്കുകയില്ല. മാത്രമല്ല, ഓരോ നിര്‍മാതാവിനും എക്കാലവും ഇതിന്മേലുള്ള വരുമാനത്തിന്റെ ഒരു ഭാഗം ലഭിക്കുമെന്നും മന്ത്രി അറിയിച്ചു.
സര്‍ക്കാരിന്റെ കീഴില്‍ സിനിമാസ്വാദനത്തിനായി സംവിധാനമൊരുക്കുന്ന ആദ്യ സംസ്ഥാനമാകും കേരളം. ഹ്രസ്വ ചിത്രങ്ങള്‍, ഡോക്യുമെന്ററികള്‍ തുടങ്ങിയവയും ഇതിലൂടെ കാണുവാനുള്ള സംവിധാനവും ഒരുക്കുന്നുണ്ട്.
കലാമൂല്യമുള്ളതും സംസ്ഥാന ദേശീയ അന്തര്‍ദേശീയ പുരസ്‌കാരം നേടിയതുമായ ചിത്രങ്ങള്‍ ഒടിടിയില്‍ പ്രദര്‍ശിപ്പിക്കുന്നതിന് മുന്‍ഗണന നല്‍കും. ഒടിടി പ്ലാറ്റ്‌ഫോമിലേക്ക് സിനിമകള്‍ രജിസ്റ്റര്‍ ചെയ്യാനുള്ള സൗകര്യം 2022 ജൂണ്‍ ഒന്ന് മുതല്‍ കെഎസ്എഫ്ഡിസി ഹെഡ് ഓഫീസിലും ചിത്രാഞ്ജലി സ്റ്റുഡിയോയിലും ഉണ്ടായിരിക്കുമെന്നും മന്ത്രി അറിയിച്ചു.