ഫോണ്‍വിളിക്കുമ്പോള്‍ കേള്‍ക്കുന്ന കൊവിഡ് ബോധവല്‍ക്കരണ സന്ദേശങ്ങള്‍ നിര്‍ത്താന്‍ ബിഎസ്എന്‍എല്‍ തീരുമാനം. മഴക്കെടുതി പോലുള്ള ദുരന്ത സാഹചര്യങ്ങളില്‍ പ്രയാസമുണ്ടാക്കുന്നതായി വ്യാപകമായി പരാതി ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് നടപടി.
മഴക്കെടുതി പോലുള്ള സാഹചര്യങ്ങളില്‍ അത്യാവശ്യ കാര്യങ്ങള്‍ക്ക് വിളിക്കുമ്പോള്‍ മിനിറ്റുകള്‍ നീണ്ട സന്ദേശം സമയം നഷ്ടപ്പെടുത്തുന്നു എന്ന് ആക്ഷേപമുണ്ടായിരുന്നു. ആംബുലന്‍സിനായി വിളിക്കുമ്പോള്‍ പോലും ഇത് കേള്‍ക്കേണ്ടി വരുന്നതിനെതിരെയും പരാതി ഉയര്‍ന്നിരുന്നു. നടന്‍ ഷെയിന്‍ നിഗം ഉള്‍പ്പടെ ഈ സന്ദേശം കേള്‍പ്പിക്കുന്നത് താല്‍കാലികമായി ഒഴിവാക്കണമെന്ന ആവശ്യവുമായി രംഗത്തെത്തിയിരുന്നു.
കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കേന്ദ്രനിര്‍ദേശപ്രകാരമായിരുന്നു ടെലകോം കമ്പനികള്‍ ഫോണ്‍കോളുകള്‍ക്ക് മുന്‍പ് ബോധവല്‍ക്കരണ സന്ദേശം ഏര്‍പ്പെടുത്തിയത്. കേന്ദ്രത്തില്‍ നിന്ന് പ്രത്യേക അനുമതി വാങ്ങിയാണ് ബിഎസ്എന്‍എല്‍ സന്ദേശം നിര്‍ത്തലാക്കിയിരിക്കുന്നത്.