ഹിന്ദി: എല്ലാ ഭാഷകളും തുല്യം; അമിത്ഷായെ തള്ളി യെഡിയൂരപ്പ
രാജ്യത്തെ മുഖ്യഭാഷ ഹിന്ദിയാക്കണമെന്ന ആഭ്യന്തരമന്ത്രി അമിത് ഷായുടെ അഭിപ്രായത്തെ തള്ളി കര്‍ണാടക മുഖ്യമന്ത്രി ബി എസ് യെഡിയൂരപ്പ. രാജ്യത്തെ എല്ലാ ഭാഷകളും തുല്യമാണെന്നും കര്‍ണാടകയ്ക്ക് കന്നഡയാണ് മുഖ്യം. ഭാഷയുടെ കാര്യത്തില്‍ വിട്ടുവീഴ്ചയ്ക്കില്ലെന്നും യെഡിയൂരപ്പ വ്യക്തമാക്കി.
ഒരു രാജ്യം, ഒരു ഭാഷ എന്ന മുദ്രാവാക്യം അമിത് ഷാ കഴിഞ്ഞ ദിവസം ഉയര്‍ത്തിയപ്പോള്‍ കേരള മുഖ്യമന്ത്രി പിണറായി വിജയനുള്‍പ്പെടെ വിമര്‍ശിച്ച രംഗത്തെത്തിയിരുന്നു. മാതൃഭാഷയ്‌ക്കൊപ്പം ഹിന്ദി ഉപയോഗിക്കുന്നത് വര്‍ധിപ്പിക്കണമെന്ന് ഹിന്ദി ദിവസില്‍ അമിത് ഷാ ട്വീറ്റ് ചെയ്യുകയായിരുന്നു.
വൈവിധ്യങ്ങളെ ഇല്ലാതാക്കാനാണ് ബിജെപിയുടെ ശ്രമമെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി കുറ്റപ്പെടുത്തിയിരുന്നു. ഭാഷാസമരം ആരംഭിക്കുമെന്ന് ഡിഎംകെ നേതാവ് എം കെ സ്‌റാറാലിനും പ്രഖ്യാപിച്ചിരുന്നു. ഭരണഘടന അനുവദിച്ച ഭാഷാ സ്വാതന്ത്ര്യം ഇല്ലാതാക്കാന്‍ അമിത് ഷായ്ക്ക് കഴിയില്ലെന്നായിരുന്നു നടന്‍ കമലഹാസന്റെ പ്രതികരണം. ഹിന്ദി അടിച്ചേല്‍പ്പിക്കാന്‍ ശ്രമിച്ചാല്‍ വലിയ സമരങ്ങള്‍ കാണേണ്ടി വരുമെന്നും അത് രാജ്യത്തിനും തമിഴ്‌നാടിനും ഗുണകരമാവില്ലെന്നും കമലഹാസന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.