സ്പിന്‍ ഇതിഹാസം മുത്തയ്യാ മുരളീധരന്‍ കര്‍ണാടകയില്‍ വന്‍ നിക്ഷേപം നടത്തും; വരുന്നത് 1400 കോടിയുടെ സംരംഭം

Muttiah Muralitharan
Muttiah Muralitharan
Published on

ശ്രീലങ്കന്‍ സ്പിന്‍ ഇതിഹാസം മുത്തയ്യ മുരളീധരന്‍ വന്‍ വ്യവസായ സംരംഭവുമായി ഇന്ത്യയിലേക്ക്. താരത്തിന്റെ മുത്തയ്യ ബിവറേജസ് ആന്‍ഡ് കണ്‍ഫെക്ഷണറീസ് എന്ന സ്ഥാപനത്തിന്റെ വിപുലീകരണമാണ് ലക്ഷ്യം. കമ്പനി കര്‍ണാടകയില്‍ ശീതള പാനീയ നിര്‍മാണ കേന്ദ്രവും കണ്‍ഫെക്ഷണറി യൂണിറ്റുമാണ് സ്ഥാപിക്കാനൊരുങ്ങുന്നത്. ചാമരാജ് നഗര്‍ ജില്ലയിലെ ബദനഗുപ്പെയില്‍ ഫാക്ടറി സ്ഥാപിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. കര്‍ണാടക വ്യവസായ മന്ത്രി എം.ബി.പാട്ടീലുമായി നടത്തിയ ചര്‍ച്ചയില്‍ ഇക്കാര്യത്തില്‍ ധാരണയായി.

മുത്തയ്യ ബിവറേജസ് എന്ന ബ്രാന്‍ഡില്‍ തന്നെയായിരിക്കും മാര്‍ക്കറ്റിംഗ്. 2025 ജനുവരിയില്‍ പ്ലാന്റിന്റെ നിര്‍മാണം ആരംഭിക്കും. 230 കോടി രൂപയായിരിക്കും നിക്ഷേപിക്കുകയെന്നായിരുന്നു ആദ്യ ഘട്ടത്തില്‍ അറിയിച്ചിരുന്നത്. ചര്‍ച്ചകളില്‍ ഇത് 1000 കോടി രൂപയായി വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. പിന്നീട് ഇത് 1400 കോടിയായി ഉയര്‍ത്തും. പ്ലാന്റ് നിര്‍മിക്കുന്നതിനായി 46 ഏക്കര്‍ സ്ഥലം അനുവദിച്ചതായി മന്ത്രി അറിയിച്ചു. സ്ഥലവുമായി ബന്ധപ്പെട്ട് ഉടലെടുത്ത ചെറിയ ചില പ്രശ്‌നങ്ങള്‍ ഒഴിവാക്കുന്നതിനായി ഉദ്യോഗസ്ഥ സംഘത്തെ നിയോഗിച്ചിട്ടുണ്ട്.

ധര്‍വാദില്‍ ബിവറേജസ് ക്യാനുകള്‍ നിര്‍മിക്കാനുള്ള യൂണിറ്റ് സ്ഥാപിക്കുമെന്നും മുത്തയ്യാ മുരളീധരന്‍ ചര്‍ച്ചയില്‍ വ്യക്തമാക്കി. ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ വീഴ്ത്തിയ താരമെന്ന റെക്കോര്‍ഡ് സ്വന്തമായുള്ള മുത്തയ്യാ മുരളീധരന്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ച ശേഷം ശീതള പാനീയ വ്യവസായ രംഗത്ത് സജീവമാകുകയായിരുന്നു. ശ്രീലങ്കയിലെ മുന്‍നിര പാനീയ കമ്പനികളിലൊന്നാണ് മുത്തയ്യാ ബിവറേജസ്.

Related Stories

No stories found.
logo
The Cue
www.thecue.in