സംസ്ഥാന ബജറ്റില്‍ എം.പി.വീരേന്ദ്രകുമാറിന് സ്മാരകം പണിയാന്‍ അഞ്ച് കോടി രൂപ അനുവദിച്ചതിനെതിരെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ബിആര്‍പി ഭാസ്‌കര്‍. സമയത്ത് ശമ്പളവും പെന്‍ഷനും കൊടുക്കാന്‍ ബുദ്ധിമുട്ടുന്ന കേരള സര്‍ക്കാര്‍, എന്ത് സംഭാവന പരിഗണിച്ചാണ് അദ്ദേഹത്തിന് സ്മാരകം പണിയാന്‍ അഞ്ചുകോടി രൂപ അനുവദിച്ചതെന്ന് ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ ബിആര്‍പി ഭാസ്‌കര്‍ ചോദിക്കുന്നു.
'രണ്ട് പ്രമുഖ വാരികകളുടെ പത്രാധിപരെന്ന നിലയില്‍ മികച്ച സംഭാവന നല്‍കിയ എസ്.ജയചന്ദ്രന്‍ നായര്‍ക്ക് അര്‍ഹതപ്പെട്ട ചെറിയ പെന്‍ഷന്‍ നല്‍കാന്‍ തയ്യാറല്ലാത്ത പിണറായി വിജയന്‍ വീരേന്ദ്രകുമാര്‍ എന്ന മാധ്യമ ഉടമയുടെ ഓര്‍മ്മ നിലനിര്‍ത്താന്‍ ഇത്രമാത്രം നികുതിപ്പണം ചെ ലവിടാന്‍ തയ്യാറാകുന്നതില്‍ അസ്വാഭാകിതയുണ്ട്. എഴുത്തുകാരനെന്ന നിലയിലുള്ള വീരേന്ദ്രകുമാറിന്റെ സംഭാവന നിസ്തുലമാണ്. രാഷ്ട്രീയം, സാമ്പത്തികം, സാഹിത്യം എന്നിങ്ങനെ വിവിധ വിഷയങ്ങളില്‍ അദ്ദേഹം പുസ്തകങ്ങളെഴുതി. ഒരു പുരാണ കഥാപാത്രം രണ്ട് കൈകള്‍ കൊണ്ടും അമ്പെയ്തതായി പറയപ്പെടുന്നു. അതുപോലെ വീരേന്ദ്രകുമാറിനെ വേണമെങ്കില്‍ രണ്ടിലധികം കൈകള്‍ കൊണ്ട് പുസ്തകമെഴുതിയയാള്‍ എന്ന് വിശേഷിപ്പിക്കാം. പക്ഷെ അതിനെയും നികുതിപ്പണം കൊണ്ട് ആദരിക്കേണ്ട ഒന്നായി കാണാനാകില്ല', അദ്ദേഹം കുറിച്ചു.
ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
'നാടിനും നാട്ടാര്‍ക്കും എം.പി.വീരേന്ദ്രകുമാര്‍ നല്‍കിയ എന്ത് സംഭാവന പരിഗണിച്ചാണ് സമയത്ത് ശമ്പളവും പെന്‍ഷനും കൊടുക്കാന്‍ ബുദ്ധിമുട്ടുന്ന കേരളസര്‍ക്കാര്‍ അദ്ദേഹത്തിന് സ്മാരകം പണിയാന്‍ അഞ്ചു കോടി രൂപ അനുവദിച്ചത്?
പത്രമുതലാളി, എസ്റ്റേറ്റ് ഉടമ, നിയമ സഭാംഗം, പാര്‍ലമെന്റ് അംഗം, സംസ്ഥാനമന്ത്രി, കേന്ദ്ര സഹ മന്ത്രി, എഴുത്തുകാരന്‍ എന്നിങ്ങനെ വിവിധ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുള്ളയാളാണ് വീരേന്ദ്ര കുമാര്‍ എന്നറിയാതെയല്ല ഈ ചോദ്യം ഉന്നയിക്കുന്നത്.
സാധാരണയായി ജാതിമത നേതാക്കളെ പ്രീണിപ്പിക്കാനാണ് മുന്നണിസര്‍ക്കാരുകള്‍ ഇത്തരം ദാന കര്‍മ്മങ്ങള്‍ നടത്തുക. പിണറായി സര്‍ക്കാര്‍ വെള്ളാപ്പള്ളി നടേശന്റെ അമ്പലത്തിനു നല്‍കിയ ദാനം ഉദാഹരണം. വീരാര്‍ച്ചനയെ ആ കൂട്ടത്തില്‍ പെടുത്താനാവില്ല. അദ്ദേഹം ജൈനനാ യിരുന്നു. ആ സമുദായത്തിന് കേരളത്തില്‍ ഒരു വോട്ട് ബാങ്കില്ല.
വീരേന്ദ്രകുമാറിന് കേരള സമൂഹത്തില്‍ ഉന്നതസ്ഥാനം നേടിക്കൊടുത്തത് അദ്ദേഹത്തിന്റെ പ്രബല മാധ്യമ ബന്ധമാണ്. പക്ഷെ പിണറായി വിജയന്‍ മാധ്യമങ്ങള്‍ക്ക് പൊതുവെയും, വീരന്‍ നയിച്ച മാതൃഭൂമിക്ക് പ്രത്യേകിച്ചും, വലിയ വില കല്‍പ്പിച്ചിരുന്നില്ല. മാതൃഭുമിയോടുള്ള അദ്ദേഹത്തിന്റെ സമീപനം ഒരു പൊതുവേദിയില്‍ നിന്നുകൊണ്ട് അതിന്റെ പത്രാധിപരുടെ പേര് വിളിച്ച് നടത്തിയ പ്രഖ്യാപനത്തില്‍ കൂടി നാം അറിഞ്ഞതാണ്.
