ഐഫോണ്‍ നിര്‍മാതാക്കളായ ഫോക്‌സ്‌കോണ്‍ വിവാഹിതരായ സ്ത്രീകളെ ജോലിക്കെടുക്കുന്നില്ലെന്ന് ആരോപണം. തമിഴ്‌നാട്ടിലെ ഫാക്ടറിയില്‍ റോയിട്ടേഴ്‌സ് നടത്തിയ അന്വേഷണത്തിലാണ് ഈ വിവരം പുറത്തായത്. വിവാഹിതരായ സ്ത്രീകള്‍ക്ക് മറ്റ് ഉത്തരവാദിത്തങ്ങള്‍ കൂടുതലാണെന്നും കുടുംബം, ഗര്‍ഭധാരണം തുടങ്ങിയ റിസ്‌ക് ഫാക്ടറുകള്‍ ഉള്ളതിനാല്‍ അത്തരക്കാരെ ജോലിയില്‍ എടുക്കുന്നത് ബുദ്ധിമുട്ടാണെന്നായിരുന്നു വാര്‍ത്ത. കമ്പനിയിലെ മുന്‍ എച്ച്ആര്‍ ഉദ്യോഗസ്ഥനെ ഉദ്ധരിച്ചുകൊണ്ടായിരുന്നു റിപ്പോര്‍ട്ട്. ഫോക്‌സ്‌കോണ്‍ ഇന്ത്യ ആപ്പിള്‍ ഐഫോണ്‍ പ്ലാന്റില്‍ വിവാഹിതരായ സ്ത്രീകള്‍ക്ക് ജോലി നിഷേധിക്കപ്പെടുന്നതായി വാര്‍ത്തകള്‍ പ്രത്യക്ഷപ്പെട്ടതിനെത്തുടര്‍ന്ന് കേന്ദ്ര തൊഴില്‍ മന്ത്രാലയം തമിഴ്‌നാട് സര്‍ക്കാരിനോട് റിപ്പോര്‍ട്ട് തേടിയിരുന്നു.
അതേസമയം വാര്‍ത്തകള്‍ നിഷേധിച്ച് ഫോക്‌സ്‌കോണ്‍ രംഗത്തെത്തിയിട്ടുണ്ട്. തങ്ങളുടെ പുതിയ ജീവനക്കാരില്‍ 25 ശതമാനവും വിവാഹിതരായ സ്ത്രീകളാണെന്നും മൊത്തം ജീവനക്കാരില്‍ 70 ശതമാനവും സ്ത്രീകളാണെന്നും കമ്പനി വ്യക്തമാക്കി. സര്‍ക്കാരിന് നല്‍കിയ വിശദീകരണത്തിലാണ് വാര്‍ത്തകള്‍ ഫോക്‌സ്‌കോണ്‍ നിഷേധിച്ചത്. ജീവനക്കാര്‍ ലോഹം അടങ്ങിയ ആഭരണങ്ങള്‍ ധരിക്കുന്നത് ഒഴിവാക്കണമെന്ന പ്രോട്ടോക്കോള്‍ നിലവിലുണ്ട്. ആഭരണങ്ങള്‍ ധരിക്കുന്നതിനാല്‍ ഹിന്ദു സ്ത്രീകളോട് കമ്പനി വിവേചനം കാണിക്കുകയാണെന്ന വിധത്തില്‍ ചര്‍ച്ചകളുണ്ടായിരുന്നു. ഇത്തരം ആരോപണങ്ങളെയും കമ്പനി തള്ളി. ജീവനക്കാര്‍, സ്ത്രീകളായാലും പുരുഷന്‍മാരായാലും ലോഹം ധരിക്കുന്നത് ഒഴിവാക്കണമെന്നത് സുരക്ഷാ പ്രോട്ടോക്കോളാണ്.
ഇത്തരം ഫാക്ടറികളില്‍ ജീവനക്കാര്‍ ലോഹം ധരിക്കുന്നത് സുരക്ഷാ പ്രശ്‌നങ്ങളുണ്ടാക്കുമെന്നത് സര്‍ക്കാരുകള്‍ക്കും ഈ ഇന്‍ഡസ്ട്രിയില്‍ ഉള്ളവര്‍ക്കും അറിയാം. ഫാക്ടറിയില്‍ പ്രവേശിക്കുമ്പോള്‍ സ്ത്രീകളോ പുരുഷന്‍മാരോ അവര്‍ വിവാഹിതരായാലും അവിവാഹിതരായാലും ജാതി മത ഭേദമെന്യേ ലോഹ ആഭരണങ്ങള്‍ ഒഴിവാക്കേണ്ടത് അത്യാവശ്യമാണെന്നും കമ്പനി വ്യക്തമാക്കി. ഫോക്‌സ്‌കോണില്‍ ജോലി തേടിയിട്ടും ലഭിക്കാത്തവരോ ഇപ്പോള്‍ അവിടെ ജോലിയില്‍ ഇല്ലാത്തവരോ ആണ് ആരോപണങ്ങള്‍ക്ക് പിന്നിലെന്നും കമ്പനി വൃത്തങ്ങള്‍ പറഞ്ഞു.
സ്ത്രീകള്‍ക്ക് ഏറ്റവും കൂടുതല്‍ ജോലി നല്‍കുന്ന രാജ്യത്തെ ഏറ്റവും വലിയ ഫാക്ടറിയാണ് ഫോക്‌സ്‌കോണിന്റേതെന്നും കമ്പനി വിശദീകരിച്ചു. ജീവനക്കാരില്‍ മൂന്നിലൊന്ന് പേരും വിവാഹിതരായ സ്ത്രീകളാണ്. ആകെ 45,000 തൊഴിലവസരങ്ങള്‍ സൃഷ്ടിച്ച കമ്പനിയാണ് തങ്ങളുടേത്. ഒരു തരത്തിലുള്ള വിവേചനങ്ങളുമില്ലാതെയാണ് ജീവനക്കാരെ നിയമിക്കുന്നത്. ലിംഗ വര്‍ണ്ണ ഭേദമില്ലാതെ എല്ലാ വിഭാഗങ്ങളില്‍ നിന്നും നിയമനം നടത്താറുണ്ടെന്നും കമ്പനി വ്യക്തമാക്കി. തമിഴ്‌നാട്ടില്‍ 2017ല്‍ പ്രവര്‍ത്തനമാരംഭിച്ച ഫാക്ടറിയില്‍ 2023 മുതലാണ് ഐഫോണ്‍ നിര്‍മിക്കാന്‍ ആരംഭിച്ചത്.