രണ്ട് പ്രമുഖ വാരികകളുടെ പത്രാധിപരെന്ന നിലയില്‍ മികച്ച സംഭാവന നല്‍കിയ എസ്. ജയചന്ദ്രന്‍ നായര്‍ക്ക് അര്‍ഹതപ്പെട്ട ചെറിയ പെന്‍ഷന്‍ നല്‍കാന്‍ തയ്യാറല്ലാത്ത പിണറായി വിജയന്‍ വീരേന്ദ്രകുമാര്‍ എന്ന മാധ്യമ ഉടമയുടെ ഓര്‍മ്മ നിലനിര്‍ത്താന്‍ ഇത്രമാത്രം നികുതിപ്പണം ചെ ലവിടാന്‍ തയ്യാറാകുന്നതില്‍ അസ്വാഭാകിതയുണ്ട്.
എഴുത്തുകാരനെന്ന നിലയിലുള്ള വീരേന്ദ്രകുമാറിന്റെ സംഭാവന നിസ്തുലമാണ്. രാഷ്ട്രീയം, സാമ്പത്തികം, സാഹിത്യം എന്നിങ്ങനെ വിവിധ വിഷയങ്ങളില്‍ അദ്ദേഹം പുസ്തകങ്ങളെഴുതി. ഒരു പുരാണ കഥാപാത്രം രണ്ട് കൈകള്‍ കൊണ്ടും അമ്പെയ്തതായി പറയപ്പെടുന്നു. അതുപോലെ വീരേന്ദ്രകുമാറിനെ വേണമെങ്കില്‍ രണ്ടിലധികം കൈകള്‍ കൊണ്ട് പുസ്തകമെഴുതിയായാള്‍ എന്ന് വിശേഷിപ്പിക്കാം. പക്ഷെ അതി നെയും നികുതിപ്പണം കൊണ്ട് ആദരിക്കേണ്ട ഒന്നായി കാണാനാകില്ല.
ഒരു ദേശീയ പാര്‍ട്ടിയുടെ കൊച്ചു കഷ്ണം വെച്ചുകൊണ്ട് നടത്തിയ കളികള്‍ വീരേന്ദ്രകുമാറിന് ഒരിക്കല്‍ സംസ്ഥാന മന്ത്രിസഭയിലും മറ്റൊരിക്കല്‍ കേന്ദ്ര മന്ത്രിസഭയിലും ഇടം നേടിക്കൊടുത്തു. സംസ്ഥാന മന്ത്രിയെന്ന നിലയില്‍ 24 മണിക്കൂര്‍ പോലും അദ്ദേഹത്തിന് പ്രവര്‍ത്തിക്കാനായില്ലെന്നാണ് ഓര്‍മ്മ. അപ്പോള്‍ ആ നിലയില്‍ നടത്തിയ എന്തെങ്കിലും പ്രവര്‍ത്തനമാണ് പ്രത്യേക പരിഗണനയ്ക്ക് അര്‍ഹനാക്കിയതെന്ന് കരുതാനാവില്ല.
കേന്ദ്രത്തിലെ മന്ത്രിസ്ഥാനം കൂടുതല്‍ നീണ്ടതായിരുന്നു. എം.ഡി. നാലപ്പാട് ടൈംസ് ഓഫ് ഇന്ത്യ ഗ്രൂപ്പിന് വിറ്റ മാതൃഭൂമി ഓഹരികളെല്ലാം അദ്ദേഹത്തിന്റെ മകന്‍ എം.വി.ശ്രേയംസ് കുമാറിന്റെ കൈകളില്‍ എത്തിയത് അക്കാലത്താണ്.
വീര സ്മരണ നിലനിര്‍ത്താനുള്ള പിണറായി വിജയന്റെ സംഭാവന അവസാന കാലത്ത് പാര്‍ട്ടിക്കഷ്ണവുമായി എല്‍.ഡി.എഫില്‍ എത്തിയതിലുള്ള നന്ദി പ്രകടനമാണ്. രാഷ്ട്രീയ കണക്കുതീര്‍പ്പുകളില്‍ കൃത്യത പാലിക്കുന്ന പിണറായി ജോസ് കെ.മാണിക്കും നന്ദി രേഖപ്പെടുത്തിയിട്ടുണ്ടല്ലോ.
വീരേന്ദകുമാറിന്റെ അച്ഛന്‍ പത്മപ്രഭാ ഗൗണ്ടറും പത്ര ഉടമയും എസ്റ്റേറ്റ് ഉടമയും ജനപ്രതിനിധിയുമായിരുന്നു. അദ്ദേഹത്തിന്റെ ഓര്‍മ്മ നിലനിര്‍ത്താന്‍ മകന്‍ സര്‍ക്കാര്‍ സഹായം കൂടാതെ ഒരു വലിയ സാഹിത്യ പുരസ്‌കാരം ഏര്‍പ്പെടുത്തി. ആ മാതൃക പിന്തുടരാന്‍ ശ്രേയംസ് കുമാറിന് കഴിയേണ്ടതായിരുന്നു.'
ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം